Saturday, January 29

ബിജെപിയുടെ ഭ്രാന്തന്‍ ഭരണത്തിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തില്‍ അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാരിന്റെ മിക്ക നടപടികളും ഭ്രാന്തമായിരുന്നു. എന്നാല്‍ ഇത്തരം ഭ്രാന്തമായ തീരുമാനങ്ങള്‍ക്ക് കൃത്യമായ ഒരു വ്യവസ്ഥയുണ്ടെന്നാണ് ദവയര്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ അഭിജിത് സെന്‍ഗുപ്ത നിരീക്ഷിക്കുന്നത്. മൂന്ന് സമാന്തര മാര്‍ഗ്ഗങ്ങളിലുള്ള സ്ഥായിയായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാകും. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന ഒരു ചെസ് കളിക്കാരന്റെ വൈദഗ്ധ്യത്തോടെയാണ് സര്‍ക്കാര്‍ തങ്ങളുടെ രഹസ്യ അജണ്ട രാജ്യത്തിന് മേല്‍ കെട്ടിവെക്കുന്നതെന്നും സെന്‍ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.

കലാപത്തിന്റെയും ഭയത്തിന്റെയും ഒരന്തഃരീക്ഷം സൃഷ്ടിക്കാന്‍ തങ്ങളുടെ അനൗദ്ധ്യോഗിക പിന്തുണ അടിത്തറ ഉപയോഗിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഇതുവഴി സൃഷ്ടിച്ച പുകമറയിലൂടെ കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി രാജ്യത്തെ പൗരന്മാര്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാന്‍ സര്‍ക്കാരിന് സാധിച്ചു. തികച്ചും സ്വാര്‍ത്ഥപരമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഭരണനിര്‍വഹണത്തിന് പകരം വെക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു രണ്ടാത്തേത്. ഇതുവഴി വളരെ ആക്രമണോത്സുകമായ രീതിയിലൂടെ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാന്‍ മോദി ഭരണം ശ്രമിച്ചു. ഭരണഘടനയുടെ ചില നെടുതൂണുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമായിരുന്നു മൂന്നാമത്തേത്. ഫെഡറല്‍ സംവിധാനത്തില്‍ നിന്നും ഏകീകൃതമായ ഒരു വ്യവസ്ഥയിലേക്ക് രാജ്യത്തെ നടത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.

ചില വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ക്ക് മേല്‍ സാമൂഹ്യ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണത്തിലേറി ആദ്യ വര്‍ഷത്തില്‍ തന്നെ സര്‍ക്കാര്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇത്തരം വ്യക്തിഗത തിരഞ്ഞെടുപ്പുകള്‍ അടിയറ വയ്ക്കാനാവാത്ത അവകാശങ്ങളാണെങ്കിലും നിയമത്തിന് പുറത്തുള്ള യാഥാര്‍ത്ഥ്യത്തില്‍ ഭീഷണികളും പൗരത്വത്തെ ഇളക്കി മറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 2015 മേയ് മൂതല്‍ ദളിതരും ന്യൂനപക്ഷങ്ങളും അടക്കം തിരിച്ചടിക്കാന്‍ പ്രാപ്തിയില്ലാത്ത പ്രാന്തവല്‍കൃതരെ ആള്‍ക്കൂട്ട കൊലയ്ക്ക് വിധേയമാക്കുന്ന സംഭവങ്ങളാണ് ഇന്ത്യയിലെമ്പാടും നടമാടുന്നത്.

2018 ആയപ്പോഴേക്കും ഇ്ത്തരം ആള്‍്ക്കൂട്ട ആക്രമണങ്ങള്‍ പുറത്തുനിന്നുള്ളവര്‍ക്ക് നേരെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും എതിരായി മാറി. പശുവിന സംരക്ഷിക്കാനെന്ന പേരില്‍ അഴിഞ്ഞാടുന്ന തെമ്മാടിക്കൂട്ടങ്ങളെ നിയന്ത്രിക്കാനാവാതെ വന്നതോടെ ആള്‍ക്കൂട്ടക്കൊലകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. പോലീസ് ഇത്തരം കേസുകളില്‍ പുലര്‍ത്തുന്ന ഉദാസീനത മനസിലാക്കാന്‍ പോലും പ്രയാസമാണ്. പോലീസിന്റെ ഈ നിഷ്‌ക്രിയത്വം സാമൂഹ്യവിരുദ്ധ ശക്തികളെ നിയമം കൈയാളാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ വ്യക്തമായ സൂചനയാണ് 20146 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ തീസ് ഹസാരി കോടതി വളപ്പില്‍ കണ്ടത്. അഭിഭാഷകരായ ഒരു സംഘം ഗുണ്ടകള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാറിനെ പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ നമ്മുടെ നിയമപാലകരുടെ മനുഷ്യത്വരഹിത സമീപനം പ്രകടമായത് ആല്‍വാറില്‍ റക്ബര്‍ ഖാന്‍ ആക്രമിക്കപ്പെട്ടപ്പോഴായിരുന്നു.

