Thursday, January 20

എം ജി സർവകലാശാല പരീക്ഷകൾ മാറ്റും

 

എം ജി സർവകലാശാല ഈ മാസം 14 നു തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി വെക്കും എന്നറിയുന്നു. നവംബ 27 നു തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓൺലൈനിൽ ചോദ്യങ്ങൾ തയാറാക്കുന്ന പദ്ധതി ഈ പരീക്ഷകൾ മുതൽ നടപ്പാക്കാനാണ് സർവകലാശാല തീരുമാനം. ഇതിനായി വിവിധ കോളേജുകളിൽ അധ്യാപകരുടെ പരിശീലന പരിപാടി നടന്നു. ഇതനുസരിച്ചു അധ്യാപകർ ചേർന്ന് ചോദ്യബാങ്ക് തയാറാക്കി സർവകലാശാല വെബ്‌സൈറ്റിൽ സൂക്ഷിക്കും. അതിൽ നിന്നും സോഫ്റ്റ്‌വെയർ തെരഞ്ഞെടുക്കുന്ന ചോദ്യങ്ങൾ ആയിരിക്കും പരീക്ഷക്ക് ഉപയോഗിക്കുക. ചോദ്യക്കടലാസുകൾ സർവകലാശാല അച്ചടിച്ച് വിതരണം ചെയ്യുന്ന പതിവുരീതി ഉണ്ടാവില്ല. പകരം പരീക്ഷാദിവസം രാവിലെ ഓരോ കോളേജിലേക്കും നിശ്ചിത എണ്ണം ചോദ്യപേപ്പറുകൾ ഇന്റർനെറ്റ് വഴി അയച്ചുകൊടുക്കും. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രം വിതരണം ചെയ്യുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച് മാത്രമേ ചോദ്യങ്ങൾ തുറക്കാൻ പറ്റൂ. അതാതു കോളേജുകളിൽ തയാറാക്കിയിരിക്കുന്ന പ്രിന്ററുകൾ ഉപയോഗിച്ച് ചോദ്യങ്ങൾ തത്സമയം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.

എന്നാൽ ഈ സംവിധാനം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ട്രയൽ റൺ നടത്തും എന്ന് സർവകലാശാല ഉറപ്പു നൽകിയെങ്കിലും വേണ്ട നടപടികൾ ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരിക്കുന്ന കോളേജുകളിൽ അര മണിക്കൂർ കൊണ്ട് എങ്ങനെ ചോദ്യങ്ങൾ അച്ചടിച്ച് തയാറാക്കും എന്ന ആശങ്കയിലാണ് കോളേജ് അധികൃതർ. പലേടത്തും ഇന്റർനെറ്റ് സൗകര്യങ്ങൾ ഇതിനുതകുന്നതല്ല.

 

Spread the love

Leave a Reply