Thursday, January 20

എല്ലാം ഹരീഷിന്റെ തലയില്‍ കെട്ടിവച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ്: ആനകളെയും തെളിച്ചുവരുന്ന ‘ട്രൂക്കോപ്പി’

എസ് ഹരീഷ് എഴുതിയ ‘മീശ’ എന്ന നോവല്‍ സംഘപരിവാര്‍ ഗുണ്ടകളുടെ സൈബര്‍ ആക്രമണത്തിന്റെ ഫലമായി പിന്‍വലിക്കേണ്ടി വന്നത് സാംസ്‌കാരിക കേരളം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇക്കാര്യം നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് അറിഞ്ഞ മട്ടില്ല. ചൊവ്വാഴ്ചകളില്‍ പുറത്തിറങ്ങാറുള്ള ആഴ്ചപ്പതിപ്പ് വിവാദത്തിന് ശേഷം എങ്ങനെയാവും ഇറങ്ങുക എന്ന ആകാംഷയിലാണ് പലരും രാവിലെ വാരിക കാത്തിരുന്നത്. എന്നാല്‍ അങ്ങേയറ്റം നിരാശാജനകവും പ്രതിലോമകരവുമായ നിലപാടാണ് വാരികയുടേതെന്ന് വേണം വിചാരിക്കാന്‍.
കാരണം, നോവല്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് ഒരു പരാമര്‍ശവും വാരികയില്‍ എവിടെയുമില്ല. ഹരീഷിന്റെ കത്ത് വായനക്കാരുടെ കത്തുകള്‍ക്കുള്ള പേജില്‍ വലുതായി കൊടുത്തിട്ടുണ്ട്. മാത്രമല്ല മാതൃഭൂമി പത്രാധിപസമിതിയോടുള്ള ഹരീഷിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പത്രാധിപസമിതി നിലപാട് എന്താണെന്ന് അതിനിഗൂഢരഹസ്യമായി തുടരുന്നു. മറ്റുള്ളവരെ ഘോരഘോരം വിമര്‍ശിക്കുന്നതിനും എഴുതുന്നവരുടെ ബൗദ്ധീകനിലവാരം വായനക്കാരെ ബോധ്യപ്പെടുത്തുന്നതിനുമായി മാറ്റിവെച്ചിട്ടുള്ള ‘ട്രൂക്കോപ്പി’ എന്ന അവസാന പേജില്‍ ഈ ലക്കം ഓണപ്പതിപ്പിന്റെ പരസ്യമാണ്. മനില സി മോഹന്‍, കെ സി സുബി, പി കെ ശ്രീകുമാര്‍ എന്നീ ബുദ്ധിജീവി കോപ്പി എഡിറ്റര്‍മാരുടെ മേച്ചല്‍പ്പുറമാണ് ഈ പേജ്. അവിടെയും വിവാദം സംബന്ധിച്ച് ഒരു പരാമര്‍ശവുമില്ല. മറ്റു വല്ല പ്രസിദ്ധീകരണങ്ങളുമായിരുന്നെങ്കില്‍ കേറിയിരുന്ന് പൊങ്കാലയിടാന്‍ വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്ന ഒന്നാണ് അതെന്ന് സ്ഥിരം മാതൃഭൂമി വാരിക വായിക്കുന്നവരോട് പ്രത്യേകിച്ച് പറയണമെന്നില്ല.

എസ് ഹരീഷിന് മാതൃഭൂമി പത്രാധിപ സമിതിയില്‍ നിന്നും സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രമുഖ സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഹരീഷിനോട് മാപ്പെഴുതി നല്‍കാന്‍ മാതൃഭൂമി ആവശ്യപ്പെട്ടുവെന്നും ആരാണ് അങ്ങനെ ആവശ്യപ്പെട്ടത് എന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബാലചന്ദ്രന്‍ വടക്കേടത്ത് നല്‍കുന്ന സൂചനകള്‍ ശരിയാണെന്ന് തന്നെ വേണം ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും മനസിലാക്കാന്‍. പത്രത്തിന്റെ നിലപാടും വ്യത്യസ്തമായിരുന്നു. വിവാദത്തെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചതിന്റെ പിറ്റെ ദിവസം പുറത്തിറങ്ങിയ പത്രത്തില്‍ ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തിരുന്നെങ്കിലും അത് ‘തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ ഭീഷണി മൂലം’ ആയിരുന്നു. അല്ലാതെ സംഘപരിവാര്‍ ഭീഷണിയെന്ന് നേരിട്ട് പറയാന്‍ അവര്‍ക്ക് മടിയായിരുന്നു.

പത്രമുതലാളിമാരുടെ ധാര്‍ഷ്ട്യത്തിനും കടുംപിടിത്തങ്ങള്‍ക്കുമെതിരായ സമരങ്ങള്‍ മലയാള പത്രപ്രവര്‍ത്തനരംഗത്ത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി തൊഴിലിന്റെ ശീതളിമ വലിച്ചെറിഞ്ഞവരും. അതിനിയും തുടരുകയും ചെയ്യും. പക്ഷെ, അതിനൊരു നട്ടെല്ല്. വേണം. വിപ്ലവം പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. അപരനെ വിമര്‍ശിച്ച് ആളാവാന്‍ ആനകളെയും തെളിച്ച് ട്രൂക്കോപ്പിക്കാര്‍ ഇനിയും ഈ വഴി വരുമായിരിക്കും.

ഹരീഷിനെ ആക്രമിച്ചപ്പോള്‍ മാതൃഭൂമി മൗനം പാലിച്ചു; ഹരിദാസ് കരിവെള്ളൂര്‍

ഹരീഷിന്‍റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വേറെ പ്രസാധകര്‍ മുന്നോട്ട് വരണം: സുജ സൂസന്‍ ജോര്‍ജ്

 

Spread the love
Read Also  കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും നീക്കി ; സുഭാഷ് ചന്ദ്രന് പകരം ചുമതല