Wednesday, January 19

മീ റ്റൂ  #കേരളം: തങ്ങളെ അമ്പലത്തില്‍ കേറ്റരുതെന്ന് ഋതുമാളികപ്പുറങ്ങള്‍

ആഗോളതലത്തില്‍ സ്ത്രീവിമോചനചിന്തകളും പ്രസ്ഥാനങ്ങളും ശക്തി പ്രാപിക്കുകയാണ്. പീഢനത്തിനിരയായ വനിതയ്ക്കും പീഢനത്തിനിരയായവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കും നോബല്‍ സമ്മാനം കൊടുത്ത് സ്വീഡിഷ് അക്കാദമി അത്തരക്കാരെ ആദരിക്കുകപോലും ചെയ്യുകയുണ്ടായി. ഇങ്ങ് കേരളത്തില്‍ മാത്രം എന്തുകൊണ്ടോ വിപരീതപ്രകടനം നടക്കുകയാണ്. എന്തുകൊണ്ടാെണെന്ന് പറയാനാവില്ല.  അറിവും ചിന്താശേഷിയും അവകാശബോധവുമില്ലാത്തതിനാലാണ് അത്. മറ്റേതൊരു സാമൂഹിക പ്രശ്നത്തിലും തെരുവിലിറങ്ങിയിട്ടില്ലാത്ത സ്ത്രീകളാണ് അവരിലേറെയും. അതാകട്ടെ മതകേന്ദ്രിതമായ ആണധികാരരാഷ്ട്രീയം സ്ഥാപിച്ചെടുക്കാനുള്ള അറ്റ കൈ പ്രയോഗവുമാണ്. അല്ലെങ്കില്‍ രാജ, പുരോഹിത മേധാവിത്വത്തിന് ഊന്നല്‍ കൊടുക്കുന്ന ഇവരെന്തിനാണ് പെണ്ണുങ്ങളെ തെരുവിലിറക്കുന്നത്.

മീ റ്റൂ കാമ്പയിന്‍ പ്രകടനം

ലോകമെമ്പാടും മീ റ്റൂ പ്രസ്ഥാനം ശക്തി പ്രാപിക്കുകയാണ്. വോക്സ്.കോം റിപ്പോര്‍ട്ട് പ്രകാരം 2017 ഏപ്രില്‍ മുതല്‍ 2018 ഒക്ടോബര്‍ എട്ടുവരെ ഇരുനൂറ്റമ്പതിലധികം പ്രമൂഖര്‍ ലൈംഗികാപവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെയും മാധ്യമരംഗത്തെയും രാഷ്ട്രീയരംഗത്തെയും കമ്പനി മേധാവികളുടെയും പേരുകള്‍ പുറത്ത് വന്നിരിക്കുകയാണ്. റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.

റൊണാള്‍ഡോ

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഗോ ഫണ്ട് മി എന്ന സംഘടനയ്ക്ക്  എമ്മാ വാട്സന്‍റെ നേതൃത്വത്തില്‍ ചലച്ചിത്രനടിമാര്‍ ഒരു മില്യണിലേറെ ബ്രിട്ടീഷ് പൗണ്ട്  സംഭാവന നേടുകയുണ്ടായി.

എമ്മാ വാട്സന്‍

അന്താരാഷ്ട്രതലത്തില്‍ ശക്തി പ്രാപിച്ച മീ റ്റൂ കാമ്പയിന്  ഇന്ത്യയിലും നല്ല പ്രതികരണം ഉണ്ടാകുന്നുണ്ട്. കേന്ദ്രവിദേശകാര്യമന്ത്രി എം.ജെ. അക്ബറിന് വിദേശയാത്ര കഴിഞ്ഞെത്തുമ്പോള്‍ സ്ഥാനമുണ്ടാകുമോ എന്നത് ലൈംഗികാപവാദത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം തന്നെ കുടുങ്ങിയതിന് തെളിവാണ്. മുമ്പ് മാധ്യമ പത്രാധിപരായിരുന്നപ്പോള്‍ ലൈംഗികപീഢനം നടത്തിയെന്ന് മാധ്യപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയതോടെയാണ് വിദേശകാര്യമന്ത്രി കുടുക്കിലായിരിക്കുന്നത്.

