Monday, January 24

കറുത്ത പെണ്ണുടലും കാമവും #Me Too ഒരു ദലിത് വായന

സത്യ ദലിത്

കറുത്ത പെണ്ണുങ്ങളിൽ ഒരാളായിരുന്ന ആഫ്രിക്കക്കാരി തരന ബുർക്കാണ് `#Me Too ക്യാമ്പയിനുമായി രംഗത്തുവന്നത്.എന്നാൽ, ഈ ശബ്ദവും ഈ മൂവ് മെൻ്റും ലോകം മുഴുവൻ കുലുക്കിയിട്ടും പിന്നീട് ആഫ്രിക്കൻ വൻകരയിൽ നിന്നും അത്രയൊന്നും പിൻബലം ഇതിനുണ്ടായിട്ടില്ലെന്നാണ് പറയുന്നത്.

പോൺ സൈറ്റുകളിൽ പോലും കറുത്തപെണ്ണുടലിനുവേണ്ടി ആരും തിരയാത്ത ഭാരത ഖണ്ഡത്തിൽ ഇതുവരെ ദളിത് ന്യൂനപക്ഷങ്ങൾ ഉറക്കെ പറയുന്നില്ല ഞാനുമുണ്ടേന്ന്. ഇതിൽ നിന്നും മനസിലാക്കപ്പെടുന്നത് ഇവിടെ കറുത്ത ശരീരം ആൺ ഭോഗത്തിനു വിധേയമാകുന്നില്ലെന്നല്ല. മറിച്ച് #Me Too ഇവിടെ ഒരു അർബൻ ഫെമിനിസത്തിൻ്റെ ഭാഗം മാത്രമാണെന്നതാണ്. ആകാര ഭംഗികൊണ്ടും സാമ്പത്തിക സ്ഥിരതകൊണ്ടും സ്വന്തമായ ഇടം കണ്ടെത്തുകയും എന്നാൽ സമീപ കാലത്ത് ചിലയിടങ്ങൾ നഷ്ടമാകുകയും ചെയ്യുന്ന സുന്ദരികൾ ഉയർത്തുന്ന മാറ്റത്തിൻ്റെ ശബ്ദങ്ങളാണ് അതിന്ത്യയിൽ.

ഒരിക്കലും എന്നെപ്പോലൊരാൾ ഇതു തള്ളിപ്പറയുന്നില്ല. പ്രത്യേകിച്ചും സ്ത്രീകളുടെ ശബ്ദം വീട്ടുമുറ്റത്തുനിന്നും പുറത്തു കേൾക്കണമെന്ന വാശിയുള്ളപ്പോൾ.

ലൈംഗികതയുടെ നിർവചങ്ങൾക്കുള്ളിൽ നിൽക്കാത്ത, നിയമങ്ങൾക്കുള്ളിൽ നിൽക്കാത്ത, എന്തു കുറ്റം ആരു ചെയ്താലും അതു പുറത്തു വിളിച്ചുപറയുകയോ ശിക്ഷിക്കപ്പെടുകയോ വേണം.

 തനുശ്രീ ദത്തയ്കിപ്പോൾമുപ്പതു കഴിയുന്നു.അവർ ഇന്ത്യൻ സിനിമയിലെ തന്നെ കരുണാമയനെന്ന ഇമെജുള്ള നാനാ പടേക്കർക്കെതിരേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു ശരാശരിക്കു  താഴെയുള്ള ദളിത് പെൺകുട്ടിയുടെ അവസ്ഥയൊന്നാലോചിച്ചു നോക്കൂ, പറഞ്ഞു വന്നത് ഉത്തരേന്ത്യൻ ഗ്രാമത്തിലോ കേരളത്തിൻ്റെ ആദിവാസി അല്ലെങ്കിൽ ദളിത് കോളനികളിലോ വളർന്നു വന്ന ഒരു മുപ്പതുകാരിയെപ്പറ്റിയൊന്നു ചിന്തിക്കൂ.അവിടെ നിന്നും വേണം #Me_Too തുടങ്ങാൻ.

ഇന്ത്യയിൽ ഓരോ ദളിത് സ്ത്രീകളും ലൈംഗികചൂഷണത്തിനു വിധേയമാകുമ്പോൾ  അതൊക്കെ ഗവേഷകർക്ക് പഠിക്കാനും സർക്കാർ കണക്കുപുസ്തകങ്ങളിൽ ഡേറ്റകളായി ഒതുങ്ങാനുമുള്ള ചില ഏർപ്പാടുകൾ മാത്രമായി എന്നേ മാറിക്കഴിഞ്ഞു.

