Wednesday, January 19

മുഖസൗന്ദര്യ സങ്കൽപ്പത്തിനേറ്റ ഇടിയാണ് മേരി കോമിൻ്റെ ബോക്സിംഗ് ജീവിതം.

ഈ വിജയം ഞാനെൻ്റെ രാജ്യത്തിനു സമർപ്പിക്കുന്നു”:- മേരി കോം

`ഇത് ഇന്ത്യൻ കായികരംഗത്തിൻ്റെ അഭിമാന നിമിഷമാണ്. അഭിനന്ദനങ്ങൾ മേരി കൊം ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നിങ്ങൾ നേടിയ സ്വർണ്ണത്തിളക്കത്തിന്. ഈ വിജയം ശരിക്കും വ്യത്യസ്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ടിറ്ററിൽ മറുപടിയയച്ചു.`

 മാങ്തെ ചുങ്നൈജാങ് മേരി എന്ന മേരി കൊമിൻ്റെ വിജയം പ്രധാനമന്ത്രി സൂചിപ്പിച്ചപ്പോലെതന്നെ വ്യത്യസ്തമാണ്.

മുപ്പത്തിയാറുവയസുള്ള ഒരു സ്ത്രീ മൂന്നു കുട്ടികളൂടെ അമ്മ. ഇതൊക്കെ തന്നെ സമീപകാല ഇന്ത്യൻ പരിതസ്ഥിതിയിൽ പോലും ഒരു സ്ത്രീയിൽ സൃഷ്ടിക്കുന്ന പരിമിതി വളരേക്കൂടുതലാണ്. ഇവിടെ പുരോഗമനം വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും നേടിയവർ മലമുകളിലെ അമ്പലത്തിലെ സ്ത്രീ പ്രവേശത്തെപ്പറ്റിയും സ്ത്രീയുടെ ശാരീരികമായ അവമതിപ്പുകളെപ്പറ്റിയും ആർത്തവകാല ജീവിതചര്യയെങ്ങനെയായിരിക്കണമെന്നു മൊക്കെ പരമ്പരാഗത ചിന്തയിലൂടെ അനാവശ്യവിവാദങ്ങൾ സൃഷ്ടിച്ച് പെൺകുട്ടികളെ വീട്ടിനുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്ന; ആചാരങ്ങളുടെ ബലം പിടുത്തത്തിൽ  മെൻസ്റ്റ്രേഷനിലിത്തിയ  പെൺകുഞ്ഞിനെ ഒറ്റയ്ക്ക് താമസിപ്പിച്ചു ഭീകരമായടിച്ച കൊടുങ്കാറ്റിനു` ബലിനൽകിയ`  പുതിയ ഇന്ത്യയിലാണ് മണിപ്പൂരിൽ നിന്നും മുപ്പത്തിയാറു വയസുള്ള ഒരമ്മ ലോക ബോക്സിംഗ് കിരീടവുമായി നിൽക്കുന്നത്. മേരി കോമിൻ്റെ ജീവിതത്തിലെ മറ്റൊരു വ്യത്യസ്തത ഇതാണ്.

മണിപ്പൂരിനെപ്പറ്റിചിന്തിക്കുമ്പോൾതന്നെ നമ്മളിൽ ഒരു ദാരിദ്ര്യത്തിൻ്റെയും ഭരണകൂട ഭീകരതയുടേയുമൊക്കെ ചിത്രമാണ് തെളിഞ്ഞു വരുന്നത്. ഇപ്പോഴും വിദ്യാഭ്യാസവും വെളിച്ചവും വിലപിടിച്ച ആർഭാടങ്ങളുമൊന്നും അത്രയേറെ കടന്നു ചെല്ലാത്ത ഈ പ്രദേശത്തിൽ ജീവിക്കുന്ന ഈ മുപ്പത്തിയാറുകാരി അവരുടെ പതിനഞ്ചാം വയസിൽ തന്നെ അവരുടെ ഭാവിയെന്തെന്തിലായിരിക്കണമെന്ന് മനസിലാക്കിക്കഴിഞ്ഞിരുന്നുവെന്നതും മേരികോമിൻ്റെ ജീവിതത്തിലെ പ്രത്യേക സവിശേഷതയായിരുന്നു. അതേ ഡിങ്ഗൊ സിംഗെന്ന ബോക്സറുടെ പ്രകടനത്തിൽ ഭ്രമിച്ച് നിലവിൽ പങ്കെടുത്തുകൊണ്ടിരിന്ന അത്ലറ്റിക്സ് മത്സരങ്ങളിൽ നിന്നെല്ലാം വിടുതൽ പ്രാപിച്ചുകൊണ്ട് ബോക്സിംഗിലേക്ക് തിരിയാൻ മേരി കോമിനു അധികം ചിന്തിക്കേണ്ടി വന്നില്ല.