സൗമ്യതയും ബുദ്ധിയുമുണ്ടെന്ന് നടിക്കുന്ന ജയന്ത് സിന്‍ഹയെ പോലെയുള്ള ഒരു കേന്ദ്ര മന്ത്രിയാണ് ആള്‍ക്കൂ്ട്ട കൊലക്കേസില്‍ പ്രതികളായവര്‍ക്ക് ജാമ്യം ലഭിച്ചത് ആഘോഷിക്കാന്‍ പോയത്. ജനകീയ അഭിലാഷത്തിന്റെ സൂചകമാണ് അതെന്ന് വിശദീകരിക്കാന്‍ ബിജെപി വക്താവിന് ധൈര്യം ലഭിക്കുന്നത് മറ്റൊരു അശുഭ സൂചനയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും നിയമവും ജനാല വഴി വലിച്ചെറിയപ്പെടുന്നു.

Read Also  മോദിയെ പുകഴ്ത്തിയ അബ്ദുള്ള കുട്ടിയെ കോൺഗ്രസ് ഒറ്റപ്പെടുത്തുന്നു; മോദിയുടെ പേരിൽ വീണ്ടും പുറത്താകുമോ അബ്ദുള്ള കുട്ടി?

അനിശ്ചിതത്വമാണ് രണ്ടാമത്തെ ഘടകം നല്‍കുന്ന സംഭാവന. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണനിര്‍വഹണത്തെക്കാള്‍ പാര്‍ട്ടിയുടെ ഭരണം കൂടുതല്‍ പ്രാധാന്യം നേടുന്നു. അനാവശ്യമായ നോട്ട് നിരോധന നടപടിയിലൂടെ രാജ്യത്ത് കള്ളപ്പണത്തിന്റെ അളവ് വളരെ കുറവാണെന്ന സന്ദേശം നല്‍കാന്‍ മാത്രമേ ഉതകിയുള്ളു. നൂറിലേറെ ജീവനുകള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂനിന്ന് പൊലിഞ്ഞു എന്നത് മാത്രമാണ് ഭ്രാന്തമായ ആ നീക്കത്തിന്റെ ബാക്കി പത്രം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമേല്‍പ്പിച്ച നടപടികൊണ്ട് പക്ഷെ, ബീജെപിക്ക് ചില രാഷ്ട്രീയ നേട്ടങ്ങളുണ്ടായി. അഴിമതി അവസാനിപ്പിക്കാനുള്ള നീക്കമെന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതരത്തില്‍ കൗശലപൂര്‍ണമായ ഒരു രാഷ്ട്രീയ നീക്കമായിരുന്നു അത്.

രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനത്തിലേക്ക് എത്തിയതാണ് 2016 വരെയുള്ള മോദി സര്‍ക്കാരിന്റെ നേട്ടം. 2010ല്‍ ഇത് 40.3 ശതമാനവും 2014ല്‍ 49 ശതമാനവുമായിരുന്നു. ദരിദ്രരെ സാമ്പത്തിക വികസനത്തില്‍ നിന്നും തുടച്ചുനീക്കുന്ന പ്രക്രിയയാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സുതാര്യതയ്ക്ക് പകരം കൂടുതല്‍ രഹസ്യാത്മകമായി മാറുകയായിരുന്നു.

സ്വകാര്യതയെ കുറിച്ചുള്ള സുപ്രീം കോടതി വിധിക്ക് ശേഷവും പൗരന്മാരുടെ സ്വകാര്യതയില്‍ കടന്നുകയറാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. ആധാര്‍ പോലുള്ള ഉപകരണങ്ങളെ ഈ നിയന്ത്രണത്തിനുള്ള പ്രത്യേക ഉപാധികളായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. സ്വകാര്യ വിവരങ്ങള്‍ സേവനങ്ങളുമായി ബന്ധിപ്പിച്ചാല്‍ ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാകും എന്ന് തെറ്റിധറിപ്പിച്ചാണ് പരമോന്നത കോടതിയുടെ ഉത്തരവുകളെ പോലും ലംഘിച്ച് സ്വകാര്യതയിലേക്ക് ഈ കടന്നുകയറ്റം നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എല്ലാ സന്ദേശങ്ങളും പരിശോധിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഇന്ത്യയെ ഒരു നിരീക്ഷണ രാജ്യമായി അധഃപതിപ്പി്ക്കുമെന്ന് ഇത് സംബന്ധിച്ച വാദത്തിനിടയില്‍ ഒരു സുപ്രീം കോടതി ജഡ്ജി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതേ സാമൂഹ്യ മാധ്യമങ്ങളെ തന്നെ തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങള്‍ ഉയര്‍ത്തുന്നവരെ അവഹേളിക്കാനും ഭീഷണിപ്പെടുത്താനുമായി ഭരണകക്ഷിയുടെ സൈബര്‍ ഗുണ്ടകള്‍ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു.

