Thursday, February 25

ഇനി ഇ ശ്രീധരന്റെ സ്വീകാര്യത, മലയാളിയുടെ ശീലങ്ങളിൽനിന്നും പഠിച്ച പാഠം

ഇ. ശ്രീധരൻ ബിജെപിയിൽ ചേരുന്നതോടെ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ബിജെപി വോട്ട് ഇരട്ടിയാകുമെന്ന അവകാശവാദം പുറത്തുവന്നതോടെ എൻ ഡി എ ക്യാമ്പിൽ കണക്കുകൂട്ടലുകളാണ്. ശ്രീധരന്റെ വരവ് ബി ജെ പിയിൽ എന്തെങ്കിലും ചലനങ്ങളുണ്ടാക്കുമോ. അതോ നേരത്തെ സുരേഷ് ഗോപിയും അൽഫോൻസ് കണ്ണന്താനവുമൊക്കെ വന്നതുപോലെ അത്തങ്ങാവസാനിക്കും എന്നാണോ

‘ഞാൻ ബിജെപിയിൽ ചേർന്നതുകൊണ്ട് ബിജെപിയുടെ വോട്ട് ഇരട്ടിയാകും. ഞാൻ ബിജെപിയിൽ ചേർന്ന ഒറ്റ സംഗതി മതി കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. കൂടുതൽ വോട്ട് ലഭിക്കും’ മാതൃഭൂമി ന്യൂസുമായി സംസാരിക്കവെ ആണ് ശ്രീധരൻ ഈ വാക്കുകൾ പങ്കുവെച്ചത്.

കേരളത്തിലെ ജനതയെ വിലയിരുത്തേണ്ടത് ഒരു പ്രത്യേക വീക്ഷണകോണിൽ തന്നെയാണ്. സാധാരണയായി വടക്കേ ഇന്ത്യാക്കാർ എടുക്കുന്ന നിലപാടായിരിക്കില്ല കേരളത്തിൽ എടുക്കുന്നത് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരു സാഹചര്യത്തിൽ മെട്രോ ശ്രീധരൻ വന്നാൽ എല്ലാം മറന്നു ജനം ബി ജെ പിക്ക് വോട്ടു ചെയ്യുമോ ? കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മതേതരജനത അത്ര വർഗ്ഗീയമായി ചിന്തിക്കുമെന്ന് ഒറ്റയടിക്ക് കണക്കുകൂട്ടാനാവുമോ. ബി ജെ പി യുടെ അടിസ്ഥാനപ്രമാണമായ ഹിന്ദുത്വ അജണ്ടയും ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയവും വിഴുങ്ങി ജനം ശ്രീധരനോടൊപ്പം പോകും എന്ന് ആരെങ്കിലും പ്രവചിക്കുന്നുണ്ടെങ്കിൽ കേരളം പരശുരാമനും പിന്നിലുള്ള കാലത്തിലേക്ക് പോകുന്നു എന്ന് പറയേണ്ടിവരും.

ഒരു മികച്ച എൻജിനിയർ ആണ് ശ്രീധരൻ. പക്ഷെ ഒരു മികച്ച രാഷ്ട്രീയപ്രവർത്തകൻ ആകണമെന്നില്ല. അങ്ങനെയൊരു ചിന്ത ശ്രീധരനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരു വർഗ്ഗീയ അജണ്ട മുഖമുദ്രയാക്കിയ ഒരു ഫാസിസ്റ്റ് രാഷ്ട്രീയസംഘടനയിൽ ചേരില്ലായിരുന്നു.

നൂറ്റാണ്ടുകൾ നിലനിന്ന ഒരു മസ്ജിദിനെ ഉരുക്കുമുഷ്ടിയുപയോഗിച്ചു പൗരാണിക കഥയിലെ മുഖ്യകഥാപാത്രത്തിനെ ബിംബവൽക്കരിച്ചു ക്ഷേത്രമാക്കി മാറ്റിയ ബ്രാഹ്മണ്യ അജണ്ട ലോകം മുഴുവൻ ചർച്ച ചെയ്തതാണ്.

ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ രണ്ടാം പൗരന്മാരാക്കി മാറ്റി പടിപടിയായി നാട് കടത്തുക എന്ന ആശയവുമായി രൂപം കൊണ്ട സംഘപരിവാറിന്റെ യഥാർത്ഥമുഖം മതേതര ഇന്ത്യക്ക് പരിചിതമായി കഴിഞ്ഞു.

മെട്രോമാൻ  നല്ലൊരു ടെക്‌നോക്രാറ്റാണ്. എ പി ജെ അബ്ദുൽ കലാം, മാധവൻ നായർ തുടങ്ങിയവരൊക്കെ നല്ല ടെക്‌നോക്രാറ്റായിരുന്നു. എന്നാൽ ഇവരുടെ എല്ലാം രാഷ്ട്രീയവീക്ഷണം വികലമാണ് എന്ന് കാലം തെളിയിച്ചതാണ്.

പൊതുസമ്മതനായ ഏതെങ്കിലും വ്യക്തി രാഷ്ട്രീയത്തിൽ വന്നാൽ ആ രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിക്കുക മലയാളിയുടെ ശീലമല്ല. പ്രേംനസീർ, സുരേഷ് ഗോപി എന്നിവരൊക്കെ രാഷ്ട്രീയപ്രവേശം നടത്തിയിട്ട് ഒരു ചലനവും സൃഷ്ടിക്കാൻ മലയാളിയുടെ ഇടയിൽ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിൽ മെട്രോ ശ്രീധരൻ സംഘപരിവാർ കൂടാരത്തിലേക്ക് വരുമ്പോൾ ബി ജെ പിയുടെ വളർച്ച ഇരട്ടിയാവുകയല്ല, മറിച്ചു ശ്രീധരന്റെ ജനപിന്തുണ പൂർണമായും അസ്തമിക്കുകയാണ് ചെയ്യുന്നത്.  മലയാളികളുടെ ശീലങ്ങളിൽ നിന്നുള്ള പാഠം അനുസരിച്ചു സംഭവിക്കുന്നത് ഇതാണ്

Spread the love
Read Also  മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