Thursday, January 20

മീശ; കഥകളുടെ പൊരുളും രാഷ്ട്രീയവും: കെ എൻ പ്രശാന്തിന്‍റെ വായനാനുഭവം

 

കെ എന്‍ പ്രശാന്ത്

കഥകളുടെ പൊരുളെന്താണ്? കഥ പറയുന്നവരും കേൾക്കുന്നവരും എന്നും ചോദിച്ചു കൊണ്ടേയിരിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കഥകളില്ലാത്ത മനുഷ്യരുടെ വരണ്ട വിഷലിപ്തമായ ചെയ്തികകൾ കണ്ട് മേൽപ്പറഞ്ഞ ന്യൂനപക്ഷം അന്ധാളിച്ചു പോയിട്ടുണ്ടാവും തീർച്ച. പക്ഷേ ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകും സാഹിത്യവായന എന്തെന്നറിയാത്ത ഈ മനുഷ്യരും കഥകൾക്ക് പുറത്തല്ല. അവർ അവർക്ക് ചേരും വിധം കഥകൾ ഉണ്ടാക്കുന്നു. അവർ അർഹിക്കുന്നത് സഹതാപം മാത്രം. അത്രയ്ക്ക് രോഗികളാണവർ. മീശ എന്ന നോവലാണ് വിഷയം. അതിനെക്കുറിച്ചുള്ള അസംബന്ധവിവാദങ്ങൾ കേരളം മുഴുവൻ വിരൽതുമ്പുകളിലൂടെ പറന്നു നടന്നു. എഴുത്തുകാർ എന്നംഗീകരിക്കപ്പെട്ടവർ പോലും അത് വെറുമൊരു സെക്സ് ബുക്കാണെന്നു പറഞ്ഞു. ഇവരാരും മീശ വായിച്ചവരല്ല എന്നതാണ് ഏറ്റവും വലിയ അശ്ലീലം.

കഥകളുടെ കഥ

കഥ തുടങ്ങുന്നത് എഴുത്തച്ചൻ എന്ന മലബാറുകാരൻ എഴുതി അവതരിപ്പിക്കുന്ന നാടകത്തിൽ നിന്നാണ്. പെർഫെക്ഷണിസ്റ്റായ എഴുത്തച്ചൻ പോലീസ് വേഷത്തിനായി മീശയുള്ള ഒരുവനെ തിരഞ്ഞ് പാടത്തും കരയിലും നടക്കുന്നതിനിടെ നെല്ലോലകൾ പോലെ ഇടതൂർന്ന മുഖരോമങ്ങളുള്ള വാവച്ചൻ അയാൾക്കു മുന്നിൽ പെടുന്നു. പുലയനായ വാവച്ചന്റെ പോലീസ് വേഷവും അയാളെക്കാൾ വലിയ മീശയും നാടകത്തിൽ കണ്ട് ഒരു നായർ പേടിച്ച് മൂത്രമൊഴിക്കുന്നു. മീശയില്ലാത്ത രാജാവിന്റെ മീശയില്ലാത്ത പ്രജകൾക്കിടയിൽ പെരുംമീശക്കഥകൾ പ്രചരിക്കുന്നു. അവയിൽ, അയാളെ അമ്മ ചെല്ല പ്രസവിക്കും മുൻപുണ്ടായ അത്യാഹിതങ്ങൾക്ക് വരെ ആ മീശവച്ച പുലയനാണ് കാരണം എന്ന് സ്ഥാപിക്കുന്നു. ഒരു തരത്തിൽ മിണ്ടാപ്രാണിയായ വാവച്ചൻ കഥകളിൽ കൊടുംക്രൂരനും അരും കൊലനടത്താൻ മടിയില്ലാത്തവനുമായ മീശയായി മാറുന്നു.

കഥകളുടെ കഥയാണ് മീശ. കെട്ടുകഥകളിലൂടെ വാവച്ചൻ മീശ എന്ന മഹാമേരുവായി വളരുന്നു. ഹരീഷിന്റെ നോവൽ വായിക്കാതെ അതിനെതിരെ കഥകളുണ്ടാക്കി ആക്രമിച്ച ആൾക്കൂട്ടത്തെപ്പോലെ വാവച്ചനെ കാണാതെ അയാളുടെ മീശയെക്കുറിച്ചുള്ള കഥകൾ കേട്ട് കുട്ടനാട്ടുകാർ ഭയന്നു. ഇവിടെയാണ് എസ്.ഹരീഷ് എന്ന പുതിയ കാലത്തെ ഏറ്റവും മികച്ച എഴുത്തുകാരന് അറം പറ്റുന്നത്. അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും വാമൊഴിയായി പ്രചരിച്ചതെന്നു തോന്നിക്കുന്ന എല്ലാ കഥകളും കഥാകാരൻ സമാഹരിച്ചതുപോലെ ഇതിഹാസരൂപത്തിലാണ് നോവൽ ഘടന. മീശ ഒരേ സമയം രാമനും രാവണനുമാണ്. അവൻ സീതയ്ക്കു വേണ്ടി അലയുന്നു. അവളെ അപഹരിച്ചതും അവൻ തന്നെ.

