Wednesday, January 19

പെണ്ണുങ്ങളുടെ അന്തസും കുലീനത്വവും എവിടെയാണ് തുടങ്ങുന്നത് ജാതി മതം കുടുംബം ഇവയുടെ പൊള്ളത്തരം ഇനിയും തിരിച്ചറിയാതെ പോകരുത്

ശബരിമല സ്ത്രീ പ്രവേശനം പുതിയൊരു ചിന്തകൂടി കേരളത്തിനു നൽകിയിരിക്കുന്നു. ഇപ്പോൾ പറഞ്ഞുവയ്ക്കുന്നത്, അന്തസും ആഭിജാത്യവും കുലീനത്വവുമുള്ള ഒരു പെണ്ണും ഈ വിധി അംഗീകരിക്കില്ലെന്നാണ് .  പ്രത്യക്ഷത്തിൽ തന്നെ കോടതിയലക്ഷ്യമായ ഒരു പ്രതികരണമാണിത്. പ്രത്യേകിച്ചും നമ്മുടെ നീതിന്യായ കോടതികൾ തുല്യനീതിയ്കുവേണ്ടി നിലകൊള്ളുമ്പോൾ..

      ശബരിമലയിൽ പോകണമോ വേണ്ടയോ എന്ന് സ്ത്രീകൾ തന്നെ തീരുമാനിക്കട്ടെ. അതിനുള്ള അവസരമാണ് കോടതി നൽകുന്നത്. അതിനെ വളച്ചൊടിക്കുകയാണിവിടെ.   ഇത്തരത്തിലുള്ള വാക്പ്രയോഗങ്ങളിലൂടെ സ്ത്രീ സമൂഹത്തെ പ്രത്യേക ചട്ടക്കൂടുകളിൽ മെരുക്കിനിർത്തുന്ന പ്രവണത പണ്ട് മുതൽക്ക് തന്നെയുണ്ട്. കേരളസമൂഹത്തിൻ്റെ പുരോഗതിയിൽ  സ്ത്രീകൾക്കുള്ള ചരിത്രപരമായ പങ്കിനേപ്പറ്റി അന്വേഷിക്കുമ്പോൾ പാരമ്പര്യം അന്തസ്, ആഭിജാത്യം കുലീനത്വം ഇത്തരം സ്ത്രൈണനഖചിത്രഭാവങ്ങളിൽ നിന്നും വിടുതൽ പ്രാപിച്ചവർ മാത്രമാണ് പിന്നീടു സ്മരിക്കപ്പെട്ടിട്ടുള്ളതെന്നു മനസിലാക്കാം. എന്നാൽ, പാരമ്പര്യമെന്നത് ജാതി മതം വർഗ്ഗം ഇത്തരം ചിന്തയിൽ മാത്രം തളച്ചിടാനും നമുക്കായി.  കുടുംബത്തിൽ പിറക്കണമെന്നും. പാരമ്പര്യം വേണമെന്നുമൊക്കെപ്പറയുമ്പോൾ അറിയാതെ ഒരു നാലുകെട്ടിൻ്റെ ചിത്രം നമ്മുടെ ചിന്തയിലെവിടെയെങ്കിലും വരുന്നെങ്കിൽ അതു തന്നെയാവണം മാറ്റിയെഴുതേണ്ടത്.

കേരളത്തിലെ കുലീന സ്ത്രീത്വത്തെപ്പറ്റിയും ചന്തപ്പെണ്ണിനെപ്പറ്റിയും വളരെ ഉൾക്കാഴ്ചയോടെ ജെ ദേവിക നടത്തിയ പഠനത്തിൽ നിന്നും ഒരു ലേഖനം പ്രതിപക്ഷം.ഇൻ  കുലീനത്വവിചാരത്തിൻ്റെ പൊളിച്ചെഴുത്തിനുവേണ്ടി ഇവിടെ ചേർക്കുന്നു.സമകാലിക കേരളസമൂഹത്തിൽ പരമ്പര്യത്തിൻ്റെ കപടവാദങ്ങളെ പൊളിച്ചെഴുതിയ പലരും സ്ത്രീകൾക്കിടയിലുണ്ട്. ആഘോഷത്തിൻ്റെ വെള്ളിവെളിച്ചത്തിൽ ഇവർ പലർക്കും അപരിചിതരായി മാറുന്നു. അത്തരത്തിലൊരാളാണ് ശ്രീമതി മീരാ വേലായുധൻ.

