Saturday, January 29

‘ഗൃഹലക്ഷ്മിക്ക്’ പുറമെ അമേരിക്കന്‍ മോഡലും: പരസ്യമായ മുലയൂട്ടല്‍ പക്ഷെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല

പരസ്യമായ മുലയൂട്ടല്‍ ലോകമെമ്പാടും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുന്ന വിഷയമാണ്. പരമ്പരാഗതമായി പരസ്യമുലയൂട്ടലിനെതിരെയുള്ള വിലക്കുകള്‍ നീക്കം ചെയ്യുന്നതിന് പലരും ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ ഏതാനും മാസം മുമ്പ് ‘ഗൃഹലക്ഷ്മി’ ദ്വൈവാരിക അവരുടെ കവര്‍ ചിത്രമായി മുലയൂട്ടുന്ന പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് സ്‌പോര്‍ട്ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ ഫാഷന്‍ ഷോയില്‍ തന്റെ കുട്ടിക്ക് പരസ്യമായി മുലകൊടുത്തുകൊണ്ട് റാമ്പിലൂടെ നീങ്ങിയ സിം സ്യൂട്ട് മോഡല്‍ മാരാ മാര്‍ട്ടിന്റെ പ്രകടനമാണ്.
തന്റെ നാലുമാസം പ്രായമുള്ള മകളെ മുലയൂട്ടിക്കൊണ്ട് അവര്‍ പ്രത്യക്ഷപ്പെട്ടത് ലോകമെമ്പാടുമുള്ള സമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇവരുടെ പ്രകടനത്തിന്റെ വീഡിയോ മാസികയുടെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കൊടുത്തിരുന്നു. വലിയൊരു വിഭാഗം ഇവര്‍ക്ക് അനുകൂലമായി രംഗത്ത് വന്നപ്പോള്‍ മാരായെ എതിര്‍ത്തവരും കുറവല്ലായിരുന്നു. മുലകൊടുക്കുന്നത് രഹസ്യമായി ചെയ്യുന്നതാണ് അഭികാമ്യമെന്നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിമര്‍ശകരുടെ പ്രതികരണം.
മകള്‍ക്ക് റാമ്പില്‍ വച്ച് മുലകൊടുക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതാണെന്ന് എന്‍ബിസി ടെലിവിഷന്റെ ടുഡെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മാര്‍ട്ടിന്‍ പറഞ്ഞു. ഷോയുടെ സമയം നീളുകയും കുട്ടിക്ക് മുലകൊടുക്കേണ്ട സമയമാവുകയും ചെയ്തതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും അവര്‍ വിശദീകരിക്കുന്നു.തന്നെ പിന്തുണച്ചവര്‍ക്കെല്ലാം അവര്‍ നന്ദി പറയുകയും ചെയ്തു.
2017ല്‍ ഓസ്‌ട്രേലിയന്‍ എംപി ലാരിസ്സ വാട്ടേഴ്‌സ് പാര്‍ലമെന്റില്‍ പ്രമേയമവതരിപ്പിക്കുന്നതിനിടയില്‍ തന്റെ കുട്ടിക്ക് മുല കൊടുത്ത സംഭവവും ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

വീഡിയോ കാണാം:

https://youtu.be/xWi4Q2D36u8?t=2

 

ഓസ്‌ട്രേലിയന്‍ എംപി ലാരിസ്സ വാട്ടേഴ്‌സ് കുട്ടിക്ക് മുലകൊടുത്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുന്നു:

Spread the love

Leave a Reply