ജാതി,ദാരിദ്ര്യം

കേരള ചരിത്രത്തിന്റെ പശ്ചാത്തലം തന്നെ ജാതീയതയാണെന്നു പറയാം. ശ്രീനാരായണ ഗുരു, ചാന്നാർ ലഹള, വൈക്കം സത്യാഗ്രഹം എന്നു വേണ്ട പ്രാദേശികചരിത്രങ്ങൾ പോലും ജാതിവെറിയുടെ നേർസാക്ഷ്യങ്ങളായിരിക്കും. പിരിയോഡിക് സ്വഭാവമുള്ള ഈ നോവൽ എറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ജാതിയെക്കുറിച്ചാണ്. മീശവച്ച പുലയനെ ഇല്ലാതാക്കാൻ നായർപടയും പോലീസ് പടയും കരയിലും കാലിലും അലയുന്നതു കാണാം. ഒരു വേള മീശ, പുലയമഹാരാജാവ് എന്നറിയപ്പെട്ടിരുന്ന മഹാത്മാ അയ്യങ്കാളിയാണോ എന്ന് വായക്കാർക്ക് സംശയം തോന്നുന്ന രീതിയിലാണ് എഴുത്തുകാരൻ മീശയുടെ ശരീരഘടന വർണ്ണിക്കുന്നത്. കഞ്ഞിവെള്ളം ചോദിക്കുന്ന നായരുടെ കഥ പോലെ നോവലിൽ പലയിടത്തും തലമുറകൾ കടന്നു വന്ന ജാതിയും ദാരിദ്ര്യവും തെളിഞ്ഞുകാണാം. പ്രസ്തുത പ്രേതം പരമദരിദ്രനും ആകയാൽ ഭക്ഷണത്തെക്കുറിച്ചു മാത്രം ചിന്തിച്ച് കാലം കഴിക്കേണ്ടി വന്ന ഒരു സാധുവുമാണ്. വിളിക്കാതെ ചെന്ന സദ്യയ്ക്ക് രണ്ടാം വട്ടം ഇരുന്ന് കൈകഴുകി എച്ചിൽക്കുഴിയുടെ ഭാഗത്തേക്ക് നോക്കിയ അയാൾ ഉളളാടത്തികളും കുട്ടികളും എച്ചിൽ തിന്നുന്നത് കാണുന്നു. ആ കാഴ്ച അയാളിലെ ജാതിസ്വത്വത്തെ ഉണർത്തുന്നു. ഇടനേരത്തേക്ക് അയാൾ മിക്ക ദിവസവും പട്ടിണി കിടക്കുന്ന ഉള്ളാടത്തികളെപ്പോലെ കഠിനമായ തന്റെ ദരിദ്രസ്വത്വം  മറക്കുന്നു. കുട്ടിയെയുമെടുത്ത് എച്ചിലു തിന്നുകയായിരുന്ന ഒരു ഉള്ളാടത്തിയുടെ പുറം എറിഞ്ഞു പൊളിച്ച സന്തോഷത്തിൽ മൂന്നാമതും പന്തിയിലിരിക്കുന്ന നായരെയാണ് നമ്മൾ കാണുന്നത്. പക്ഷെ ദരിദ്രനായർ സമ്പന്നനായർക്ക് ഉള്ളാടത്തികൾക്ക് സമമെന്ന കണക്കെ അയാൾ അപമാനിക്കപ്പെടുന്നു. എച്ചിലു നിറച്ച കൂട തലയിലേറ്റി നാദസ്വരങ്ങളുടെ അകമ്പടിയോടെ ആൾക്കുട്ടം അയാളെ കടവുവരെ നടത്തിക്കുന്നു. അപമാനത്താൽ പുറത്തിറങ്ങാൻ കഴിയാതെ പട്ടിണികിടന്ന് മരിച്ച അയാളുടെ പ്രേതം മുഴുപ്പട്ടിണിക്കാരെയും നിറച്ചുണ്ടവരെയും കാണുമ്പോൾ കഞ്ഞിവെള്ളം ചോദിച്ച് പിറകെ കൂടുന്നു. ‘നമുക്ക് ജാതിയില്ല’ എന്ന് ഗുരു പ്രഖ്യാപിച്ച് നൂറു വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മളുടെ ജീനുകളിൽനിന്നും വേർപെടാത്ത ജാതിയുടെ പിരിയൻ ഗോവണികൾ നോവലിലെമ്പാടും കാണാം.

