മാതൃഭൂമി ആഴ്ചപ്പതിപ്പ് യുവ എഴുത്തുകാർക്കുവേണ്ടി നടത്തിയ കഥാമൽസരത്തിൽ പങ്കെടുത്ത കഥാകാരന്മാരെ അപമാനിച്ചതായി പരാതിയുമായി മൽസരാർഥിയായ എഴുത്തുകാരൻ ജിബിൻ കുര്യൻ പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. മൽസരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്തുപേരെ തിരുവനന്തപുരത്തു നടക്കുന്ന മാതൃഭൂമിയുടെ  സാഹിത്യോത്സവത്തിൽ അപമാനിച്ചെന്നാണു ജിബിൻ കുര്യൻ്റെ ആരോപണം. തൻ്റെ കഥ മാതൃഭൂമിയുടെ മൽസരത്തിൽ നിന്നും പിൻ വലിക്കുന്നതായി ജിബിൻ കുര്യൻ അറിയിച്ചു.

2019 ലെ മാതൃഭൂമി കഥാപുരസ്കാരത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നു എന്നറിയിച്ച് അവർ വിളിച്ചത് ജനുവരി 29നാണ്. അന്ന് തന്നെ ഷോർട്ട്‌ലിസ്റ് ചെയ്തു എന്ന ഇമെയിലും വന്നു. ആദ്യ മൂന്ന് സ്ഥാനങ്ങൾ ഉണ്ടാവില്ല എന്ന് ഫോണിൽ തന്നെ അറിയിച്ചിരുന്നു. അടുത്ത ദിവസം വിധിപ്രസ്താവം മെയിൽ ചെയ്ത് കിട്ടിയിരുന്നു. അതിലെ ചില വാചകങ്ങളോട് എതിർപ്പ് തോന്നിയത് വേദിയിൽ വെച്ച് സംസാരിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഒന്നാം തീയതി രാത്രി വരെ അവരുടെ വെബ്സൈറ്റിലെ ഷെഡ്യൂൾ പ്രകാരം under the tree എന്ന സെഗ്മെന്റിൽ ഫെബ്രുവരി 2നു വൈകിട്ട് 5 മണിക്ക് സന്തോഷ് ഏച്ചിക്കാനം, ആനന്ദ് നീലകണ്ഠൻ, ബെന്യാമിൻ എന്നിവർ പങ്കെടുക്കുന്ന കഥാപുരസ്കാര ചടങ്ങായിരുന്നു.. (അന്നത്തെ സ്ക്രീൻഷോട്ട് ചുവടെയുണ്ട്) രണ്ടാം തീയതി രാവിലെ ആയപ്പോഴേക്കും മായാജാല ത്തിലെന്നപോലെ അത്തരമൊരു ചടങ്ങിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായിരുന്നു. (ഇപ്പോഴും സൈറ്റിൽ കഥാപുരസ്കാരം എന്നൊരു ചടങ്ങിന്റെ വിവരങ്ങൾ ഇല്ല) അതേക്കുറിച്ച് വിളിച്ച് സംസാരിച്ചപ്പോൾ ജോയ് മാത്യുവിന്റെ വേദിയുടെ കാര്യത്തിൽ ഒരു പ്രശ്നം വന്നത് കൊണ്ട് ആ പരിപാടിക്കായി നമുക്ക് പറഞ്ഞിരുന്ന വേദി മാറ്റി, നമ്മുടെ പുതിയ വേദിയുടെ കാര്യം പിന്നീട്‌ അറിയിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. 

10 മണിയോടെ കനകക്കുന്നിലെത്തി. കഥാമത്സരത്തിൽ ഷോർട് ലിസ്റ്റ് ചെയ്ത ആളാണെന്ന് പറഞ്ഞപ്പോൾ പ്രത്യേകിച്ചു ചോദ്യങ്ങൾ ഒന്നുമില്ലാതെ തന്നെ അകത്തേക്ക് വിട്ടു.( ഒരു പാസിൽ പേരെഴുതുക പോലും ചെയ്യാതെ). 11 മണിയോടെ അഖിലിനൊപ്പം under the tree വേദിക്കരികിൽ എത്തുമ്പോൾ അവിടെ എം. മുകുന്ദനും പി വി ഷാജികുമാറും അടക്കം പങ്കെടുക്കുന്ന why i read എന്ന വിഷയത്തിലെ സംവാദം നടക്കുകയാണ്. ( ഷെഡ്യൂളിലെ സ്ക്രീൻഷോട്ടിൽ വ്യക്തമായി വേദി under the tree എന്ന് കാണാം. ഈ വേദി ആയിരുന്നു നമുക്കായി നിശ്ചയിച്ചിരുന്നതും,പിന്നീട് ലഭ്യമാവാതെപോയതും.) അവിടെ നിന്നും സുഭാഷ് ചന്ദ്രനെ കണ്ടു പരിചയപ്പെട്ടു. ശേഷം ഗസ്റ്റ് പാസ്സ് വേണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉടനെ തന്നെ 9 പേർക്കുള്ള പാസ്സ് അദ്ദേഹം സംഘടിപ്പിച്ചു തരുകയും ചെയ്തു. (അപ്പോഴും സമ്മാനാർഹരായ കുട്ടികൾ പണം കൊടുത്തു പാസ്സ് എടുത്ത് അകത്തുകയറുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എല്ലാവരോടും സംസാരിക്കുമ്പോഴാണ് ഇതിനു മുന്നേയുള്ള ദിവസങ്ങളിലും ഇവരിൽ നിന്നും പണം ഈടാക്കിയിരുന്നു എന്നറിയുന്നത്.) 

