തമിഴ് – മലയാളം മൊഴികൾക്കിടയിലെ പ്രബലമായ പാലമായിരുന്നു തോപ്പിൽ മുഹമ്മദ് മീരാന്റെ നിര്യാണത്തോടെ തകർന്നുവീണത്. ഇപ്പോൾ തമിഴ്‍നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട തേങ്ങാപട്ടണം എന്ന മീരാന്റെ ജന്മദേശം പണ്ട് കേരളത്തിലായിരുന്നു. അതിനാൽ മീരാന്റെ മാതൃഭാഷ മലയാളമാണെന്നു പറയാം. അതായത്, മലയാളവും തമിഴും ചേർന്ന ഒരു സങ്കരഭാഷ.

മൊഴിവഴക്കങ്ങളിൽ മാത്രമല്ല, സാഹിത്യത്തിലും പ്രാദേശിക ഭാഷയ്ക്ക് പ്രത്യക പ്രാധാന്യമുണ്ട്. തമിഴിൽ ‘വട്ടാരവഴക്കം’ എന്നറിയപ്പെടുന്ന ഭാഷ രീതി തന്നെ പ്രചാരത്തിലുണ്ട്. കേരളത്തെക്കാൾ പതിന്മടങ്ങ് വലിപ്പമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എല്ലാ സംസ്ഥാനങ്ങളുമായും അതിർത്തി പ്രദേശങ്ങളിൽ അയൽ സംസ്ഥാനങ്ങളിലെ ഭാഷാസ്വാധീനം പ്രകടമാണ്. കന്യാകുമാരി ജില്ലയിലെ, പ്രത്യകിച്ച് അതിന്റെ തീരപ്രദേശങ്ങളിലെ സംസാരഭാഷ, ചെന്നൈയിലുള്ള തമിഴന് പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്പോലെ തിരിച്ചും. ഇത്തരം ‘കൊളോക്കിയൽ’ ‘ഡയലക്റ്റുകൾ’ ഇപ്പോഴും ഭാഷ പണ്ഡിതന്മാർ ഗൗരവമേറിയ പഠന വിഷയമാക്കാറുണ്ട്. അത്തരം വട്ടാരവഴക്കത്തിന്റെ പ്രതിനിധിയായിരുന്നു തോപ്പിൽ മുഹമ്മദ് മീരാൻ. അതിനാൽ അദ്ദേഹത്തിന് കൊടും തമിഴരിൽ നിന്ന് എപ്പോഴും പരിഹാസം ഏൽക്കേണ്ടി വന്നിരുന്നു.

മലയാള മണ്ണിനോടായിരുന്നു മീരാന്റെ കൂറ്. അതിനാൽ ആദ്യകാല കൃതികളെല്ലാം അദ്ദേഹം മലയാളത്തിലാണ് എഴുതി തുടങ്ങിയത്. അത് തമിഴർക്ക് രസിച്ചില്ല. മലയാളികളും അംഗീകരിച്ചില്ല. പക്ഷെ അദ്ദേഹം നിശ്ചയ ദാർഢ്യത്തോടെ തന്റെ സാഹിത്യ സപര്യ തുടർന്നു. തന്റെ തട്ടകമായ തേങ്ങാപട്ടണം എന്ന ‘കടലോര ഗ്രാമത്തിന്റെ കഥ’യായിരുന്നു അദ്ദേഹത്തിൻറെ മാസ്റ്റർ പീസ്. അവിടുത്തെ മൽസ്യ തൊഴിലാളികളുടെ ജീവിതം അദ്ദേഹം സത്യസന്ധമായി ആവിഷ്ക്കരിച്ചു. അവിടുത്തെ മുസ്ലിം ജീവിതം, അവരുടെ മിത്തുകൾ, അവരുടെ വിശ്വാസങ്ങൾ, സ്വപ്‌നങ്ങൾ ഇവയായിരുന്നു മീരാന്റെ എന്നത്തേയും പ്രിയ വിഷയങ്ങൾ.

`കടലോര ഗ്രാമത്തിന്റെ കഥ` എന്ന നോവൽ ശ്രദ്ധിക്കപെട്ടതോടെ തമിഴിൽ മീരാൻ പ്രശസ്തനായി. പ്രായേണ, തമിഴിൽ മുസ്ലിം ജീവിതം ചിത്രീകരിക്കപ്പെടുക അപൂർവമായിരുന്നു. ‘സാവു നാർക്കലി’ (ചാര് കസേര) എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതോടെ മീരാൻ അവഗണിക്കപ്പെടാനാവാത്ത ഒരു സാഹിത്യകാരനായി ഉയർന്നു കഴിഞ്ഞിരുന്നു. ആ നോവൽ വിൽപ്പനയിൽ തന്നെ അത്ഭുതം സൃഷ്ട്ടിച്ചു. സർവകലാശാലകളിൽ പാഠപുസ്തകം ആയതോടെ അക്കാദമിക് തലത്തിലും അതിന് പഠനങ്ങൾ ഉണ്ടായി. എഴുത്തിൽ സ്ഥിരോത്സാഹിയായിരുന്നു മീരാൻ. അദ്ദേഹം നിരന്തരമായി എഴുതി.

