Monday, January 17

എഴുത്തുകാര്‍ക്കെതിരെ മീ ടൂ ; കൂടുതല്‍ ഇരകളുടെ പേരുകള്‍ വെളിപ്പെടുത്തലുമായി

രണ്ടു ദിവസം മുമ്പ് അര്‍ഷാദ് ബത്തേരി, ശ്രീജിത്ത് അരിയല്ലൂര്‍ തുടങ്ങിയ  എഴുത്തുകാര്‍ക്കെതിരെ ലൈംഗികാതിക്രമാരോപണവുമായി രംഗത്തു വന്നിരുന്ന ആര്‍ഷയോടൊപ്പം  കൂടുതല്‍ സ്ത്രീകള്‍ അനുഭവം വെളിപ്പെടുത്തുന്നു. താന്‍ മാത്രമല്ല കൂടുതല്‍ സ്ത്രീകള്‍ ഇരകളാണെന്ന് പുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അവര്‍ എഴുതുന്നു.   അതിക്രമങ്ങള്‍ നേരിട്ട ഒരു സംഘം സ്ത്രീകള്‍ക്കു വേണ്ടിയാണ് ഇതെഴുതുന്നതെന്ന് ആര്‍ഷ  ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു.  സൗഭാഗ്യ ക്രിസ്റ്റ് സിയു, മൃദുല ഭവാനി, ആര്‍ഷ കബനി, അശ്വനി ആര്‍ ജീവന്‍ , ജയലക്ഷ്മി കോലോത്ത്, നീതു എന്‍ കെ ആര്‍,ഗിരിജ പതേക്കര,ആതിര ധര,അശ്വതി എം.സുബ്രഹ്മണ്യന്‍ എന്നിവരാണ്‌ ആര്‍ഷയ്‌ക്കൊപ്പം ചേരുന്നത്.

 എഫ് ബി പോസ്റ്റ്‌  

പൊതുവെ എല്ലാവരും കേട്ടിട്ടുള്ള ഒരു ചൊല്ലാണ് എഴുത്തുകാരന് പെണ്ണ് വീക്ക്നെസാണെന്നത് . ശാരീരികമായും മാനസികമായും പെണ്ണിനുനേരെ അക്രമം നടത്തുന്ന കപട എഴുത്തുകാരാണ് ഈ ചൊല്ലിന്റെ നിര്‍മ്മാതാക്കള്‍. 
ശ്രീജിത്ത് അരിയല്ലൂരിനേയും, അര്‍ഷാദ് ബത്തേരിയേയും (തുറന്നു പറയുക ,പേരുകളിവിടെ കൂട്ടിച്ചേര്‍ക്കപ്പെടണം) പോലുള്ളവരുടെ അക്രമം ഇനി തുടരാന്‍ അനുവദിക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ഞങ്ങളെഴുതുന്നു…ഞങ്ങള്‍ സൗഭാഗ്യ ക്രിസ്റ്റ് സിയു, മൃദുല ഭവാനി, ആര്‍ഷ കബനി, അശ്വനി ആര്‍ ജീവന്‍ , ജയലക്ഷ്മി കോലോത്ത്, നീതു എന്‍ കെ ആര്‍,ഗിരിജ പതേക്കര,ആതിര ധര,അശ്വതി എം.സുബ്രഹ്മണ്യന്‍ …..പേരെടുത്ത് പറഞ്ഞാല്‍ പറഞ്ഞുതീരാതത്രയും സ്ത്രീ
കള്‍ ഒന്നിച്ചുനിന്നെഴുതുന്നു.
ഈ ചൊല്ല് രൂപപ്പെട്ടുവന്നത് പലകാലങ്ങളിലൂടെയാണ്. എന്നാല്‍ ഇത് നിര്‍മ്മിക്കപ്പെട്ടത് ഓരോ കാലഘട്ടത്തിലേയും ഒരു ചെറിയ വിഭാഗം എഴുത്തുകാരാലാണ്. 

