Thursday, January 20

മാവോയിസ്റ്റ് നേതാവ് ഡാനിഷിന്റെ നില ഗുരുതരം; കണ്ണൂർ ജയിലിൽ മർദ്ദനത്തിനിരയായതായി പരാതി

മാവോയിസ്റ്റ് നേതാവ് ഡാനിഷിന് കണ്ണൂർ ജയിലിൽ മർദ്ദനമേറ്റതായി പരാതി. കണ്ണൂർ ജയിൽ വാർഡിന് രാജുവാണ് ഡാനിഷിനെ അകാരണമായി മർദ്ദിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. തനിക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ ലഭിക്കാത്തതിനാൽ ഡാനിഷ് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ണൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരം നടത്തി വരികയായിരുന്നു. ഡാനിഷിന് വേണ്ട വസ്ത്രങ്ങൾ പുറത്ത് നിന്ന് ജയിലിൽ എത്തിച്ചെങ്കിലും അവ നൽകാൻ ജയിൽ അധികൃതർ തയ്യാറായില്ലെന്നും ഡാനിഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു. ശാരീരികമായ അവശതകളെത്തുടർന്ന് ഡാനിഷിനെ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിരാഹാര സമരത്തെ തുടർന്ന് അത് പരിഹരിക്കുന്നതിന് പകരം തീർത്തും വ്യാജമായ പുതിയ അഞ്ച് കേസുകൾ ചുമത്തി അദ്ദേഹത്തെ പാലക്കാട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അവിടെയും നിരാഹാരം തുടർന്ന അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നിയമം പരസ്യമായി വെല്ലുവിളിച്ച് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ഇത്തരം നടപടികളെ പ്രതിരോധിക്കേണ്ടത് അടിയന്തിര ആവശ്യമാണന്നും തന്നെയും തന്റെ കുടുംബത്തേയും വേട്ടയാടുന്ന നടപടികള്‍ക്കെതിരെ ഡാനിഷ് നടത്തുന്ന നിരാഹാര സമരം ന്യായവും അവകാശ നിഷേധത്തിനെതിരായ പ്രതിരോധവുമാണെന്നും ഡാനിഷിനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ജയിൽ വാർഡൻ രാജുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ജയിലിനകത്ത് നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷണം നടത്താനും സർക്കാർ തയ്യാറാവണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.

Spread the love
Read Also  പ്രൊഫസർ ജി. എൻ. സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ പങ്കാളി വസന്തകുമാരി സംസാരിക്കുന്നു; വീഡിയോ

Leave a Reply