Thursday, January 20

ഹിന്ദുക്കളെ വിവാഹം കഴിക്കാന്‍ മുസ്ലീം വനിതകള്‍ക്ക് സ്വാധി പ്രാച്ചിയുടെ ഉപദേശം

മുത്തലാഖും ഹലാലയും ഒഴിവാക്കുന്നതിന് ഹിന്ദു പുരുഷന്മാരെ വിവാഹം ചെയ്യാന്‍ മുസ്ലീം സ്ത്രീകള്‍ക്ക് വിച്ച്പി നേതാവും ഹിന്ദുവര്‍ഗ്ഗീയ പടപ്പാട്ടുകളുടെ ഉസ്താദുമായ സ്വാധി പ്രാച്ചിയുടെ ഉപദേശം. യുപിയില്‍ കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ മുസ്ലീം പള്ളികളിലേയും ഉച്ചഭാഷിണികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2013ലെ മുസഫര്‍പൂര്‍ കലാപങ്ങള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ സ്വാധീ പ്രാച്ചിക്കെതിരെ നിലവിലുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള പ്രക്രിയ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതിന് ശേഷവും വിഭാഗീയ പ്രസ്താവനകളുമായി ഈ വനിത രംഗത്തെത്തുകയാണ്.

കന്‍വാര്‍ യാത്ര തീരുന്നതുവരെ സംസ്ഥാനത്തെ ഒരു മസ്ജിദിലും ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സാമൂഹ്യ തിന്മകളായ മുത്തലാഖും ഹലാലയും ഇല്ലാതാക്കുന്നതിന് മുസ്ലീം സ്ത്രീകള്‍ ഹിന്ദു പുരുഷന്മാരെ വിവാഹം കഴിക്കണം. താന്‍ വളരെക്കാലമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ് എന്നൊരു തമാശയും പ്രാച്ചി തട്ടിവിട്ടു. അനാചാരങ്ങള്‍ നിറഞ്ഞ മുസ്ലീം സമുദായം ഉപേക്ഷിക്കണമെന്നാണ് മുത്തലാഖിനെതിരെ പോരാടുന്ന ബറേലിയിലെ നിദാ ഖാനോടും മറ്റ് മുസ്ലീം വനിതകളോടും തനിക്ക് പറയാനുള്ളതെന്നും പ്രാച്ചി ചൂണ്ടിക്കാണിക്കുന്നു.

മുസഫിപൂര്‍ കലാപം ആളിക്കത്തിച്ചതിന്റെ പേരില്‍ സ്വാധി പ്രാച്ചിക്കും മൂന്ന് ബിജെപി എംഎല്‍എമാര്‍ക്കും രണ്ട് എംപിമാര്‍ക്കുമെതിരെ നിലവിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജനുവരിയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. 2013ലെ മുസഫിര്‍പൂര്‍ കലാപം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന മഹാപഞ്ചായത്തുകളുമായി ബന്ധപ്പെട്ടാണ് സ്വാധി പ്രാച്ചിക്കും ബിജെപി എംപിമാരായ കുന്‍വര്‍ ഭര്‍തേന്ദ്ര സിംഗ്, സഞ്ജീവ് ബലിയാന്‍, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സോം, സുരേഷ് റാണ എന്നിവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുള്ളത്.

Spread the love
Read Also  ബിജെപി വനിത എംഎല്‍എ പ്രവേശിച്ച ക്ഷേത്രം ഗംഗാജലം തളിച്ച് "ശുദ്ധീകരിച്ചു"