എം ജെ അക്ബര്‍

കാലങ്ങളായി ഗോസിപ്പുകളിലും ലൈംഗികാതിക്രമങ്ങളിലും കുടുങ്ങിക്കിടക്കുന്ന മേഖലയാണ് സിനിമാ വ്യവസായം. കലയെക്കാള്‍ അവിടെ ലൈംഗികത പ്രധാനമാണ് താനും. തൊഴിലില്‍ നിന്നൊഴിവാക്കപ്പെടുകയോ വിട്ടു പോകേണ്ടി വരുകയോ ചെയ്യുമെന്ന പേടി മൂലം പല പെണ്ണുങ്ങളും ദുരനുഭവങ്ങള്‍ തുറന്നു പറയാറുമില്ല. എന്നാല്‍ ഇന്ത്യയില്‍ മീ റ്റൂ കാമ്പയിന് തുടക്കമിട്ടതും സിനിമാരംഗമാണ്. 2008ല്‍ ഒരു സിനിമാ ഷൂട്ടിംഗിനിടെ നടന്‍ നാനാ പടേക്കര്‍ തന്നോട് അതിക്രമം കാട്ടിയെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലാണ് ഇന്ത്യയില്‍ മീ റ്റൂ പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തേകിയത്.

നാനാ പടേക്കര്‍

തനുശ്രീ ദത്തയുടെ കരുത്തുറ്റ തീരുമാനം കങ്കണ റാവുത്തിനെയും നയന ദീക്ഷിതിനെയുമൊക്ക പ്രചോദിതരാക്കി. അവരുടെ വെളിപ്പെടുത്തലുകള്‍ നെറ്റ് ഫ്ലിക്സിന്‍റെ സേക്രട്ട് ഗെയിംസിന്‍റെ പ്രധാനിയും സിനിമാ നിര്‍മ്മാതാവുമായ വികാസ് ബാലിനെയും നിര്‍മ്മാതാവും നടനുമായ രജത് കപൂറിനെയും ആരോപിതരാക്കി. നടി ഗീതിക ത്യാഗിയുടെ വെളിപ്പെടുത്തല്‍ തിരക്കഥാകൃത്ത് സുഭാഷ് കപൂറിനെതിരായിരുന്നു. നിര്‍മ്മാതാവ് ഗൗരംങ് ദോഷിയെ നടി ഫ്ലോറ സൈനി കുറ്റപ്പെടുത്തി. ബോളിവുഡ് ഗായിക സോന മഹാപത്ര ഗായകന്‍ കൈലാഷ് ഖേറിനെതിരെ ആരോപണം ഉയര്‍ത്തി. മലയാള നടന്‍ മുകേഷിനെതിരെയും പരാതി ഉയര്‍ന്നിരുന്നു.

പ്രമുഖ എഴുത്തുകാര്‍ക്ക് നേരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്താണ് അവരില്‍ പ്രധാനി. എഴുത്തുകാരായ കിരണ്‍ നാഗര്‍ക്കറും സുഹേല്‍ സേത്തും ആരോപണത്തില്‍ പെടുന്നുണ്ട്. ഗാനരചയിതാവായ വരുണ്‍ ഗ്രോവറിനെതിരെയും മോശം പെരുമാറ്റത്തിന് പരാതി വന്നിട്ടുണ്ട്. പാട്ടുകാരി ചിന്മയി ശ്രീപാദ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെ പരാമര്‍ശിച്ചതും പ്രധാനമാണ്.

വൈരമുത്തു

ചലച്ചിത്രതാരങ്ങളെപ്പോലെ ടി വി താരങ്ങളും പരാതിക്ക് അടിപ്പെട്ടിട്ടുണ്ട്. ടി വി താരം അലോക് നാഥിനെതിരെ എഴുത്തുകാരിയും നിര്‍മ്മാതാവും സംവിധായികയുമായ വൃന്ദാ നന്ദ പരാതി ഉന്നയിച്ചു. അലോക് നാഥിനെതിരെ മറ്റ് മൂന്ന് വനിതകളും പരാതി ഉന്നയിച്ചിട്ടുണ്ട്. പേരു വെളിപ്പെടുത്താത്ത വനിത രോഹിത് റോയിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇന്‍റർവ്യുവിനെത്തിയ തന്നോട്  ഫോട്ടോഗ്രാഫര്‍ പാബ്ലോ ബാര്‍ത്തലോമിയോ മോശമായി പെരുമാറിയെന്ന് ഫോട്ടോഗ്രാഫറായ അനിരുദ്ധ ദാസ് വെളിപ്പെടുത്തിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍, പരസ്യകലാകാരന്മാര്‍, വ്യവസായ പ്രമുഖര്‍ എന്നിങ്ങനെ മേഖലകളിലെ കൂടുതല്‍ പേര്‍ ആരോപണവിധേയര്‍ ആയിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും വികസന കാര്യമന്ത്രി മനേകാ ഗാന്ധി മീ റ്റൂ കാമ്പയിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു കഴിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ് പാലിനെതിരായി അഞ്ച് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസ് ഇനിയും വിചാരണയ്ക്കെടുത്തിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ ആരോപിതരില്‍ ചിലര്‍ക്കെങ്കിലും കേസും വിധികളുമൊക്കെ വരുമ്പോഴേയ്ക്കും കാലപുരി പൂകാന്‍ കഴിഞ്ഞേക്കും എന്ന് പ്രത്യാശിക്കാം.

 

Spread the love

Leave a Reply