മീരാ വേലായുധൻ
ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ ഡോക്ടറൽ ഗവേഷണംനടത്തിയ മീരാ വേലായുധൻ ആധുനിക മലയാളിസ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് ആദ്യകാലത്ത് ഗവേഷണംനടത്തിയവരിലൊരാളാണ്. മലബാറിലെ രാഷ്ട്രീയ ഉണർച്ചയുടെ കാലത്ത് സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തത്തെക്കുറിച്ചും സാമുദായിക-രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ അവരുടെ നിലയെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചയും വിവരങ്ങളും നൽകുന്ന ലേഖനങ്ങൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ ആദ്യകാല സ്ത്രീപ്രവർത്തകരുമായി അവർ നടത്തിയ അഭിമുഖങ്ങൾ വളരെ വിലപ്പെട്ട സ്രോതസ്സാണ്.
 
നീതിബോധത്തിന് പല ഉറവുകളാണുള്ളത് – ചരിത്രം; പിറന്ന, വളർന്ന, പരിചയിച്ച, സ്ഥലങ്ങൾ; സ്വത്വങ്ങൾ. എൻ്റെ നീതിബോധം മാതാപിതാക്കൾ പകർന്നുതന്നതാണ്. എൻ്റെ അമ്മയായ ദാക്ഷായണി വേലായുധൻ കൊച്ചി മുളവുകാട് ദ്വീപിലെ ഒരു മരുമക്കത്തായ പുലയത്തറവാട്ടിലാണ് ജനിച്ചത്. കളരിപ്പയറ്റും നാടകവും മറ്റു “നാടൻകല’കളും ഈ തറവാട്ടംഗങ്ങൾക്ക് പൈതൃകമായി ലഭിച്ചിരുന്നു. (ഒരിക്കൽ അവർ കടലിൽ ഒരു വള്ളത്തിൽ നാടകം നടത്തിയ കഥ പറഞ്ഞുകേട്ടിട്ടുണ്ട് – കടൽ ഉന്നതജാതിക്കാരുടെയും പണക്കാരുടെയും കുത്തകയല്ലായിരുന്നല്ലോ.) സ്ത്രീകൾ കൃഷിപ്പണി ചെയ്തിരുന്നു; മത്സ്യം ഉണക്കിയിരുന്നു. ഒരുപാടുകാര്യങ്ങളിൽ അവർ മുൻഗാമികളുമായിരുന്നു. എൻ്റെ അമ്മയും മറ്റൊരു കൂടപ്പിറപ്പുമൊഴിച്ച് മറ്റു കുഞ്ഞുങ്ങളെയെല്ലാംകൂട്ടി ക്രിസ്തുമതം സ്വീകരിച്ചയാളായിരുന്നു എൻ്റെ മുത്തശ്ശി. ഇളയസന്താനങ്ങൾക്ക് കൊച്ചി മഹാരാജാവു നൽകിയ സൗജന്യവിദ്യാഭ്യാസത്തിൻ്റെ ഗുണംകിട്ടണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. മുളവക്കാട്ടു പള്ളിക്കൂടത്തിൽ മേൽമുണ്ടിട്ട ആദ്യത്തെ കീഴാളസ്ത്രീയായിരുന്നിരിക്കണം എൻ്റെ അമ്മ ; കൊച്ചീരാജ്യത്തിലും ഇന്ത്യയിലും ആദ്യമായി ബിരുദവിദ്യാഭ്യാസം പൂർത്തിയാക്കിയ ദലിത് സ്ത്രീയായിരുന്നു അവർ. ക്ലാസിൽ എല്ലായ്പ്പോഴും ഒന്നാമതായിരുന്ന ബാലിക. പിന്നീട് സ്കൂൾ അദ്ധ്യാപികയായിത്തീർന്നപ്പോൾ, അവർ പൊതുവഴിയിലൂടെത്തന്നെ നടക്കുമെന്നുറച്ചു; മേൽജാതിക്കാർ അപ്പോൾ വയലിലൂടെ നടക്കാൻ നിർബന്ധിതരായി. സ്കൂളിൽ അദ്ധ്യാപകർ പുസ്തകങ്ങൾ തൻ്റെ നേരെ വലിച്ചെറിയാൻ ദാക്ഷായണി അനുവദിച്ചിരുന്നില്ല; മര്യാദയ്ക്ക് കയ്യിൽക്കൊടുക്കാത്ത പുസ്തകങ്ങൾ അവർ സ്വീകരിച്ചിരുന്നില്ല. എന്നോട് അവരെപ്പോഴും പറഞ്ഞിരുന്നു, നേരേയിരിക്കൂ, തലയുയർത്തിയിരിക്കൂ, നമ്മുടെ കൂട്ടർക്ക് ഇതുവരെ തലതാഴ്ത്തിനടക്കാനായിരുന്നു വിധി.
നാട്ടുരാജ്യപ്രസ്ഥാനങ്ങളിൽ അവർ ക്രമേണ സജീവപങ്കാളിയായി; ആജീവനാന്തം ഗാന്ധിയൻ ജീവിതരീതിയുടെ വക്താവായി. 1930കളുടെ മദ്ധ്യത്തിൽ ഉദ്യോഗം വേണ്ടെന്നുവച്ചുകൊണ്ട് അവർ കൊച്ചി നിയമസഭാകൗൺസിൽ അംഗമായി. പിൽക്കാലത്ത് അവർ ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിലും ആദ്യത്തെ കേന്ദ്രനിയമസഭയിലും അംഗമായി. ബാബാ സാഹേബ് അംബേദ്കറുടെ ഉറച്ച അനുയായി അറിയപ്പെട്ടു. വാർധയിലെ ഗാന്ധി ആശ്രമത്തിൽവച്ചാണ് അവർ എൻ്റെ പിതാവായ രാമൻ വേലായുധനെ വിവാഹംചെയ്തത് – കസ്തൂർബയുടെയും ഗാന്ധിജിയുടെയും സാന്നിദ്ധ്യത്തിൽ. അതൊരു “പ്രണയവിവാഹ’മായിരുന്നു. 1970കളിൽ ഡൽഹിയിലെ തൂപ്പുവേലയെടുക്കുന്ന സ്ത്രീകൾക്കിടയിൽ അവർ പണിയെടുത്തിരുന്നു; അഭ്യസ്തവിദ്യരായ ദലിത്‌സ്ത്രീകളുടെ ദേശീയ കൂട്ടായ്മയിൽ അംഗമായിരുന്നു. മരണത്തിന് അൽപ്പകാലംമുമ്പ് അവർ ഈ കൂട്ടായ്മയ്ക്കൊപ്പം (1970കളുടെ ഒടുക്കം) ദലിത്‌സ്ത്രീകളുടെ ദേശീയസമ്മേളനം ഡൽഹിയിൽ നടത്തി. ഞാൻ കൂടെപ്പോയിരുന്നു – അമ്മ ഇതിനായി വീടുവീടാന്തരം കയറിയിറങ്ങി ദലിത്‌ഭവനങ്ങളിൽനിന്ന് ധനശേഖരണം നടത്തിയപ്പോൾ. ഒടുവിൽ ‘മഹിളാജാഗൃതീ പരിഷത്ത്’ എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്‌സംഘടയ്ക്ക് അവർ ജന്മംകൊടുത്തു. ഈ പ്രവർത്തനകാലംമുഴുവൻ അവർ എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കിയിരുന്നു. മിക്ക സ്ത്രീകളെയുംപോലെ, കുടുംബം പുലർത്തിയിരുന്നു. ഞാൻ 1990കളുടെ മദ്ധ്യത്തിൽ രൂപീകൃതമായ ദലിത്‌സ്ത്രീ ദേശീയ ഫെഡറേഷന്റെ ഭാഗമായിത്തീർന്നത് യാദൃശ്ചികമായല്ല; ആ ബന്ധം പണ്ടേയുണ്ടായിരുന്നു.
 
