Sunday, January 16

മേജര്‍ ഗൊഗോയ്: അന്ന് പട്ടാളജീപ്പില്‍ യുവാവിനെ കെട്ടിവച്ച് താരമായി; ഇന്ന് സ്ത്രീവിഷയത്തില്‍ അകത്ത്

ജമ്മൂകാശ്മീരിലെ ശ്രീനഗറിലുള്ള ഒരു ഹോട്ടലില്‍ വച്ച് തദ്ദേശവാസിയായ സ്ത്രീയോടൊപ്പം പോലീസ് പിടികൂടിയ കരസേന മേജര്‍ ലീതുല്‍ ഗൊഗോയിയെ സൈനീക കോടതി കുറ്റക്കാരനായി കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലില്‍ കാശ്മീരി യുവാവിനെ പട്ടാള ജീപ്പിന് മുന്നില്‍ കെട്ടിവെച്ച് മനുഷ്യകവചം തീര്‍ത്ത് നാടുനീളെ പ്രദക്ഷിണം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ ഉദ്യോഗസ്ഥനാണ് മേജര്‍ ഗൊഗോയ്. സൈനീക നിയമങ്ങള്‍ ഗൊഗോയ് തെറ്റിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പട്ടാള കോടതി അദ്ദേഹത്തിന് കടുത്ത ശിക്ഷ വിധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്രീനഗര്‍ ആസ്ഥാനമായുള്ള കരസേനയുടെ 14-ാം കോര്‍പ്പിസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ ഗൊഗോയിയെ ഹാജരാക്കുമെന്നും സൈനീക ചട്ടത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നും ചില സൈനീക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സംഘര്‍ഷ മേഖലകളില്‍ തദ്ദേശീയരായ സ്ത്രീകളോട് ബന്ധം പുലര്‍ത്തരുതെന്ന സൈനീക നിയമം ഗൊഗോയ് ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതോടൊപ്പം ചുമതലയുണ്ടായിരുന്ന സ്ഥലത്തുനിന്നും മാറി നിന്നുകൊണ്ട് അടിസ്ഥാന നടപടിക്രമങ്ങളുടെ ലംഘനം ഗൊഗോയ് നടത്തിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. മേയ് 23ന് 18 വയസുള്ള ഒരു പെണ്‍കുട്ടിയോടൊപ്പം ശ്രീനഗറിലെ ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഗൊഗോയിയെ അവിടെ വച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗൊഗോയ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് മാതൃകാപരമായ ശിക്ഷ തന്നെ ലഭിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പല്‍ഗാമില്‍ വച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ സൈനീക അന്വേഷണത്തിന് കരസേന ഉത്തരവിടുകയായിരുന്നു. എന്നാല്‍, കേസിന്റെ നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കരസേന കോടതി നീങ്ങൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് പട്ടാള ജീപ്പിന് മുന്നില്‍ മനുഷ്യകവചമായി കാശ്മീരി യുവാവിനെ കെട്ടിവച്ച് പ്രദക്ഷിണം നടത്തിയതിന് കരസേന മേധാവി റാവത്ത് ചെറുപ്പക്കാരനായ ഈ മേജര്‍ക്ക് പ്രശംസ പത്രം നല്‍കി അനുമോദിച്ചിരുന്നു.

Spread the love
Read Also  നയതന്ത്ര ചർച്ചകൾ പരാജയമായാൽ ചൈനക്കെതിരെ സൈനിക നടപടി ബിപിൻ റാവത്ത്