പ്രണയമില്ലാതെ സ്ത്രീശരീരത്തിലേക്ക് കടന്നുകയറ്റം നടത്തിയും , സ്ത്രീകളെ ട്രാപ്പ്ചെയ്ത് സ്വന്തം വരുതിയില്‍ നിര്‍ത്തിയും, അവളെ നിശബ്ദയാക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടാക്കി ഈ വിഭാഗക്കാര്‍ പെണ്ണിനെ കാലങ്ങളായി ഉപയോഗിച്ചുവരുന്നു. 
ചില എഴുത്തുകളോടും അതെഴുതിയ ആളോടും ലിംഗഭേദമന്യേ ആളുകള്‍ക്ക് ആരാധന തോന്നാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയെയാണ് പല എഴുത്തുകാരും തന്റെ രതിതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത്. സാഹിത്യക്കൂട്ടായ്മകള്‍ ,സാഹിത്യക്യാമ്പുകള്‍ എന്നു തുടങ്ങി പല ഇടങ്ങളില്‍നിന്നും വായനക്കാരികളില്‍ രൂപപ്പെടുന്ന ആരാധനയെ ഉപയോഗിച്ച് അവരെ കിടപ്പറയിലെത്തിക്കുന്ന സൂത്രശാലികളാണ് പല എഴുത്തുകാരും. ഇവിടെ പ്രണയമോ, സ്നേഹമോ ഇല്ല . ശരീരവും കാമവും മാത്രമാണ് ഇവരുടെ ലക്ഷ്യം.

രതി ലക്ഷ്യംവെച്ചുകൊണ്ടുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ ഇത്തരക്കാര്‍ സ്ത്രീകളോട് ബന്ധം സ്ഥാപിക്കും. അതിലൊരുവഴി വളരെ സൗഹാര്‍ദപരമായി സ്ത്രീകളോട് ബന്ധം തുടങ്ങുന്നു എന്നതാണ്. അതിലൂടെ അവരെ ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്യും. ഇഷ്ടപ്പെട്ട എഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും സ്ത്രീകള്‍ നിലവിലുള്ള സൗഹൃദത്തിന്റെ പുറത്ത് അവര്‍ ഫോണ്‍വിളിച്ചാല്‍ സംസാരിക്കുകയും, മെസേജുകള്‍ക്ക് മറുപടി കൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ അവര്‍ ബന്ധം വളര്‍ത്തുകയും പിന്നീട് അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും . പിന്നെ നടക്കുക, തുറന്നരതി എന്നുപറയുന്നത് സ്വതന്ത്രചിന്തയുടെ ഭാഗമാണെന്നും , സ്വാതന്ത്ര്യം കണ്ടെടുക്കേണ്ടത് രതിയിലൂടെയാണെന്നുമുള്ള ബ്രയിന്‍ വാഷിങ് ആണ്. ഇത്തരക്കാരുടെ പ്രണയത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ക്ക് അവരൊരുക്കുന്ന വലിയ കെണി എന്നത് അവരുടെ നഗ്‌നചിത്രങ്ങള്‍ എടുക്കുക എന്നതാണ്. പുരുഷസമൂഹത്തിന്റെ നിയമവ്യവസ്ഥകള്‍ രൂപപ്പെട്ടതുമുതല്‍ പെണ്ണ് സ്വന്തം നഗ്‌നതയെ ഭയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ശാരീരികവും മാനസികവുമായി മുറിപ്പെടുന്നതിലും അവരെ വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിക്കപ്പെടുമല്ലോ എന്ന ചിന്തയാകും. അവിടെ അവള്‍ ചൂഷണം ചെയ്യപ്പെട്ടു എന്നറിഞ്ഞിട്ടും എന്നന്നേക്കുമായി നിശബ്ദയാകേണ്ടിവരികയാണ്.

Read Also  'ലൈംഗികാപവാദം' ദശാബ്ദങ്ങൾ കഴിഞ്ഞാലും സ്ത്രീകൾക്ക് പരാതി നൽകാം ; പ്രിയ രമണി കേസിൽ എം ജെ അക്ബറിനു തിരിച്ചടി