എൻ്റെ അച്ഛൻ പഴയ ജന്മിത്ത തിരുവിതാംകൂറിലെ ഉഴവൂർ പ്രദേശത്തുള്ള ഒരു പരവകുടുംബത്തിൽനിന്നാണ്. അദ്ദേഹത്തിന്റെ അച്ഛൻ ആയുർവ്വേദ വൈദ്യനായിരുന്നതുകൊണ്ട് അവരുടെ ജന്മി മക്കളെ പള്ളിക്കൂടത്തിലയയ്ക്കാനനുവദിച്ചു. അദ്ദേഹത്തിന്റെ സഹോദരന്മാർ ജനസമ്മതിയാർജ്ജിച്ച കർഷകനേതാക്കളായിരുന്നു, കേരളത്തിൻ്റെ കാർഷികചരിത്രത്തിൽ അവർ അദൃശ്യരാണെങ്കിലും. ഗാന്ധിജിയാണ് എന്റെ അച്ഛനെ കണ്ടെടുത്തത്, കോളജിൽ നടന്ന ഒരു പ്രതിഷേധസമരത്തിനിടയിൽനിന്ന്. ബോംബെയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സാമൂഹ്യശാസ്ത്രം പഠിച്ചിറങ്ങിയ ആദ്യ വിദ്യാർത്ഥികളിലൊരാളായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോടടുത്തശേഷം രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയിച്ചു – അന്ന് സംവരണമണ്ഡലമല്ലായിരുന്ന കൊല്ലത്തുനിന്ന്. രണ്ടാമത്തെ തവണ ഇടതുസ്വതന്ത്രനായാണ് മത്സരിച്ചത്. ഡൽഹിയിൽ പലവിധത്തിലുള്ള ഇടതുരാഷ്ട്രീയപ്രവർത്തനങ്ങളിലും ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. അദ്ദേഹം നടത്തിയിരുന്ന നിരവധി യാത്രകളിലൂടെ കുട്ടികളായ ഞങ്ങൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധമുണ്ടായി. അവസാനനാളുകളിൽ ബുദ്ധമതത്തോട് അദ്ദേഹം പ്രതിപത്തികാട്ടിയിരുന്നു.
 