പുതിയ വേദി 4 മണിയോടെ പറയാം എന്നാണ് പറഞ്ഞിരുന്നത്. 4 മണിക്ക് വിളിക്കുമ്പോൾ അവർ 4.45 ഒക്കെ ആകുമ്പോഴേക്ക് ഫ്ളാഗിന്റെ അടുത്തേക്ക് വരാൻ പറഞ്ഞിരുന്നു. അവിടെ ചെല്ലുമ്പോൾ ഒരു വഴിയോരത്ത് ഒരു ആൽമരചുവട്ടിൽ under the tree എന്ന ഫ്ലക്സ് വെച്ച് 8 കസേരയും ഇട്ട് പെട്ടെന്ന് ഒരു വേദി തട്ടിക്കൂട്ടുകയാണ്. തലേന്ന് വരെ അവിടെ അങ്ങനെ ഒരു വേദി ഇല്ലായിരുന്നല്ലൊ എന്ന ചോദ്യത്തിന് under the tree എന്നാൽ ഒരു concept ആണെന്നും അത് ഏത് മരമായാലും കുഴപ്പമില്ല എന്ന മട്ടിലാണ് മറുപടി. ആ സമയത്ത് എല്ലാവരും അവിടെയില്ല. 4 പേരേയുള്ളു. ബാക്കിയുള്ളവർ പല സെഷനുകളിൽ ആണ്. എല്ലാവരും വരുന്നത് വരെ കാത്തിരിക്കാൻ പോലും തയാറാകാതെയാണ് ചടങ്ങ് ആരംഭിച്ചത്. ( ചിത്രത്തിൽ ശ്രദ്ധിച്ചാൽ അറിയാം രണ്ട് നിര കസേരകൾ മാത്രമേയുള്ളു. 10 പേർക്കായി നടത്തിയ ചടങ്ങിൽ 8 കസേരകൾ മാത്രം കരുതുന്നതിലൂടെ അവർ ഉദ്ദേശിക്കുന്നതെന്താണ്? വൈകിയെത്തിയവർ ആൽത്തറയിലാണ് ഇരുന്നത്. ക്ഷണം സ്വീകരിച്ച് പല ദേശത്തു നിന്ന് എത്തിയവർക്ക് ഇരിപ്പിടം പോലും നൽകാൻ കഴിയാഞ്ഞവരോടാണോ രണ്ട് ലക്ഷം രൂപ സമ്മാനത്തുകയെക്കുറിച്ച് ചോദിക്കേണ്ടത്?)
ചുരുക്കം കാര്യങ്ങളേ ചോദിക്കാനുള്ളു.

Read Also  കേന്ദ്രത്തിനെതിരെ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