ആളുകളോട് അടുത്തിടപഴകുന്ന സ്ത്രീകളാണെങ്കില്‍ ഇവരുടെ സമീപനം മറ്റൊരു തരത്തിലാകും. ഒരുതരത്തില്‍ ആദ്യം സംസാരിക്കുമ്പോള്‍തന്നെ ഇവര്‍ രതിതാല്‍പ്പര്യം അറിയിക്കും. താല്‍പ്പര്യമില്ലെന്നു പറഞ്ഞാല്‍ ഇനി അങ്ങനെ ഒന്നും ഉണ്ടാവുകയില്ലെന്നും മാന്യമായ രീതിയിലെ ഇടപെടുകയുള്ളെന്നും ഉറപ്പ്തരും. ഈ ഒരുവാക്കിന്റെ പുറത്ത് ആദ്യം തോന്നിയ ഈര്‍ഷ്യയെ മറക്കുന്ന ആളുകളോട് വളരെ കാലത്തേക്ക് ഇവര്‍ മാന്യമായ ബന്ധം തന്നെതുടരും. ഇവിടെ അവസാനം എത്തിച്ചേരേണ്ട ലക്ഷ്യമായ രതി ഇവര്‍ വിട്ടുകളയുകയില്ല. ഇത്തരക്കാര്‍ ബോധപൂര്‍വ്വംതന്നെ ഇവര്‍ ലക്ഷ്യം വെക്കുന്ന സ്ത്രീകളെ നേരിട്ട് കാണാന്‍ ശ്രമിക്കും.സോഷ്യല്‍ മീഡിയവഴി കോണ്‍ടാക്റ്റ് ചെയ്തുകൊണ്ടിരിക്കും. നിരന്തരം വരുന്ന മെസേജുകള്‍ക്ക് മറുപടി കൊടുത്താല്‍ അവര്‍ ഇതും ബന്ധത്തിന്റെ തെളിവുകളെന്ന നിലയില്‍ ശേഖരിച്ചുവെക്കും. പിന്നെ കാണാനുള്ള ശ്രമങ്ങളുണ്ടാവും .കാണുമ്പോഴൊക്കെ ഫോട്ടോകള്‍ എടുക്കാനുള്ള ശ്രമവും. ഇതൊക്കെ തെളിവുകളാണ്. പെണ്ണ് നേരിട്ട അപമാനവും ശല്യംചെയ്യലുകളും പറയാതിരിക്കാനുള്ള തെളിവുകള്‍. 

ചില സാഹിത്യകാരന്മാര്‍ തങ്ങളെ പരിഗണിക്കാത്ത സ്ത്രീകളെ പൊതുവേദിയില്‍ അപമാനിച്ചുതുടങ്ങും. അവരെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നതിനൊപ്പം തീര്‍ത്തും പരുഷമായ വാക്കുകളാല്‍ അടിച്ചമര്‍ത്താനും ശ്രമിക്കും. മിക്ക സാഹിത്യ ക്യാമ്പുകളും ,സാഹിത്യക്കൂട്ടായ്മകളും ഇത്തരക്കാരെ പരിപോഷിപ്പിക്കുന്നു. വായനയെ എഴുത്തിനെ സ്നേഹിക്കുന്ന ചെറിയപെണ്‍കുട്ടികള്‍വരെ ഇവരുടെ ശല്യം സഹിക്കേണ്ടിവരുന്നു. സ്വതന്ത്ര്യ ചിന്താഗതിക്കാരായും, പൂരോഗമനവാദികളായും വാഴിക്കപ്പെടുന്ന ഇത്തരം ആളുകളെ സ്ത്രീകള്‍ തിരിച്ചറിയേണ്ടതുണ്ട്. 

സ്ത്രീകള്‍ ഇതുവരെ പലതരത്തില്‍ ഒതുക്കിവെച്ച ,പലസാഹചര്യംകൊണ്ടും വെളിപ്പെടുത്താതെ പോയ അവരെ ആഴത്തില്‍ വേദനിപ്പിച്ച കാര്യങ്ങളാണ് ഇപ്പോള്‍ തുറന്നുപറയുന്നത്. സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ട അവസ്ഥയേയും അതിതുവരെ മൂടിവെക്കേണ്ടിവന്ന സാമൂഹിക സാഹചര്യത്തേയും തിരിച്ചറിയേണ്ടതുണ്ട്. ഈ അടുത്ത ദിവസങ്ങളിലായും, അതിനുമുന്‍പും ഞങ്ങളുമായി നേരിട്ടും, മെസഞ്ചറിലൂടെയും ,ഫോണിലൂടെയും ബന്ധപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങളില്‍ നിന്നുകൂടിയാണ് ഇതെഴുതുന്നത്. അക്ഷരങ്ങളുടെ പേരില്‍ ഇനിയെങ്കിലും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കട്ടെ. പെണ്ണിനെ മാനസികവും, ശാരീരികവുമായി അക്രമിച്ചുകൊണ്ടല്ല എഴുത്തിനെ ഉത്തേജിപ്പിക്കേണ്ടതെന്ന ചിന്തയും എഴുത്തുകാര്‍ക്കുണ്ടാവട്ടെ. 

