Monday, August 10

പ്രേം നസീർ മുപ്പതുവർഷങ്ങൾ ; ജമാൽ കൊച്ചങ്ങാടിയുടെ ഓർമ്മക്കുറിപ്പ്

ജമാൽ കൊച്ചങ്ങാടി 

പ്രേം നസീർ 300 ചിത്രങ്ങൾ തികച്ച്ഗിന്നസ് ബുക്കിൽ കയറിയപ്പോൾ കൊച്ചിയിലെ കുറെ ചെറുപ്പക്കാർക്ക് ഒരു ഉഗ്രൻ സ്വീകരണം നൽകണമെന്ന് തോന്നി.അതോടൊപ്പം ഒരു സ്മരണിക പുറത്തിറക്കണമെന്നും നിശ്ചയിച്ചു. അതിന്റെ ചുമതല എന്നെ ഏൽപ്പിച്ചു.

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത, നസീർ എന്ന നിത്യഹരിത നായകനെ നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ഞാനെങ്ങനെയാണ് അത് ചെയ്യുക? അദ്ദേഹവുമായി നേരിൽ കാണണ്ടെ? സഹപ്രവർത്തകരുടെ ലേഖനങ്ങൾ സ്വരൂപിക്കണ്ടേ? 
– ഞാൻ ചോദിച്ചു
അതിനൊക്കെ വഴിയുണ്ടാക്കാം – ചങ്ങാതിമാർ പറഞ്ഞു
അങ്ങനെയാണ് മദിരാശിയിലെത്തിയത്.
എൻ.ഗോവിന്ദൻ കുട്ടി, കെ.പി.ഉമ്മർ
എന്നി താരങ്ങൾ
എല്ലാ ഒത്താശകളും ചെയ്തു തന്നു.

അന്നത്തെ പ്രതിയോഗികളില്ലാത്ത ഏക സൂപ്പർ സ്റ്റാറായിരുന്നു നസീർ സാർ.. ദീർഘസംഭാഷണം വേണമെന്ന് പറഞ്ഞപ്പോൾ ഒരു ദിവസത്തെ 
കോൾഷീറ്റ് മുഴുവൻ അദ്ദേഹം മാറ്റിവെച്ചു അദ്ദേഹത്തിന്റെ വീടിന്റെ ടെറസ്സിൽ ഇരുന്ന് വൈകുന്നേരം വരെ സംസാരിച്ചു. ഫോണിന്റെ റിസീവർ എടുത്തു താഴെ വെച്ചു അന്ന് മുഴുവൻ സംസാരിച്ചിട്ടും തീർന്നില്ല.
” ഇനി കാൾ ഷീറ്റ് കട്ട് ചെയ്യാനാവില്ല.ഞാൻ ഷൂട്ടിന് പോകുമ്പോൾ ജമാൽ കുടി വന്നോളു സ്റ്റുഡിയോ വിട്ടിലെത്തുംവരെ കാറിലിരുന്ന് സംസാരിക്കാം. അവിടെ എത്തിയാലും ധാരാളം സമയം കിട്ടും ” – നസീർ സാർ പറഞ്ഞു
അങ്ങനെ മൂന്ന് നാലു ദിവസങ്ങൾ ഞങ്ങൾ ഒന്നിച്ച് സ്റ്റുഡിയോകളിൽ നിന്ന് സ്റ്റുഡിയോകളിലേക്ക് യാത്ര ചെയ്തു. രസകരമായിരുന്നു ആ യാത്രകൾ.
ഒരിക്കൽ ഒരു ഔട്ട് ഡോർ ഷൂട്ടിന് ചെങ്കൽ പേട്ടയിലാണ് പോയത്. ചെന്നൈയിൽ നിന്ന് ദൂരെ ഒരുൾപ്രദേശം. പോകുന്ന വഴിയിലാകെ കാറ്റിന്ന് ടാൽക്കം പൗഡറിന്റെ മധുര സുഗന്ധം. ആരോ പറയുന്നത് കേട്ടു:  ഇവിടെ ഒരു പൗഡർ ഫാക്റ്ററിയുണ്ട്.

ചെങ്കൽ പേട്ടയിലെത്തി വളരെ നേരമായിട്ടും ഭക്ഷണമില്ല. ചെന്നൈയിൽ നിന്ന് ബിരിയാണിയുമായി ആളെത്തിയപ്പോൾ മൂന്ന് മണിയെങ്കിലുമായി. നല്ല വിശപ്പുണ്ടായിരുന്നിട്ടും ആ സൂപ്പർ സ്റ്റാർ യാതൊരു അസംതൃപ്തിയും പ്രകടിപ്പിച്ചില്ല. ഏതോ ജൂനിയർ താരം കൊണ്ടുവന്ന ചില പഴങ്ങൾ പങ്കുവെച്ച് ഞങ്ങൾ തൽക്കാല വിശപ്പടക്കി.

Prer Nazir Commemoration Volume എന്ന പുസ്തകത്തിന്റെ പ്രകാശനവും സ്വീകരണവും കൊച്ചിയിൽ ഗംഭീരമായി നടന്നു. നസീറിന്റെ ആദ്യ നിർമ്മാതാവ് പോൾ കല്ലിങ്കലിനെ കണ്ടു പിടിച്ച് കൊണ്ടുവന്ന് ആദരിച്ചു അന്നും ഇന്നും മറ്റു പല താരങ്ങൾക്കുമില്ലാത്ത നസീറിന്റെ മാനുഷികമായ പെരുമാറ്റം അതിശയോക്തിയല്ലെന്ന് അനുഭവത്തിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്.
ഇനിയും വളരെയേറെ എഴുതാനുണ്ട്. അദ്ദേഹത്തിന്റെ മുപ്പതാം ചരമദിനത്തിൽ ഇത്രയെങ്കിലും കുറിച്ചില്ലെങ്കിലൊ?

Spread the love
Read Also  ജനുവരി ഇരുപത്തിയൊന്നും ഒരു ഗസൽ സന്ധ്യയും

1 Comment

Leave a Reply