1- അന്താരാഷ്ട്ര നിലവാരമുള്ളതെന്ന് അവകാശപ്പെടുന്ന മേളയിൽ ക്ഷണിക്കപ്പെട്ട് വന്ന ഞങ്ങൾക്ക് ഒരു ഗസ്റ്റ് ടാഗ് പോലും ചോദിച്ചു വാങ്ങേണ്ടി വന്നത് എന്തുകൊണ്ട്? തെരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നിന്നു പോലും ഡെലിഗേറ് പാസിന്റെ വിലയായി പണം ഈടാക്കിയതെന്തിന്?
2- under the tree എന്ന മുന്നേ പറഞ്ഞിരുന്ന വേദിയിൽ നിന്നും നമ്മുടെ പ്രോഗ്രാം മാറ്റിയത് എന്തിന്? അന്ന് 5 മണിക്ക് യഥാർത്ഥ under the tree വേദിയിൽ വേറെ പ്രോഗ്രാം ഒന്നും ഇല്ലായിരുന്നു. ഷെഡ്യൂൾ പ്രകാരം 4 മണിക്ക് അംബികാസുതൻ മാങ്ങാട്, ആന്റോ സബിൻ ജോസഫ്, പി വി ഷാജികുമാർ, ഫ്രാൻസിസ് നോറോണ എന്നിവർ പങ്കെടുക്കുന്ന ” പുതുകഥയിലേക്ക് കയറിവരുന്ന നാട്ടുഭാഷ” എന്ന ചർച്ചയായിരുന്നു. ശേഷം അവിടെ നടന്നത് 6 മണിക്ക് ജോയ് മാത്യു പങ്കെടുത്ത “ബദലുകളില്ലാത്ത മലയാളി ” എന്ന പ്രോഗ്രാമും. അപ്പോൾ 5 മണിക്ക് ഒറിജിനൽ വേദി ലഭ്യമായിരുന്നിട്ടും ആളൊഴിഞ്ഞ ഒരിടത്ത് ഈ ചടങ്ങ് വെച്ചത് എന്തിനാണ്? (ചടങ്ങ് കാണാൻ എത്തിയ സുഹൃത്തുക്കളിൽ പലർക്കും ഈ ആശയക്കുഴപ്പത്താൽ വളരെ വൈകി മാത്രമാണ് എത്താൻ കഴിഞ്ഞത്..)
3- സമ്മാനത്തുകയുടെ പ്രലോഭനമാവരുത് എഴുത്തിന്റെ മുഖ്യപ്രചോദനം എന്ന വിധിപ്രസ്താവത്തിലെ വാചകം. ആനന്ദ് നീലകണ്ഠനെയും ബെന്യാമിനെയും അവർ നേടിയ സാമ്പത്തിക നേട്ടങ്ങളുടെ പേരിൽ സദസ്യർക്ക് പരിചയപ്പെടുത്തിയത് സുഭാഷ് ചന്ദ്രനാണ്. ഞങ്ങളല്ല.. 2013 ൽ എഴുതി തുടങ്ങി ഇത്രയും വർഷത്തിനിടയിൽ എഴുതിയ ചുരുക്കം കഥകൾക്ക് വായനക്കാർ നൽകിയ മറുപടികൾ മാത്രമാണ് ഇന്നും എഴുത്ത് തുടരാനുള്ള കാരണം. കൂടുതൽ വായനക്കാരിലേക്ക് നമ്മുടെ കഥയെത്തും എന്നതായിരുന്നു, രണ്ട് ലക്ഷം രൂപ സമ്മാനം എന്നതിനേക്കാൾ നമ്മുടെ പ്രചോദനം. (അത് എം ടി ക്ക് മനസിലാവും എന്ന് കരുതുന്നു. പക്ഷെ എഴുത്തിന്റെ പേരിൽ നേടിയ സാമ്പത്തികനേട്ടങ്ങൾ കൊണ്ട് സഹഎഴുത്തുകാരെ വളർന്നു വരുന്ന എഴുത്തുകാർക്ക് പരിചയപ്പെടുത്തുന്നവർക്ക് മനസ്സിലാവാൻ പ്രയാസമാണ്.) 
4- ഏതൊരു ചടങ്ങിലും സ്വയം പരിചയപ്പെടുത്താൻ ഒരു അവസരം ലഭിക്കാറുണ്ട്. എന്റെ പേരിതാണ്. ഇന്ന കഥയാണ് ഞാൻ അയച്ചത്. ഞാൻ ഈ സ്ഥലത്തു നിന്നാണ് വരുന്നത് എന്നൊക്കെ.. അങ്ങനെ ഒരു അവസരം പോലും നൽകാതെ, തിരഞ്ഞെടുക്കപ്പെട്ടവരിൽ പകുതിയിലധികം ആളുകൾ വരുന്നതിനു മുൻപേ,ആവശ്യത്തിന് കസേരകൾ പോലും കരുതാൻ കഴിയാതെ, ഇങ്ങനെ ധൃതി വെച്ച് നടത്തേണ്ടുന്ന ഒന്നായിരുന്നുവോ ഈ ചടങ്ങ്? ആരൊക്കെയാണ് തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് കൈപൊക്കി കാണിക്കേണ്ട ഗതികേട് നിങ്ങളുടെ “സംഘാടനമികവല്ലെങ്കിൽ” വേറെയെന്താണ്?
5- ഒന്നിലധികം കഥകൾ അയച്ച കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് ഇപ്പോഴും തങ്ങൾ അയച്ചതിൽ ഏത് കഥയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നറിയില്ല. “വേണ്ടത്ര നിലവാരമില്ലാത്തവരെങ്കിലും” തങ്ങളുടെ ഏത് കഥയാണ് അവസാന പത്തിലേക്ക് തിരഞ്ഞെടുത്തത് എന്നവരോട് ഒന്ന് സൂചിപ്പിക്കാൻ പോലും കഴിയാഞ്ഞതെന്തുകൊണ്ടാണ്.?
6-“ഇത്തവണ ഇതിൽ നിന്നൊരു കഥക്ക് ഒന്നാം സ്ഥാനം കൊടുത്താൽ അതാവും ഏറ്റവും നല്ല സാഹിത്യം എന്ന തെറ്റിദ്ധാരണ ഉണ്ടാവാൻ സാധ്യതയുണ്ട് അവർക്ക്. അത് കൊണ്ട് ഇത്തവണ സമ്മാനത്തിന് പകരം 10 പേരെയും വിളിച്ചു സംസാരിക്കൂ. മൂന്ന് പേരെ ഫോക്കസ് ചെയ്യുന്നതിനേക്കാൾ നല്ലത് ഭാവിയിലേക്ക് 10 പുതിയ ആൾക്കാരെ വളർത്തിയെടുക്കുന്നതാണ് ” എന്ന് എം ടി പറഞ്ഞു എന്നാണ് സുഭാഷ് ചന്ദ്രൻ പറഞ്ഞത്. എം ടിയുടെ നിർദേശം പൂർണമനസോടെ അംഗീകരിച്ചുകൊണ്ടുതന്നെ സംഘാടകരോട് ഒരു ചോദ്യം. ഈ പത്ത് പേരുടെ ഏത് കഥയെക്കുറിച്ചാണ് അവിടെ സംസാരിച്ചത്.. സമ്മാനത്തുക ഇല്ല എന്നറിഞ്ഞിട്ടും ഇത്ര ദൂരം യാത്ര ചെയ്ത് വന്നത് നമ്മുടെ കഥയെക്കുറിച്ച് അവർ എന്ത് പറയുന്നു എന്ന് കേൾക്കാനുള്ള ആകാംക്ഷ കൊണ്ട് കൂടിയാണ്..ആരുടെ കഥയെക്കുറിച്ചാണ് അവിടെ ഒരു വാക്കെങ്കിലും പരാമർശിച്ചത്?? അതോ മോശം കഥകളായത് കൊണ്ട് അവയെക്കുറിച്ച് സംസാരിക്കണ്ട എന്നാണോ?