പുതുതലമുറയിലെ എഴുത്തുകാരിലും , ഇനി എഴുതി തുടങ്ങാനുള്ള ആളുകളിലും, നിലവില്‍ എഴുത്തില്‍ നിലനില്‍ക്കുന്ന ആളുകളിലും എഴുത്തിന്റെ മൂല്യമാണ് വളര്‍ന്നുവരേണ്ടത്. ഒരു കൃതിയിലൂടെ എഴുത്തുകാരനിലേക്കല്ല , ആ കൃതിയുടെ ആശയത്തിലേക്കോ ,അതിന്റെ അനുഭവതലത്തിലേക്കോ ആണ് വായനക്കാര്‍ എത്തിച്ചേരേണ്ടത്. എഴുത്തില്‍ ചിലര്‍ എടുത്തണിയുന്ന കാപട്യം നിറഞ്ഞ മുഖംമൂടികള്‍ വായനക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ സാഹിത്യക്യാമ്പുകളിലുമറ്റും പങ്കെടുക്കുമ്പോള്‍ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുക. കാരണം ഇത്തരക്കാര്‍ വലവിരിക്കുന്നത് പ്രത്യക്ഷത്തിലായിരിക്കില്ല. ഇനി പെണ്‍കുട്ടികളോ, സ്്്ത്രീകളോ ഇത്തരക്കാരുടെ മാനസികമോ, ശാരീരികമോ ആയ ചൂഷണങ്ങള്‍ക്ക് ഇരയാവാന്‍ പാടില്ല. അത്തരത്തിലുള്ള പക്വമായ സാമൂഹിക അവസ്ഥ ഇവിടെ നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്.

നവംബര്‍ 17 ലെ ആര്‍ഷ കബനിയുടെ  എഫ് ബി പോസ്റ്റ്‌ 

പല എഴുത്തുകാരും ‘സാഹിത്യ പ്രവർത്തകരും ‘ രതിവൈകല്യങ്ങളെ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ് .കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് ഇത്തരം ആളുകൾ കാണുന്നത്. സ്ത്രീയുടെ ആന്തരിക ആഴം, സ്ത്രീയുടെ പവിത്രത ,പ്രസവം; ആർത്തവം തുടങ്ങി സ്ത്രീകളെ തൊട്ടറിഞ്ഞവരെന്ന് എഴുത്തിലൊക്കെ ശർദ്ദിച്ച് വെച്ചിട്ട് പെണ്ണിനെ കാണുമ്പോൾ കൊത്തിപ്പറിക്കുന്ന മനുഷ്യരെ എഴുത്തുകാരെന്ന് വിളിക്കേണ്ടിവരുന്നതിൽ വിഷമമുണ്ട്.

Read Also  പാ രഞ്ജിത്ത് രജനി കാന്തിലൂടെ ബി ജെപി അജണ്ട നടപ്പാക്കുകയാണ്':ലീന മണിമേകലൈ

ഞാൻ ഡിഗ്രിയിൽ പഠിക്കുന്ന കാലത്താണ് അർഷാദ് ബത്തേരിയെ പരിചയപ്പെടുന്നത്. അന്നയാൾ എന്റെ മകളെപ്പോലെയാണ് നീയെന്ന് പറഞ്ഞിരുന്നു. പിന്നീട് എന്റെ കാമുകിയാകാമോ എഴുത്തിൽ ഒപ്പം നിക്കാമോ എന്നും ചോദിച്ചു. ചിലപ്പോൾ മിഠായികൾ, മുത്തുമാല, പുസ്തകങ്ങൾ തുടങ്ങിയവയൊക്കെ കൊണ്ടുത്തരും. “എന്നെ ടൗണിൽ കണ്ടാൽ ആളുകൾ തിരിച്ചറിയും പലതും പറഞ്ഞുണ്ടാക്കും. കാറിലിരുന്ന് സംസാരിക്കാമെന്ന് പറയും ” .പുൽപ്പള്ളി ടാണിന് പരിസരത്തുള്ള ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കും. ഇടക്കെവിടെയെങ്കിലും നിർത്തിയിട്ട് സംസാരിക്കും.
കവിതകളാണ് കൂടുതലും പറയുക. കവിത ഇഷ്ടപ്പെടുന്നവൾക്ക് കവിതയിലൂടെ കെണി.ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കെ അയാൾ എന്റെ മുലകളിൽ കയറിപ്പിടിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ അതിനു മുൻപും ശേഷവും ഞാനിതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. ഒരാളിൽ കാമം മാത്രമായി രൂപപ്പെടുന്ന വികാരത്തിനു പോലും ഒരു നിലവാരമുള്ളതായാണ് എനിക്ക് തോന്നുന്നത് .ഇതിപ്പോൾ മാനസിക വൈകൃതമെന്നല്ലാതെ എന്താണ് പറയേണ്ടത്. ” മാസം തികയാതെ ജനിച്ച തന്റെ കുഞ്ഞ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുലപ്പാൽ കല്ലിച്ച് അസ്വസ്ഥതപ്പെടുന്ന ഭാര്യയുടെ നെഞ്ചിലേക്ക് ഒരു കുഞ്ഞിന്റെ ചുണ്ടുകളുമായി എത്തിപ്പെടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എഴുതിയ ആളാണ്.”

