Wednesday, January 19

ജീവിതം ആഘോഷമാക്കി മാറ്റിയ മനുഷ്യസ്നേഹി ; കാക്കനാടനെക്കുറിച്ച് സി ടി തങ്കച്ചന്‍

ബേബിച്ചായൻ ഓർമ്മയായിട്ട് ഏഴു വർഷമാവുകയാണ്
2011 ഒക്ടോബർ പത്തൊമ്പതാം തിയതിയാണ് ബേബിച്ചായൻ എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന സാക്ഷാൽ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ ഓർമ്മയാകുന്നത്.
സി.എൻ.കരുണാകരന്റെ പത്നി ഈശ്വരി ചേച്ചിയാണ് ബേബിച്ചായന്റെ വേർപാട് ഫോണിൽഅറിയിച്ചതെന്നാണ് ഓർമ്മ..

സി.എൻ കരുണാകരനോടൊപ്പം കലൂരിലെ സി.എൻ. ശ്രീധരേട്ടന്റെ വീട്ടിൽ വെച്ചാണ് ഞാനാദ്യമായി ബേബിച്ചായനെ കാണുന്നത്. അജ്ഞതയുടെ താഴ്വരയും ഒറോതയും ഉഷ്ണമേഖലയും എഴുതിയ കാക്കനാടൻ എന്ന മഹാനായ എഴുത്തുകാരനെയാണ് പരിചയപ്പെടുന്നത്. ഞാൻ സ്വയം തരിച്ചുനിൽക്കുകയാണ്. അനിയാ എന്ന വിളിയോടെയാണ് ബേബിച്ചായൻ എന്ന് മനസിൽ വാസമുറപ്പിച്ചത്. പിന്നീട് മരണം വരെ നീണ്ടു നിന്ന ആ സൗഹൃദത്തിനാണ് 2011 ഒക്ടോബറിൽ വിരാമമായത്….

മലയാള സാഹിത്യത്തിൽ അധുനീകതയുടെ അപ്പോസ്തലൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരനാണ് കാക്കനാടൻ .1960 കളുടെ മദ്ധ്യത്തിലാണ് കാക്കനാടൻ എഴുതിത്തുടങ്ങുന്നത്.മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ആധുനിക ചെറുകഥയാണ് കാക്കനാടന്റെ” കാലപ്പഴക്കം “. മാതൃഭൂമി ഓണപ്പതിപ്പിലാണ് ഈക്കഥ പ്രസിദ്ധീകരിച്ചത്.സ്വന്തം മരണത്തിനു മുൻപു വരെയുള്ള ജീവിതാനുഭവങ്ങളെ സവിശേഷമായ മാനസീകാവസ്ഥയിൽ അയവിറക്കുന്ന ഒരു വൃദ്ധന്റെ മാനസീകവിക്ഷോഭങ്ങളെ സൂക്ഷ്മമായി പകർത്തിയ ചെറുകഥയാണ് കാലപ്പഴക്കം. ഇതിനു മുൻപ് ചില കഥകൾ എഴുതിയിരുന്നെങ്കിലും കാലപ്പഴക്കമാണ് കാക്കനാടനെ മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാക്കിയത്.
പിന്നീടാണ് മസ്ക്രീനാസിന്റെ മരണം, യുസഫ്സരായിലെ ചരസ് വ്യാപാരി ‘ഫ്രൗ ഷൂബർട്ട് തുടങ്ങായ കഥകൾ എഴുതുന്നത്.

അമ്മിണിയമ്മ കുടുംബാംഗങ്ങളോടൊപ്പം 

ദ്രാവിഡ ഭാഷയുടെ കരുത്ത് പ്രകടമാക്കുന്നതോടൊപ്പം, ഗ്രാമീണമായ ജീവിതത്തെ സാന്ദ്രമാക്കുന്ന കഥാശിൽപ്പവും കാക്കനാടൻ നിർമ്മിച്ചു.
ശ്രീചക്രവും നീല ഗ്രഹണവുംപോലെ ഭാരതത്തിന്റെ പ്രാക്തനമായ ആദ്ധ്യാത്മീക അനുഷ്ഠാനങ്ങളുടെ തലങ്ങൾകൂടി കാക്കനാടൻ തന്റെ കഥകളിൽ ആവിഷ്കരിക്കാൻ ശ്രമിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നു വന്ന അസ്തിത്വവാദ ദർശനത്തിന്റെ മലയാളത്തിലെ ആദ്യത്തെ ആവിഷ്കാരമായി നിരൂപകർ അടയാളപ്പെടുത്തിയ നോവലാണ്”സാക്ഷി”.
കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന ലൈംഗീക സദാചാര സങ്കൽപ്പങ്ങളെയും ജീവിതത്തിന്റെ ന്യായാന്യോയങ്ങളെയും തകർത്തു കളഞ്ഞ നോവലാണ് “വസൂരി “..
പറങ്കിമലയും അടിയറവും സ്ത്രീയുടെ സ്വത്വബോധവും കാമനകളുമാണ് അടയാളപ്പെടുത്തിയത്.