നീഗൂഢമായി ഭരണഘടന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മൂന്നാമത്തേത്. ഭരണഘടനയുടെ 109, 110 അനുശ്ചേദങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് ആധാര്‍ പോലുള്ള ബില്ലുകള്‍ ധനബില്ലായി അവതരിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതെ യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പോലുള്ള ഭരണഘടന സ്ഥാപനങ്ങളുടെ അടിത്തറയിളക്കുന്നു.  രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനും കേന്ദ്രീകൃതമായ ഒരു ഭരണവ്യവസ്ഥയിലേക്ക് തള്ളിയിടാനുമുള്ള ശ്രമങ്ങളാണ് ഏറ്റവും അപകടകരം. ഡല്‍ഹി സംസ്ഥാന ഭരണവുമായി ബ്ന്ധപ്പെട്ട വിഷയത്തില്‍ ഭരണഘടനയെയും സുപ്രീം കോടതി ഉത്തരവുകളെയും ബോധപൂര്‍വം അവഗണിക്കുന്ന നടപടികള്‍ ഇതിന്റെ ഭാഗമായി വേണം കാണാന്‍. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം അപകടകരമായ മറ്റൊരു സ്ഥിതിവിശേഷമാണ് സമ്മാനിക്കുന്നത്. നിലവിലുള്ള നിരവധി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് മാത്രമല്ല, ഇടക്കാല തിരഞ്ഞെടുപ്പുകളിലൂടെ തങ്ങളുടെ സര്‍ക്കാരുകളെ മാറ്റാനുള്ള പൗരന്റെ അവകാശത്തെയും നിര്‍ദ്ദേശം അട്ടിമറിക്കുന്നു. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോള്‍ എന്ത് ചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്. ശിഷ്ടകാലം സംസ്ഥാന ഭരണം കേന്ദ്ര കൈയേറും എന്ന ഉത്തരം മാത്രമാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളും ഏറെ സംശയാസ്പദമായി മാറുന്നു എന്നതും ഇവിടെ പ്രസക്തമാണ്.

Read Also  വാൾ സ്ട്രീറ്റ് ജേണലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസർക്കാർ

പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത്, നേര്‍ത്ത് വരുന്നു. തിഞ്ഞെടുപ്പ് കാലത്ത് ഭരണനിര്‍വഹണ കാര്യക്ഷമതയ്ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തുടര്‍ച്ചയായി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നു. അതേ സമയം നാലുവര്‍ഷത്തെ സര്‍ക്കാര്‍ ഭരണത്തിന്റെ പ്രോഗ്രസ് കാര്‍ഡ് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പുറത്തിറക്കുന്നു. ഇന്ധന വില കുറയ്ക്കുന്നതിന് പെട്രോളിയം മന്ത്രി യോഗം വിളിക്കുമെന്ന് നാട്ടുകാരെ അറിയിക്കുന്നത് പാര്‍ട്ടി പ്രസിഡന്റാണ്. ഇതൊരു ഭ്രാന്താണോ എന്ന് ചോദിച്ചാല്‍ അതെ. പക്ഷെ രാജ്യത്ത് പുതിയ ഒരു ക്രമം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ഒരു ഭ്രാന്താണ് ഇപ്പോള്‍ നടമാടുന്നത്. ഫെഡറല്‍ സംവിധാനത്തെ മേധാവിത്വമുള്ള ഒരു പാര്‍ട്ടിയുടെ അധീനതയിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമം. ഈ നീക്കം വിജയിക്കുകയാണെങ്കില്‍ വിശാല വൈവിദ്ധ്യത്തില്‍ അധിഷ്ടിതമായ ഇന്ത്യന്‍ ജനാധിപത്യം ഏകമാനമായ ഒരു ഏകാധിപത്യ വ്യവസ്ഥിതിയായി ചുരുങ്ങിപ്പോകുമെന്നും മുന്‍ കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറി കൂടിയായ അഭിജിത് സെന്‍ഗുപ്ത നിരീക്ഷിക്കുന്നു.

Spread the love