Wednesday, January 19

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ആധാര്‍ ശമ്പള സമ്പ്രദായത്തിന്റെ ഇരകള്‍: ജീന്‍ ഡ്രെസെ

ജീന്‍ ഡ്രെസെ

 

 

 

 

 

 

ആധാര്‍ അധിഷ്ഠിത ശമ്പള സമ്പ്രദായം ഉപഭോക്താക്കളിലേക്ക് നേരിട്ട് ശമ്പളമെത്തിക്കുന്നതില്‍ വിജയിച്ചുവെന്ന വീമ്പിളക്കലിനെതിരെ സാമ്പത്തികശാസ്ത്രജ്ഞനും ഗ്രാമീണ തൊഴിലുറപ്പ് പ്രോഗ്രാം ആര്‍ക്കിടെക്റ്റുമായ ജീന്‍ ഡ്രെസെയുടെ പരിഹാസം. അത് ശമ്പളവിതരണത്തില്‍ ക്രമമില്ലായ്മകളുണ്ടാക്കി എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ അപക്വമായ സാമ്പത്തികവിദ്യകളുടെ ഗിനിപ്പന്നികളാവുകയാണെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓണ്‍ലൈനിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ജീന്‍ ഡ്രേസെ പറയുന്നത്. ശമ്പളതാമസം എന്ന പഴയ പ്രശ്നത്തിന്‍റെ സ്ഥാനത്ത് ശമ്പളം നിരസിക്കല്‍, വഴി തിരിയല്‍, പൂട്ടിപ്പോകല്‍ മുതലായ അവസ്ഥകളാണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വികസന സാമ്പത്തിക ശാസ്ത്രത്തിന്‍റെ മേഖലയിലെ രചനകള്‍ കൊണ്ട് അറിയപ്പെടുന്ന ബല്‍ജിയത്തില്‍ ജനിച്ച ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജീന്‍ ഡ്രെസെ. നോബല്‍ സമ്മാനജേതാവായ അമര്‍ത്യ സെന്നിന്‍റെ അസോസിയേറ്റ് ആയ ജീന്‍ ഡ്രേസെ അമര്‍ത്യ സെന്നുമായി ചേര്‍ന്ന് ‘ഒരു അനിശ്ചിതവിജയം ഇന്ത്യയും അതിന്‍റെ വൈരുദ്ധ്യങ്ങളും’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി രൂപകല്പന ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ച ജീന്‍ ഡ്രെസെ ഒന്നും രണ്ടും യു.പി.എ. മന്ത്രിസഭകളില്‍ ദേശീയ ഉപദേശകസമിതിയില്‍ അംഗവുമായിരുന്നു.

നേരിട്ടുള്ള ശമ്പളവിതരണത്തില്‍ ആധാര്‍ സുതാര്യത കൊണ്ടുവന്നു എന്ന് പറയുന്നതിനെ ഡ്രെസെ എതിര്‍ക്കുന്നു. സുതാര്യമെന്ന് പറയുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് മനസിലാകാത്തതാണ്. വിശദമായി പറഞ്ഞാല്‍, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവസാനം ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടിലേക്കാവും പണമെത്തുക. ആളുകള്‍ പലപ്പോഴും ഇതറിയില്ല. അവര്‍ പഴയ അക്കൗണ്ടില്‍ പൈസ വരുന്നതും കാത്തിരിക്കും.

ആധാറുമായി ശമ്പളം ബന്ധപ്പെടുത്തിയതിലെ അപാകതകള്‍ മാത്രമല്ല, ശമ്പള കാലതാമസം, ഇടനിലക്കാരുടെ അഴിമതി മുതലയവകൊണ്ട് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തിലുണ്ടായ മന്ദിപ്പും പ്രധാനമാണ്. ഝാര്‍ഖണ്ടിലെ ഒരു തൊഴിലാളിയോട് ചോദിച്ചാല്‍ യില്‍ ജോലി ചെയ്താല്‍ കൃത്യസമയത്ത് ശമ്പളം കിട്ടില്ലെന്നാവും മറുപടി എന്ന് അദ്ദേഹം പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ നിരാശരാണ്. ജോലിക്കാരുടെ നിരാശ അഴിമതിക്കാരായ ഇടനിലക്കാര്‍ക്ക് സഹായകരമാണ്. അവര്‍  തൊഴിലുറപ്പ് പദ്ധതി ഫണ്ടുകള്‍ വക മാറ്റുവാന്‍ ഈ അവസരം മുതലാക്കുകയാണ്. ഇത് അഴിമതിക്കെതിരായ തയ്യാറെടുപ്പ് വേണ്ട സമയമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരിക്കാം. എന്നാല്‍ ഝാര്‍ഖണ്ഡില്‍ നില പരിതാപകരമാണെന്നാണ് ജീന്‍ ഡ്രെസെ അഭിപ്രായപ്പെടുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തെ കുട്ടികളുടെ കാര്യത്തിലായിരിക്കണം ഗവണ്മെന്‍റ് ശ്രദ്ധ ചെലുത്തേണ്ടതെന്നാണ് ജീന്‍ ഡ്രേസെ അഭിപ്രായപ്പെടുന്നത്. കുട്ടിക്കാലത്തെ പോഷകാഹാരമില്ലായമയും ആരോഗ്യ, വിദ്യാഭ്യാസ ലഭ്യതക്കുറവും ദശലക്ഷക്കണക്കിന് കുട്ടികളെയാണ് ബാധിക്കുന്നത്. ശമ്പളത്തില്‍ വരുത്തുന്ന വര്‍ധന ഇതിന് പരിഹാരമാവും. സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനപ്പുറം ഇന്ത്യയുടെ പ്രശസ്തിയും അഭിമാനവും ലോകത്തിന് മുന്നില്‍ ഉയര്‍ത്തുവാനാണ് പ്രധാനമന്ത്രിയ്ക്ക് വ്യഗ്രത എന്നാണ് നരേന്ദ്ര മോദിയ്ക്കതിരായ ജീന്‍ ഡ്രെസെയുടെ ആക്ഷേപം.

Spread the love