‘കൂനൻതോപ്പ്’ സാമുദായിക സംഘർഷങ്ങൾ അനാവരണം ചെയ്ത കൃതിയായിരുന്നു. സാമുദായിക നവീകരണത്തിന് വേണ്ടിയാണ് അദ്ദേഹം വാദിച്ചത്, ശബ്ദം ഉയർത്തിയത്. സാമൂഹിക പരിഷ്‌ക്കരണം സാഹിത്യകാരന്റെ കടമയും കർത്തവ്യവുമാണെന്ന് മീരാൻ വിശ്വസിച്ചു. കേരളത്തോടും മലയാളികളോടും എന്നും സ്നേഹവും ആദരവും പുലർത്തിയിരുന്ന എഴുത്തുകാരനായിരുന്നു തോപ്പിൽ മുഹമ്മദ് മീരാൻ. കേരളത്തിലെ പ്രശസ്തരായ പല എഴുത്തുകാരുമായും അദ്ദേഹം നിരന്തര ബന്ധം പുലർത്തി. അദ്ദേഹത്തിൻറെ കൃതികൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യപ്പെടുകയും ധാരാളം വായനക്കാരെ ആകർഷിക്കുകയും ചെയ്തു. വളരെ ലളിതമായിരുന്നു അദ്ദേഹത്തിൻറെ ശൈലി. ഏത് ഗൗരവമേറിയ ചർച്ചക്കിടയിലും നർമ്മം സൃഷ്ടിക്കാൻ അദ്ദേഹം പ്രത്യകം ശ്രദ്ധിച്ചു. പ്രസാദാത്മകമായിരുന്നു അദ്ദേഹത്തിൻറെ ജീവിതവും കൃതികളും.

Read Also  മൃണാൾ സെൻ ; ചലച്ചിത്രങ്ങളിലൂടെ മാനവികത വീണ്ടെടുത്ത കമ്യൂണിസ്റ്റ്

കുടുംബ ബന്ധങ്ങളിൽ അദ്ദേഹം അങ്ങേയറ്റം ആത്മാർത്ഥത പുലർത്തി. ഭാര്യയും മക്കളുമായും വളരെ സൗഹാർദ്ദം നിലനിർത്തി. അദ്ദേഹത്തിൻറെ വീട് സന്ദർശിച്ചപ്പോഴൊക്കെ എനിക്കത് ബോധ്യപ്പെട്ടിട്ടുണ്ട്. ദീർഘകാലത്തെ സ്നേഹബന്ധവും അടുപ്പവുമാണ് എനിക്ക് മീരാൻ സാഹിബുമായുള്ളത്. ഒരിക്കൽ അദ്ദേഹവുമായി അഭിമുഖ സംഭാഷണം നടത്തുവാൻ തിരുനെൽ വേലിയിലെ വീട്ടിലെത്തി. രാത്രി ഏറെ വൈകിയും അഭിമുഖം തുടർന്നു. ഇടയ്ക്കിടെ പ്രീയ പത്നി സുലൈമാനി ഉണ്ടാക്കി തന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന് അത് ഇഷ്ടമായിരുന്നു.

ഇടയ്ക്കിടെ ചായയ്‌ക്കായി ഭാര്യയെ വിളിക്കും.

“നിന്റെ ചായ അതിഥിയ്ക്ക് (എനിയ്ക്ക്) വളരെ ഇഷ്ടമായി. അദ്ദേഹം വീണ്ടും ചോദിക്കുന്നു”

എന്ന് പ്രശംസിച്ചു പറയും. അവർ പുഞ്ചരിയോടെ ചായ ഉണ്ടാക്കി തന്നുകൊണ്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു. എന്റെ നാഗർകോവിലിലെ വീട്ടിലും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഒരു മൂത്ത സഹോദരി നാഗർകോവിലിൽ താമസിച്ചിരുന്നു. അവിടെ വരുമ്പോഴൊക്കെ എന്നെ വിളിക്കും. തമ്മിൽ കാണും. ഒരു വിവാഹത്തിന് നാഗർകോവിലിൽ വന്നപ്പോഴാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. എന്നെ വിശിഷ്ട അതിഥിയായി അവിടെ പരിചയപ്പെടുത്തി. എല്ലാവരും ഭക്ഷണത്തിന് നിർബന്ധിച്ചു. ബിരിയാണി ഇഷ്ടമല്ലാത്തതിനാൽ ഞാൻ ഒഴിഞ്ഞുമാറി. അന്ന് അദ്ദേഹം ഒരു ഊന്ന് വടിയുടെ സഹായം തേടിയിരുന്നു. കാൽമുട്ടിന് നല്ല വേദനയുണ്ട്. നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമുള്ളതായി അറിയില്ല.

തോപ്പിൽ മുഹമ്മദ് മീരാന്റെ തിരോധനത്തോടെ നല്ലൊരു എഴുത്തുകാരനെയും ഉറ്റ സുഹൃത്തിനെയുമാണ് നഷ്ടമായത്. തീവ്രമായ ആ ദുഃഖം ദീർഘകാലം നീണ്ടുനിൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here