മേരി കോം ഒരു ഇൻസ്പിരേഷനായി ഇതുവരേ നമ്മുടെ  പെൺകുട്ടികളാരും പറഞ്ഞുകേട്ടിട്ടില്ല. മേരി കോമിനെ സ്ക്രീനിൽ അവതരിപിച്ച പ്രിയങ്കാചോപ്രയും അവർ കേവലം രണ്ടരമണിക്കൂർ മാത്രമുള്ള ആ സിനിമയ്ക്ക് വേണ്ടി മേരി കോമാകാൻ നടത്തിയ  കഠിനമായ പ്രയത്നത്തെപ്പറ്റിയും നമ്മുടെ കുട്ടികളും നമ്മളും വാതോരാതെ സംസാരിക്കും. കൈയടിക്കും പൊതുമാധ്യമങ്ങളിൽ അവരെ പിന്തുടരും എന്നാൽ ഒന്നോർക്കുക ഇന്നുള്ള മേരി കോമാകാൻ  ഒരു മണിപ്പൂരുകാരി പെൺകുട്ടി അവളുടെ ജീവിത സാഹചര്യങ്ങളുമായി നടത്തിയ സമരങ്ങൾ ഒരു പക്ഷേ പതിനഞ്ചിലേറെ വർഷം നിരാഹാര സഹന സമരം നടത്തിയ മണിപ്പുർ ആക്റ്റിവിസ്റ്റ് ഇറോം ശർമ്മിളയേക്കാൾ മുകളിലായിരിക്കും. വീടുമായും രക്ഷിതാക്കൾമായുമെല്ലാം സമരം ചെയ്തും സമരസപ്പെട്ടുമാണ് ഇന്നുനമുക്ക് മുൻപിൽ അഭിമാനത്തിൻ്റെ നിമിഷം നൽകിയ ഈ `ആൻ്റി` തലയുയർത്തി നിൽക്കുന്നത്. പ്രത്യേകിച്ചും മുഖമെന്നതു സൗന്ദര്യത്തിൻ്റെ ലക്ഷണമായി കരുതുന്ന ഒരു പെണ്ണിടത്തിൽ മുഖത്ത് നോക്കി യിടിക്കുന്ന ബോക്സിംഗ് തെരെഞ്ഞെടുക്കുന്നത്. 

`ഞാനെൻ്റെ ദൗർബല്യം വിലയിരുത്തും. 2020 ലെ ഒളിംബിക്സാണെൻ്റെ മുന്നിലിപ്പോൾ` 

ചരിത്രവിജയത്തിനു ശേഷം മേരികോം മാധ്യമങ്ങളോട് പറഞ്ഞതിതാണ്.      പ്രായവും ലിംഗപരമായ അസ്തിത്വവും ഒന്നും ജീവിതവിജയത്തിനു ഒരു പ്രശ്നമല്ലയെന്നെഴുതിച്ചേർക്കലാണ് മേരി കോമിൻ്റെ ജീവിതം. അതാവണം ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പെൺകുട്ടിക്കും മുൻപിലുള്ള മാതൃക.

ഒരു പിൻ കുറിപ്പ്

അല്പം വർഗ്ഗീയതയാണ്. എന്നാലും പറയാതെ വയ്യ, ഒരു മലയാള മുത്തശ്ശിപത്രം മേരി കോമിനെ നമ്മുടെ `സ്വന്തം മേരിക്കുട്ടി`യാക്കാനുള്ള ഒരു ശ്രമമൊക്കെ നടത്തുന്നത് കാണുമ്പോൾ അരോചകമായി തോന്നുന്നു. മനസിലായിക്കാണുമല്ലോ?

Spread the love
Read Also  മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍: 12 വയസുള്ള കുട്ടിയെ കൊന്ന കരസേന മേജറിനെതിരെ കേസ്

18 Comments

Leave a Reply