വീട്ടിൽ ഞങ്ങൾ മലയാളം സംസാരിച്ചിരുന്നെങ്കിലും വടക്കേയിന്ത്യയിൽ ജനിച്ചുവളർന്നതുകൊണ്ട് ഹിന്ദിയാണ് മാതൃഭാഷയായി എനിക്ക് അനുഭവപ്പെട്ടിരുന്നത്. എങ്കിലും പലയിടങ്ങളിലും വേരുകളുണ്ടെന്ന തോന്നൽ എപ്പോഴും എനിക്കുണ്ടായിരുന്നു. ബിരുദാനന്തരപഠനത്തിനുശേഷം ഞാൻ നടത്തിയ ഗവേഷണമധികവും കേരളത്തിലായിരുന്നു. കേരളത്തിനു പുറത്തു ജീവിക്കേണ്ടിവന്നതിൽ എന്റെ അമ്മ അനുഭവിച്ച നഷ്ടബോധത്തെ ഏതോ വിധത്തിൽ പരിഹരിക്കാനുള്ള എന്റെ ശ്രമമായിരുന്നിരിക്കാം, ഒരുപക്ഷേ, ഇത്!
 
അഞ്ചുമക്കളിൽ ഏകമകളായിരുന്നു ഞാൻ എന്നതുകൊണ്ട് അച്ഛനമ്മമാരുടെയും ആങ്ങളമാരുടെയും പ്രത്യേക പരിഗണന എനിക്കുണ്ടായിരുന്നു. തുടർച്ചയുള്ള വിദ്യാഭ്യാസം എനിക്കു ലഭിക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. പലപ്പോഴും ഫീസിനുംമറ്റും ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ, വിദ്യാലയകാലത്തുതന്നെ എന്റെ ജീവിതം ഞാൻതന്നെ കെട്ടിപ്പടുക്കുമെന്ന തീരുമാനത്തിൽ ഞാൻ എത്തിക്കഴിഞ്ഞിരുന്നു. ഒരു ‘രാഷ്ട്രീയവ്യക്തി’യാണ് ഞാനെന്ന് തികഞ്ഞ അഭിമാനബോധത്തോടെ പ്രഖ്യാപിക്കാൻ എനിക്ക് അച്ഛൻ്റെ പ്രേരണയുമുണ്ടായിരുന്നു. 1980കളുടെ സവിശേഷസാഹചര്യങ്ങളിലാണ് എൻ്റെ ബുദ്ധിപരവും രാഷ്ട്രീയവുമായ ബോധം രൂപമെടുത്തത്. പ്രത്യേകിച്ച്, ഞാൻ സ്ത്രീപ്രസ്ഥാനത്തിൻ്റെ ഭാഗമായിത്തീർന്നത്. എല്ലായ്പ്പോഴും ഞാൻ തെരഞ്ഞെടുപ്പുകൾ നടത്തിയത് നീതിബോധത്തോടുകൂടിയാണ് – എൻ്റെ അച്ഛനമ്മമാരെപ്പോലെ തന്നെ.
 
(ജെ ദേവികയുടെ `കുലസ്ത്രീയും ചന്തപ്പെണ്ണും`ഉണ്ടായതെങ്ങനെയെന്ന
 പുസ്തകത്തിൽ നിന്നും)

 

Spread the love
Read Also  ശബരിമല: കയ്യേറ്റമുണ്ടായെന്നു 52 വയസ്സ് കഴിഞ്ഞ സ്ത്രീ

15 Comments

Leave a Reply