Saturday, January 29

പിഎന്‍ബി തട്ടിപ്പ്: പ്രതി മെഹുല്‍ ചോക്‌സി ആന്റിഗ്വയിലെന്ന് അധികൃതര്‍

പിഎന്‍ബി തട്ടിപ്പ് കേസില്‍ രാജ്യത്ത് നിന്ന് മുങ്ങിയ ഡയമണ്ട് വ്യാപാരി മെഹുല്‍ ചോക്‌സി യുഎസില്‍ നിന്നും വെസ്റ്റിന്‍ഡ്യന്‍ ദ്വീപായ ആന്റിഗ്വയിലേക്ക് പോയതായും അവിടുത്തെ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍പോള്‍ പുറപ്പെടുവിച്ച നോട്ടീസിന് മറുപടിയായി, ചോക്‌സി ഈ മാസം രാജ്യത്തെത്തിയതായും അവിടുത്തെ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയതായും ആന്റിഗ്വ അധികൃതര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചതായാണ് വിവരം.

ജനുവരി ആദ്യവാരമാണ് ചോക്‌സി ഇന്ത്യയില്‍ നിന്നും കടന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 13,400 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവരുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇത്. കേസിലെ മറ്റൊരു പ്രതിയുടെ നീരവ് മോദിയുടെ അമ്മാവനായ ചോക്‌സിയുടെ പേരില്‍ സിബിഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചോക്‌സിക്കെതിരെ മുംബെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നതിനായി സിബിഐ ഇന്റര്‍പോളിന സമീപിച്ചിരുന്നു. എന്നാല്‍ ഈ നടപടികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.

ഗീതാഞ്ജലി ഗ്രൂപ്പിന്റെ മറ്റൊരു പ്രൊമോട്ടറായ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ചോക്‌സിക്കെതിരായ അപേക്ഷ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് വിശ്രമിക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 6,498.20 കോടി രൂപയും ചോക്‌സി 7080.86 കോടി രൂപയും തട്ടിച്ചതായാണ് കേസ്.

Spread the love
Read Also  മനുഷ്യാവകാശസംഘടനകളെ തകർക്കാൻ ആഭ്യന്തരവകുപ്പിൻ്റെ ശ്രമം ;  വിദേശഫണ്ടിൻ്റെ പേരിൽ ആംനെസ്റ്റിയിലും സി ബി ഐ റെയ്ഡ് 

Leave a Reply