ഉഷ്ണമേഖല പ്രവാചകസ്വഭാവമുള്ള ഒരു നോവലായിരുന്നു. കരുണൻ എന്ന സഖാവിന്റെ ജീവിതത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിനു സംഭവിക്കാൻ പോകുന്ന അപചയങ്ങളെ കാക്കനാടൻ നേരത്തെതന്നെ മണത്തറിഞ്ഞു. ഉഷ്ണമേഖലയ്ക്ക് അതെഴുതിയ കാലത്തേക്കാൾ പ്രസക്തിയുണ്ട് വർത്തമാനകാലത്ത്. മലയാളത്തിലെ എക്കാലത്തേയും കലാപകാരിയായ എഴുത്തുകാരനായിരുന്നു കാക്കനാടൻ. ദാർശനിക തലത്തിലും പ്രത്യയശാസ്ത്ര പരിസരത്തിലും മാത്രമല്ല. അവനവനോടും അദ്ദേഹം കലഹിച്ചു. വ്യവസ്ഥാപിതമായ എന്തിനേയും ചോദ്യം ചെയ്തു. മലയാള സാഹിത്യത്തിൽ ആധുനികതയുടെ ഒരു കൊടുങ്കാറ്റായാണ് അദ്ദേഹം കടന്നു വന്നത്. ആ കാറ്റ് കടന്ന പോയ വഴിയിൽ എല്ലാം നിലംപതിച്ചു. നമ്മുടെ പ്രത്യയശാസ്ത്ര നിലപാടുകളും യാഥാസ്ഥിതിക സൗന്ദര്യബോധവും തകർന്നുവീണു. മലയാളിയുടെ ഭാവുകത്വ പരിണാമത്തിൽ ഇത്ര വലിയ പങ്കുവഹിച്ച എഴുത്തുകാർ നമുക്കു വേറയില്ല.

അക്കാലത്ത് മലയാളത്തിലെ മികച്ച എഴുത്തുകാരെപ്പോലെ കാക്കനാടനും കേരളം വിട്ട് ദൽഹിയിലായിരുന്നു താവളമുറപ്പിച്ചിരുന്നത്. ദൽഹിയിലെ അമർ കോളനിയിലിരുന്നാണ് തന്റെ മികച്ച കഥകളെല്ലാം ഇദ്ദേഹം രചിച്ചത്

Read Also  ടി ആറും ഗുന്തര്‍ഗ്രാസും പിന്നെ ഞാനും: പ്രമുഖ കഥാകൃത്ത് ടി രാമചന്ദ്രനെ കുറിച്ച് സിടി തങ്കച്ചന്‍

ബേബിച്ചായനെ പരിചയപ്പെട്ട നിമിഷം എന്റെ മനസ് സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും നിറഞ്ഞു. അന്നു രാത്രി മുഴുവൻ ഞങ്ങളൊന്നിച്ചായിരുന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

എം പി നാരായണപിള്ള 

പിന്നീട് ബേബിച്ചായൻ കൊച്ചിയിലെത്തിയാൽ എന്നെ വിളിക്കും. കൊല്ലം വഴി പോയാൽ ഞാൻ ഇരവിപുരത്തിറങ്ങും. അമ്മിണി ചേച്ചിയുടെ കഞ്ഞിയും പയറും കഴിച്ച് അവിടെ ഒരു രാത്രി ഇരുട്ടിവെളുപ്പിച്ചിട്ടേ മടങ്ങൂ.
സാധാരണ കുടുംബകാര്യങ്ങളെ ഞങ്ങൾ സംസാരിക്കു .കാക്കനാടൻ അങ്ങനെ സാഹിത്യമൊന്നും സംസാരിക്കാറില്ല. നാണപ്പൻ എന്ന എം പി നാരായണപിള്ളയുടെ ജീവിതത്തെക്കുറിച്ചും തമാശകളെക്കുറിച്ചും ചിലപ്പോൾ വാചാലമാകും

ഒരു ദിവസം ബേബിച്ചായൻ എന്നോട് താൻ എഴുതാൻ പോകുന്ന പുതിയ നോവലിനേക്കുറിച്ചു പറഞ്ഞു. സ്വന്തം വേരുകൾ തേടി പിന്നോട്ടു സഞ്ചരിക്കുന്ന ഒരു മനുഷ്യനെ കേന്ദ്ര കഥാപാത്രമാക്കി എഴുതാൻ പോകുന്ന നോവൽ. ഇതായിരിക്കും തന്റെ മാസ്റ്റർപീസെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥാപരമായ നോവൽ.