നമ്മുടെ ജനകീയ സഭകളിൽ ക്ഷേമ പുനരധിവാസ പരിപാടികൾ തയ്യാറാക്കാൻ അല്ലെങ്കിൽ ഇരകൾക്ക് പണം കോമ്പൻസേഷനായി നൽകാനുള്ള  അസംബന്ധം മാത്രമാണ് ആക്രമിക്കപ്പെടുന്ന ദളിത് ന്യൂനപക്ഷ പെണ്ണുങ്ങൾ. അതായത് പണം കൊടുത്ത് നടത്തുന്ന വേഴ്ചയായികണ്ടുകൊണ്ട്  അവരെ വീണ്ടും മാനഭംഗപ്പെടുത്തുന്നു.ഒന്നോർത്തുനോക്കു, ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി അതിൻ്റെ കൊമ്പൻസേഷനു വേണ്ടി ആപ്ലിക്കേഷൻ കൊടുക്കുന്ന കാഴ്ച. അതിൽപരം അധമമായി എന്താണുള്ളത്.അങ്ങനെയാണൊരു പക്ഷത്തെ #Me Too.

ഇനി മറ്റൊരു കാര്യം കൂടി പറയാം. #Me two വിൽ സെലിബ്രിറ്റിപ്രതികൾ മാത്രമേ എതിർ പക്ഷത്ത് നിൽക്കുന്നുള്ളു. ഞങ്ങളിലെ സ്ത്രീകൾ നിരന്തരം എക്സപ്ലോയ്റ്റേഷനു വിധേയമാകുന്നുണ്ട് .അത് ഈ സമൂഹത്തിന്റെ കോവേണിയിലെ ഉന്നതൻമാരാലല്ല. മറിച്ച് നിരന്തരം യാത്ര ചെയ്യുന്ന ബസുകളിലെ കോവേണി പടികളിൽ നിൽക്കുന്ന ‘കിളി’കൾ മുതൽ റേഷൻ കടയിലെ കൊമ്പത്തെ കൊച്ചാട്ടൻമാരും തോട്ടത്തിലെ കണ്ടാലറപ്പു തോന്നുന വാച്ചർമാരും ഒക്കെ ഉൾപ്പെടുന്ന ഒരു സമൂഹത്താലാണ്. അതുകൊണ്ട് തന്നെ കേഴ്വിക്കാർ കുറവാകും.

ഉത്തരേന്ത്യയിലായാലും ഇനി സൗത്തിലായാലും കറുത്ത പെണ്ണുടലിൽ സെക്സിന്റെ സൗന്ദര്യപരമായ ഇടപെടലല്ലല്ലോ ഉണ്ടാക്കുന്നത് .ഒരു ബീഡി കത്തിച്ച് തുടകളിൽ പൊള്ളിക്കാനും പൊതു സദസിൽ ഉടു വസ്ത്രം വലിച്ചൂരിഞ്ഞ് മേലാളത്തം ആഘോഷിക്കാനുമാണ് ശ്രമിക്കുന്നത്. ഇതെല്ലാം ജാതീയമായ പരാമർശങ്ങളിലോ കണക്കുകളിലോ ‘ഒതുക്കുന്നു. അതായത്  ഇപ്പോഴാഘോഷിക്കുന്ന വെർജിനിറ്റിയുടെ വില ഈ ജാതിപ്പെണ്ണുങ്ങൾക്കില്ല എന്നതാണ് അവിടെ വേർതിരിയുന്ന പൊതുബോധം അതുകൊണ്ട് ഇവിടെ ഉറപ്പിച്ചു പറയാം ഇന്ത്യൻ #Me Too സെലിബ്രിറ്റി സ്റ്ററ്റാറ്റസുള്ള പെണ്ണുങ്ങൾ അതേ സ്റ്റാറ്റസുള്ള ആണുങ്ങൾക്ക് നേരെ നേരമ്പോക്കിനയയ്ക്കുന്ന കളിയമ്പുകൾ മാത്രമാണ് .പൊതു സ്ത്രീബോധം ഇതിലില്ല.

Spread the love
Read Also  മീ റ്റൂ വിവാദം; എ ആര്‍ റഹ്മാന്‍ നിശ്ശബ്ദത വെടിയുന്നു

Leave a Reply