Monday, January 24

താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പൊതു ജനങ്ങളോട് പറഞ്ഞാലേ കേസെടുക്കാൻ കഴിയൂ എന്ന് സംസ്ഥാന വനിതാ കമ്മീഷൻ

താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പൊതു ജനങ്ങളോട് പറഞ്ഞാലേ കേസെടുക്കാൻ കഴിയൂ എന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സിപിഐഎമ്മും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. പി കെ ശശിയ്‌ക്കെതിരായ ലൈംഗീക പീഡന പരാതിയിൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ. സിപിഐഎമ്മിന് പരാതി ലഭിച്ചാൽ അത് കൈകാര്യം ചെയ്യാനുള്ള സംവിധാനം സിപിഐഎമ്മിനുള്ളിൽ ഉണ്ടെന്നും ജോസഫയിൻ പറഞ്ഞു.

ഇര പൊതുജനങ്ങളോട് വന്ന് ആക്രമിക്കപെട്ടുവെന്ന് പറയാതെയോ അവർ ഏതെങ്കിലും വിധത്തിൽ പുറത്ത് വന്ന് പരാതി പറയുകയോ ചെയ്യാതെ വനിതാ കമ്മീഷന് കേസെടുക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. പരാതി ലഭിച്ചാൽ അത് പൊലീസിന് കൈമാറേണ്ട രീതി മാർക്സിസ്റ്റ് പാർട്ടിയ്ക്ക് അറിയാമെന്നും പാര്‍ട്ടി ഇന്ന് വരെ അത്തരത്തിൽ ആണ് കൈകൊണ്ടിട്ടുള്ളതെന്നും അവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. മനുഷ്യരാൽ ഇത്തരം തെറ്റുകൾ സംഭവിക്കുമെന്നും അവർ പറഞ്ഞു. തനിക്ക് പരാതി ലഭിച്ചാൽ മാത്രമാണ് താൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളുകയെന്നും അവർ പറഞ്ഞു.

വനിതാ കമ്മീഷന്‍ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പ്രതികരിച്ചു. രാഷ്ട്രീയംനോക്കി നിലപാടെടുക്കുന്ന രീതി രാജ്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതാണ്. സ്വന്തം പാര്‍ട്ടിയുടെ എം.എല്‍.എ പീഡിപ്പിച്ചാല്‍ കേസെടുക്കില്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണെന്നും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നടപടിയാണ് ഇതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ മത സ്വാധീനമുള്ള ആളുകള്‍ പ്രതികളായ കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ല. സ്ത്രീക്ക് നീതി ലഭ്യമാക്കാന്‍ വനിതാ കമ്മീഷന് കഴിയില്ലെങ്കില്‍ അവര്‍ രാജിവെച്ച് പോകണം. സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് പറയാന്‍ അവര്‍ക്ക് ലജ്ജയില്ലേയെന്നും ബിന്ദുകൃഷ്ണ ചോദിച്ചു.

Spread the love
Read Also  പി കെ ശശിയ്‌ക്കെതിരെ വനിതാ നേതാവ് കേന്ദ്ര കമ്മിറ്റിയ്ക്ക് പരാതി നല്കി