കാക്കനാട്ട് പഴയ ഒരു രാജവംശമായിരുന്നെന്നും തങ്ങൾ ക്ഷത്രിയരാണെന്നും പിന്നീടെപ്പഴോ മതം മാറിയതാണെന്നും ബേബിച്ചായൻ പലകുറി എന്നോടു പറഞ്ഞിട്ടുണ്ട്. ബേബിച്ചായന്റെ സഹോദരൻ തമ്പിച്ചായനും (തമ്പി കാക്കനാടൻ) ഇത് ശരി വെച്ചിട്ടുണ്ട്. ഈക്കാര്യമാണ് പുതിയ നോവലിന്റെ പശ്ച്ചാത്തലമെന്നും ബേബിച്ചായൻ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെയൊരു നോവലെഴുതിയില്ല.

പിന്നീട് ഒരു ദിവസം ഈ നോവലിനേക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ എന്റെ ചോദ്യത്തെ അവഗണിച്ച് മൗനത്തിലായി. എപ്പോഴും ചിരിച്ചു കൊണ്ട് ജീവിതം ആഘോഷമാക്കി മാറ്റുന്ന ബേബിച്ചായന്റെ മൗനം.എന്നെ അൽഭുതപ്പെടുത്തി.
ഞാനാ വിഷയം വിട്ടു.

പിന്നീട്അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞിരുന്നു.
മരണ വാർത്ത എത്തിയതോടെ ഞാൻ പുലർച്ചെ കൊല്ലത്തേക്ക് യാത്രയായി.
റയിൽവേ സ്റ്റേഷനിൽ നിന്ന് ഇരവിപുരത്തെ ആ വലിയ ആൽമരവും റെയിൽവേ ഗേറ്റും പിന്നിട്ട് ബേബിച്ചായന്റെ വീട്ടിലെത്തുമ്പോൾ ‘ഒരുപാട് സുഹൃത്തുക്കൾ അവിടെയെത്തിയിരുന്നു. അമ്മിണി ചേച്ചിയും മകൾ രാധയും ബേബിച്ചായന് കൂട്ടിരിപ്പുണ്ട് ഒരു കാര്യസ്ഥനെപ്പോലെ ഗിരിയും എല്ലാവരും ഒരു കാലത്ത് ബേബിച്ചായന്റെ സൗഹൃദത്തിന്റെ സ്നേഹത്തിന്റെ ഈർപ്പം തൊട്ടറിഞ്ഞവർ…..
കൊല്ലത്തെ ഒരു ഹാളിലായിരുന്നു പൊതുദർശനം. അതു കഴിഞ്ഞ് സംസ്കാരത്തെ സംബന്ധിച്ച ആശയക്കുഴപ്പം. പൊതുശ്മശാനത്തിൽ മതി സംസ്കാരമെന്ന് ബേബിച്ചായൻ നേരത്തെ പറഞ്ഞിരുന്നെന്ന്…..

അങ്ങനെ പള്ളി സെമിത്തേരി ഉപേക്ഷിച്ച് ആ ‘ക്ഷത്രിയൻ’ പോളയത്തോട് പൊതുശ്മശാനത്തിൽ അന്ത്യനിദ്രയിലാണ്ടു…….

സംസ്കാരം കഴിഞ്ഞ് ഞാനും ബേബിച്ചായന്റെ ബന്ധുവും ഡോക്മെൻററി സംവിധായകനുമായ ബർണാഡുമൊത്ത് ശ്മശാനത്തിൽ നിന്നു മടങ്ങി.
കൊല്ലത്തുവെച്ച് ബോധമറ്റ ബർണാട് ഒരു മതിലിൽ ചാരിയിരുന്ന് ഉറങ്ങി. ബോധം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ലത്ത ഞാൻ എറണാകുളത്തേക്ക് ഒരു ബസ്സു പിടിച്ചു.

കാക്കനാടനില്ലാത്ത ബേബിച്ചായനില്ലാത്ത ഏഴുവർഷങ്ങൾ……

*Photo courtesy (M P Narayanapillai): Malayala Manorama

Spread the love

Leave a Reply