ആ എഴുത്ത് വായിച്ച് പല സ്ത്രീകളും തന്റെ വിരലുകളിൽ ചുംബിക്കണമെന്ന് പറഞ്ഞതായി അയാൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ദിവസങ്ങളിലെന്നോ ആണ് എങ്ങോട്ടെങ്കിലും യാത്ര പോകാമെന്നും, നിനക്കെന്നോട് അഭിനിവേശം തോന്നുന്നില്ലേ എന്നുമൊക്കെ അയാൾ ചോദിച്ചത്. എന്തായാലും ആ ബന്ധം ഞാനങ്ങനെ അവസാനിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിൽ നീ എനിക്ക് മോളെ പോലെയാണ് എന്ന് പറഞ്ഞ് അയാൾ സമീപിച്ചതായി പല സുഹൃത്തുക്കളും പറയുന്നതുകേട്ടു .
കവി ശ്രീജിത്തരിയല്ലൂരിന്റെയും പ്രശ്നം ഇതൊക്കെ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ഒരവസരമുണ്ടായി. ഒരു വർഷം മുൻപ് മഞ്ചേരിയിലെ ഒരു സാഹിത്യ കൂട്ടായ്മയുടെ പരിപാടി കഴിഞ്ഞ് തിരികെ പോരുമ്പോൾ … കോഴിക്കോട്ടേക്കാണെങ്കിൽ ഒരുമിച്ച് പോകാമെന്ന് ഞാനയാളോട് പറഞ്ഞു.ബസിൽ കയറിയതു മുതൽ അനാവശ്യമായി ശരീരത്തിൽ കൈവെക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു അയാൾക്ക് … കോഴിക്കോട്ടെത്തിയപ്പോൾ ഇന്ന് ഒരുമിച്ച് നിക്കാമെന്നായി. ഞാൻ ആദ്യമായി കാണുന്ന വ്യക്തിയായിരുന്നു. മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി കാണുന്ന ആളോട് അപ്പോൾ തന്നെ കൂടെ പോരുന്നോ എന്ന് ചോദിക്കുന്ന പ്രണയകവിതകളെഴുതി ലോകത്തെ തോൽപ്പിക്കുന്ന കവി!

പിന്നീട് കോഴിക്കോടുവെച്ച് കണ്ടപ്പോൾ പല സ്ത്രീകളുമായി അയാൾക്കുണ്ടായ രതിബന്ധങ്ങളെക്കുറിച്ച് പറഞ്ഞു. എല്ലാവരുടേയും നഗ്നഫോട്ടോസുണ്ട് കയ്യിലെന്നും ആരെങ്കിലും തനിക്കെതിരെ ശബ്ദമുയർത്തിയാൽ ഉപയോഗിക്കാനുള്ള ആയുധമാണതെന്നും പറഞ്ഞു. ഇതൊന്നുമറിയാതെ ഒരുവൾ വീട്ടിലുണ്ടെന്നും .അത് വെറും ഭാര്യയാണെന്നും പറഞ്ഞു ..വെറും ഭാര്യ!
ഇന്നുപോലും സംസാരത്തിനിടയിൽ എന്റെ പെൺ കവി സുഹൃത്തുക്കൾ അയാളെക്കുറിച്ച് ഇത്തരം അനുഭവങ്ങൾ തന്നെയാണ് പറഞ്ഞത്.
ഇവരെയൊന്നും സംബന്ധിച്ച് എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല… കെണിയാണ്… നിറം പുരട്ടിവെച്ച അക്ഷരക്കെണി.

 

Spread the love

Leave a Reply