Wednesday, June 23

മഥുരയിലെ ‘ശ്രീകൃഷ്ണ ജന്മഭൂമിയിലെ പള്ളി പൊളിക്കൽ’ ഹർജി തള്ളി

ഉത്തര്‍പ്രദേശിൽ വീണ്ടും രാഷ്ട്രീയലക്ഷ്യം വെച്ച് സമർപ്പിച്ച ഹർജിക്ക് തിരിച്ചടി.   മഥുരയിലെ ശ്രീകൃഷ്ണക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയാണ് മഥുര സിവില്‍ കോടതി തള്ളി.

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിധി വന്നതിനു തൊട്ടുപിന്നാലെയാണ് മഥുര കോടതിയുടെ ഈ നിര്‍ദ്ദേശം എന്നത് ശ്രദ്ധേയമായി.

മഥുര പള്ളി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ഒരു സംഘം കോടതിയെ സമീപിച്ചത്. കൃഷ്ണ വിരാജ്മന്റെ പേരിലാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്നാണ് ഹരജിയില്‍ ഉന്നയിച്ചത്.

മുഗൾ ഭരണകാലത്ത് ഔറംഗസീബാണ് മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തതെന്ന്  ഹരജിയില്‍ ആരോപിച്ചിരുന്നു.

ഒരു വിഭാഗം മുസ്‌ലിങ്ങളുടെ സഹായത്തോടെ ശ്രീകൃഷ്ണ ജന്മസ്താന്‍ ട്രസ്റ്റിന്റെയും ഭഗവാൻ്റെയും ഭൂമി കൈയ്യേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്തുവെന്ന് ഹരജിയില്‍ അവകാശപ്പെടുന്നു.

അതേസമയം പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജിയ്‌ക്കെതിരെ മഥുരയിലെ പുരോഹിത സംഘം രംഗത്തെത്തിയിരിക്കുകയാണ്. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നുവെന്നാണ് അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് പറഞ്ഞത്.

മഥുരയിൽ സൗഹാർദ്ദത്തോടെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പള്ളിയും സംബന്ധിച്ച് യാതൊരു തര്‍ക്കവും നിലവില്‍ മഥുരയില്‍ നിലനില്‍ക്കുന്നില്ലെന്നും പഥക് കൂട്ടിച്ചേർത്തു.

രാമജന്മഭൂമി കേസ് വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ അഖാര പരിഷത് എന്ന തീവ്രഹിന്ദുത്വ സംഘടന ശ്രീകൃഷ്ണ ജന്മഭൂമി വിഷയത്തിൽ വ്യാപക പ്രചാരണം നടത്താൻ തീരുമാനമെടുത്തിരുന്നു. ഒക്‌ടോബർ 15 ന് അഖാര പരിഷത് യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുസ്ലിങ്ങൾ സ്വയം പള്ളി ഒഴിയാൻ തയ്യാറാവണമെന്ന് ബജ്രംഗ് ദൾ നേതാവ് വിനയ് കട്യാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Spread the love