Friday, September 17

മയിലമ്മ – ജനകീയ പ്രതിരോധത്തിലെ പെൺകരുത്ത്

മയിലമ്മ…. കേരളത്തിന്റെ ജനകീയ പരിസ്ഥിതി സമര ചരിത്രത്തിലെ പെൺകരുത്തിന്റെ പേര്. ജീവിത പ്രതിസന്ധികളെ തൃണവൽഗണിച്ച് പ്രകൃതി സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട സമരജീവിതമാണ് ദേഹ വിയോഗത്തിന്റെ ഈ പന്ത്രണ്ടാം വർഷത്തിലും അവരുടെ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്നത്.

ജലചൂഷണ വിരുദ്ധ സമരങ്ങളിൽ ലോക ശ്രദ്ധ ആകർഷിച്ച സമരങ്ങളിൽ ഒന്നായിരുന്നു പാലക്കാട് പ്ലാച്ചിമടയിൽ ബഹുരാഷ്ട്ര ഭീമനായ കൊക്കകോള കമ്പനിക്കെതിരെ പ്രദേശ വാസികൾ നടത്തിയ അധിനിവേശ വിരുദ്ധ സമരം. ഇന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം വേറൊരു മുദ്രാവാക്യം സ്വീകരിച്ചു കൊണ്ട് പ്ലാച്ചിമടയിൽ നടന്നുവരുന്നു. നിരക്ഷരയായ മയിലമ്മ പ്ലാച്ചിമടയിലെ ജല സംരക്ഷണ സമരത്തിന്റെ നേതൃത്വത്തിലെത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. 1937 ഓഗസ്റ്റ് 10ന് മുതലമട പഞ്ചായത്തിലെ ആട്ടയാംപതിയിലെ ആദിവാസി വിഭാഗമായ ഇരുളർ ഗോത്രത്തിൽ രാമൻ – കുറു മാണ്ടാ ദമ്പതികളുടെ മകളായിട്ടാണ് മയിലമ്മയുടെ ജനനം. വിവാഹ ശേഷമാണ് അവർ പ്ലാച്ചിമടയിൽ എത്തുന്നത്.നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മഴക്കാലത്തുപോലും വറ്റിവരളുന്നത് എന്തുകൊണ്ടാണെന്നുള്ള ചിന്ത അവരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. മാത്രവുമല്ല കുടിക്കുന്ന വെള്ളത്തിൽ ഉപ്പുരസവും ദുർഗന്ധവും. കുളിച്ചാൽ അസഹനീയമായ ചൊറിച്ചിലും. ദുർഗന്ധം കമ്പനി പരിസരത്തിലെ വീടുകളിലേക്ക് വന്നതോടെ വില്ലൻ കൊക്കകോള കമ്പനിയാണെന്ന സത്യം അവർ തിരിച്ചറിഞ്ഞു. ആദിവാസി സംരക്ഷണത്തിന്റെ ഭാഗമായി നടന്ന ഒരു യോഗത്തിൽ സംസാരിച്ച മയിലമ്മ ജലചൂഷണ സമരത്തിൽ സംഘടന ഭാഗമാകണമെന്നാവശ്യപ്പെട്ടു. സംഘടന സമരത്തിൽ ഇടപെട്ടില്ലായെങ്കിൽ താൻ മരണം വരെ സമരം ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു.


2002 ഏപ്രിൽ 22 ന് ആദിവാസികളെ സംഘടിപ്പിച്ചു കൊണ്ട് പ്രതീകാത്മക സമരത്തിന് മയിലമ്മ നേതൃത്വം കൊടുത്തു. കമ്പനിയുടെ മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങിയ പ്രതിഷേധക്കാർ കമ്പനിയുടെ വാതിൽ ഉപരോധിച്ചു. സമരം കരുത്താർജ്ജിച്ചതോടു കൂടി പെരുമാട്ടി പഞ്ചായത്ത്, ഫാക്ടറിയുടെ ലൈസൻസ് റദ്ദ് ചെയ്തു. ഒരു ആഗോള മൂലധനശക്തിക്കെതിരെ ആഞ്ഞടിച്ച ജനരോഷത്തിന് പിന്തുണ നൽകാൻ കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. വികസനത്തിന്റെ പേരിൽ പ്രാന്തവല്ക്കരിക്കപ്പെട്ടു പോയ ഒരു ജനതയുടെ ആത്മരോഷത്തിന്റെ തീച്ചൂടിൽ ഒരു പുതിയ ചരിത്രം അക്ഷരാർത്ഥത്തിൽ രചിക്കപ്പെടുകയായിരിന്നു. സമരം സുപ്രീം കോടതി വരെ എത്തി. ലോകത്തിന്റെ കണ്ണും കാതും പ്ലാച്ചിമടയിലേക്ക് തിരിച്ചുവിട്ടത് മയിലമ്മയുടെ നേതൃത്വ പാടവും സംഘാടന മികവും ആയിരുന്നു. മുംബൈയിൽ ലോക ജലദിനത്തിൽ നടന്ന സമ്മേളനത്തിൽ പ്ലാച്ചിമടയുടെ ദുരിതം വിവരിച്ച് അവർ ശ്രദ്ധ നേടിയിരുന്നു. ഇതിനുള്ള അംഗീകാരമായി ഔട്ട്ലുക് മാഗസിന്റെ സ്പീക്ഔട്ട്പുരസ്ക്കാരം മയിലമ്മയെ തേടിയെത്തി. ബി.ബി.സി.യും ന്യൂയോർക്ക് ടൈംസും ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളിൽ പ്ലാച്ചിമടയിലെ ജല സംരക്ഷണ സമരം വാർത്തകളിൽ ഇടം നേടി. അറ്റ്ലാന്റലിരുന്ന് ലോകത്തെ ശീതളപാനീയ വിപണിയെ നിയന്ത്രിച്ചിരുന്ന കൊക്കകോള കോര്‍പ്പറേഷൻ എന്ന ആഗോള ഭീമൻ മയിലമ്മയ്ക്ക് മുമ്പിൽ കീഴടങ്ങി പ്ലാച്ചിമടയിൽ നിന്ന് പലായനം ചെയ്തു. 2007 ജനുവരി 6 ന് സോറിയാസിസ് രോഗം ബാധിച്ച് മരിക്കുമ്പോൾ അവർക്ക് 69 വയസ്സായിരുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച മയിലമ്മയെ നമുക്ക് മറക്കാതിരിക്കാം. മയിലമ്മയേയും അവർ നയിച്ച ത്യാഗോജ്ജ്വലമായ സമര ചരിത്രത്തേയും…..

Read Also  ദിഷ രവിയുടെ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ മാർഗ്ഗ നിർദ്ദേശം

 

 

Spread the love

61 Comments

Leave a Reply