Read Also  സാഹിത്യകുടുംബത്തില്‍ പിറക്കാത്തവരുടെ എഴുത്ത് മാതൃഭൂമിക്ക് വേണ്ട ; വിനോയ് തോമസ്‌ എഴുതുന്നു

ജൂറി അംഗങ്ങളെയും അവരുടെ വിധിയെയും അംഗീകരിക്കുന്നു. ബഹുമാനിക്കു കയും ചെയ്യുന്നു. പക്ഷെ തികച്ചും ഉദാസീനമായി ഇങ്ങനെ ഒരു ചടങ്ങ് നടത്തിയതിൽ അഭിപ്രായവ്യത്യാസമുണ്ടെന്നത് പറയാതെ വയ്യ.ഒരു സുപ്രഭാതത്തിൽ കഥയെഴുത്തു കാരനാവാം എന്ന് കരുതി എഴുതി തുടങ്ങിയ ആളല്ല.. അധികം ഒന്നും എഴുതിയി ല്ലെങ്കിലും എഴുതുന്നവ ആത്മാർഥതയോടെയാവണം എന്നാഗ്രഹിക്കുന്ന ഒരാളാണ്. ഇനിയുള്ള വർഷങ്ങളിൽ ഒരു കഥ പോലും എഴുതാൻ സാധിച്ചില്ലെന്ന് വരാം. അപ്പോ ളും എനിക്ക് പൂർണബോധ്യമില്ലാത്ത ഒരു വരി പോലും എഴുതില്ല എന്നതാണ് എന്റെ ഉറപ്പ്.. ആ ഉറപ്പോട് കൂടി തന്നെ സോൾ കിച്ചൻ എന്ന കഥ മാതൃഭൂമിയുടെ മത്സരത്തിൽ നിന്നും പിൻവലിക്കുകയാണ്..
ഒപ്പം നിന്നവരോട് , സ്നേഹം..

പി എസ്- എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നൽകിയതും കൂടി ചേർത്തിട്ടുണ്ട്. ബുദ്ധിയുണ്ട് എന്ന അംഗീകാരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നു…. 

LEAVE A REPLY

Please enter your comment!
Please enter your name here