Friday, July 30

‘ചാരക്കേസ് ഗൂഡാലോചന’ ; മറിയം റഷീദയെ സി ഐ കടന്ന് പിടിക്കാൻ ശ്രമിച്ചതായി പരാതി

നിരപരാധികളായ ശാസ്ത്രജ്ഞർ നമ്പി നാരായണനെയും ശശികുമാറിനെയും പീഡിപ്പിച്ച വിവാദമായ ഐ.എസ്.ആർ.ഒ. ചാരക്കേസ് വീണ്ടും വാർത്തയിലേയ്ക്ക്.

കേസിൽ കൂട്ടുപ്രതികളാക്കിയ വനിതകളിലൊരാളായ മാലി സ്വദേശി മറിയം റഷീദയാണ് അന്നത്തെ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തു വന്നത്.

ഐ എസ് ആർ ഒ ഗൂഢാലോചന കേസിലെ ഒന്നാംപ്രതിയായ സ്മാർട്ട് വിജയൻ എന്ന എസ്.വിജയനെതിരേയാണ് ആരോപണവുമായി മറിയം റഷീദ രംഗത്ത് വന്നിരിക്കുന്നത്. അന്ന് സ്പെഷ്യൽ ബ്രാഞ്ച് സി.ഐ ആയിരുന്ന എസ്.വിജയൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും എതിർത്തതിനെ തുടർന്നാണ് ചാരക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്നും മറിയം റഷീദ പരാതിപ്പെടുന്നു. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മറിയം റഷീദയുടെ ആരോപണം. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മറിയം റഷീദ ഹർജി നൽകിയത്.

ചാരക്കേസിലെ ഗൂഢാലോചനയിൽ സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്ന് ചാരക്കേസിലെ പ്രതിയായിരുന്ന മറിയം റഷീദ ഹർജി നൽകിയത്. ഈ ഹർജിയിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറിയം റഷീദ വെളിപ്പെടുത്തിയത്.

ഉദ്ദേശിച്ച വിമാനത്തിൽ തനിക്ക് മാലദ്വീപിലേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ഹോട്ടലിൽ താമസിച്ചു. വിസ കാലാവധി നീട്ടിക്കിട്ടുന്നതിനായി കമ്മിഷണർ ഓഫീസിൽ പോയപ്പോഴാണ് എസ്.വിജയനെ കാണുന്നത്. രണ്ടു ദിവസം കഴിഞ്ഞ് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് ഒരു ദിവസം എസ്.വിജയൻ മുറിയിലെത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതയായ താൻ എസ്.വിജയനെ അടിക്കുകയും മുറിയിൽ നിന്ന് പുറത്തിറക്കി വിടുകയും ചെയ്തു. അതിനെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതെന്നാണ് ഹർജിയിൽ മറിയം റഷീദ പറയുന്നത്.

പ്രതിയാക്കപ്പെട്ട ഫൗസിയയോടൊപ്പം അറസ്റ്റ് ചെയ്തതിന് ശേഷം ഐ.ബി.ഉദ്യോഗസ്ഥർ തന്നെ അതിക്രൂരമായ രീതിയിൽ ചോദ്യം ചെയ്യലിന് വിധേയയാക്കി. കാൽ കസേര ഉപയോഗിച്ച് അടിച്ചുപൊട്ടിച്ചു. ഇത്തരത്തിൽ ക്രൂരമായ പീഡനങ്ങൾ കസ്റ്റഡിയിലിരിക്കേ നേരിടേണ്ടി വന്നിരുന്നുവെന്ന കാര്യവും മറിയം റഷീദ ഹർജിയിൽ പറയുന്നു.

ഫൗസിയയും നേരത്തെ കേരള പോലീസിനെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു

Spread the love
Read Also  ജമ്മു അതിർത്തിയിൽ നിന്നും ചാരവൃത്തിക്കായി ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന പ്രാവ് പിടിയിൽ