Read Also  ഹിന്ദുത്വ വർഗീയവാദികളുടെ ഭീഷണി: എസ്. ഹരീഷ് 'മീശ' പിൻവലിച്ചു

നോവലെന്ന ചരിത്രാഖ്യായിക

 മീശയുടെ കഥയോടൊപ്പം കുട്ടനാടിന്റെ ചരിത്രാഖ്യാനം തന്നെയാണ് നോവലിസ്റ്റ് ചെയ്യുന്നത്. പക്ഷികൾ, മുതലകൾ, മീനുകൾ, പാമ്പുകൾ, ആമകൾ എന്നിങ്ങനെ പുതിയ കാലത്ത് മനുഷ്യകഥകളിൽ നിന്ന് പുറത്തായ സഹജീവികളുടെ കഥകൾ, അന്യാപദേശ രചനാരീതിയിൽ, ഈ കഥാസാഗരത്തിന്റെ അടിയൊഴുക്കായി വായിക്കാവുന്നതാണ്. ദാരിദ്ര്യം, മഹാമാരികൾ, കുട്ടനാടു കണ്ട വിഖ്യാതമായ വെള്ളപ്പൊക്കങ്ങൾ, കൃഷിക്കാർ,  രാജാക്കൻമാർ, പ്രേതങ്ങൾ  ശങ്കരാചാര്യർ, ശ്രീനാരായണഗുരു, ബ്രണ്ടൻ സായിപ്പ്, എൻഎൻ പിള്ള എന്തിന് തോടുകടക്കാനിട്ടിരിക്കുന്ന തെങ്ങിൻ തടിക്കുവരെ അതിരസകരവും നിഗൂഡവുമായ കഥകളുണ്ട്. അവ കൈവഴികളായൊഴുകി കഥയുടെ കായലും പാടങ്ങളും നിറഞ്ഞു നിൽക്കുന്നു.

രസവിദ്യയുടെ ചരിത്രം എന്ന ഒറ്റക്കഥ മതി എസ് ഹരീഷ് എന്ന കഥാകാരന്റെ ചരിത്രബോധവും ഫിക്ഷനിലുള്ള കയ്യടക്കവും മനസ്സിലാകാൻ. മീശ അഗാധമായ ചരത്രബോധത്തിൽ നിന്നുണ്ടായ നോവലാണ്. തനിക്കു മുൻപേ ജീവിച്ച് കഥകളായിത്തീർന്നവരെക്കുറിച്ചും കഥകളുടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ മുതലെടുപ്പിനെയും കുറിച്ച് ആഴത്തിലുള്ള വായന. കെട്ടുകഥകളും ഭാവനാകഥകളുമായ ഇതിഹാസങ്ങൾ എങ്ങനെയാണ് അധികാരഹിന്ദു അവർക്കുവേണ്ടി മാറ്റം വരുത്തിയത് എന്നതിൻറെ ചെറുരൂപമാണ് മീശയൊടൊപ്പം പാട്ടുകളിൽ നുഴഞ്ഞു കയറുന്ന പാച്ചുപിളള.

ഇത് മലയാള നോവലിലെ നാഴികക്കല്ലുകളിലൊന്നാവാൻ ചിറപൊട്ടിയൊഴുകുന്ന നോവലിന്റെ ഊർവ്വരമായ ഭാഷതന്നെ ധാരാളം. കഥകളുടെ ഔന്നത്യം മനസ്സിലാക്കാതെ ഹരീഷിനെയും കുടുംബത്തേയും ഉപദ്രവിച്ചവരിൽ ഒരാളെങ്കിലും ഈ നോവൽ വായിച്ച് കഥകളുടെ ഈ വെള്ളക്കെട്ടുകൾ എത്ര മനോഹരം എന്ന് കണ്ടറിഞ്ഞ് ഒരു നല്ല വായനക്കാരനാകുന്നതാണ് ഞാൻ കാണാനാഗ്രഹിക്കുന്ന നടക്കാത്ത സ്വപ്നം.

Spread the love