Wednesday, July 8

ഈ മരണങ്ങൾക്കു കാരണം കോവിഡ് വൈറസല്ല.

കൊറോണ വൈറസിന്റെ ഭീഷണി ലോകം മുഴുവൻ നേരിട്ടപ്പോൾ, ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയ്ക്കു കൂടി സാക്ഷിയായിരുന്നു. വീടിനകത്ത് തന്നെ തുടരാൻ പ്രധാനമന്ത്രിയുടെ വ്യക്തമായ മുന്നറിയിപ്പുകളും വികാരാധീനമായ അഭ്യർത്ഥനകളും ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ തെരുവിലയേണ്ടി വന്നു. പലരും തെരുവിൽ തന്നെ മരിച്ചുവീണു. അവയിൽ പലതും വൈറസിന്റെ ഫലമല്ല എന്നതാണ് സത്യം. എല്ലാം മറച്ചുവയ്ക്കുന്ന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലേക്കു പോലും ഈ വിഷയം കടന്നു കയറി.റെയിൽ‌വേ ട്രാക്കുകളിൽ‌ 16 പേർ‌.

ഇക്കാലമത്രയും, പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ റെയിൽ‌വേയെ എന്തുകൊണ്ടാണ് ഈയവസരത്തിൽ പിൻവലിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സംവിധാനമാണ് ഇന്ത്യൻ റെയിൽ‌വേ, രണ്ട് കോടി ആളുകളെ ഏത് ദിവസവും ഇന്ത്യയുടെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശേഷിയുണ്ട് നമ്മുടെ റയിൽ സംവിധാനത്തിന്. ലോക്ക് ഡൗൺ കാലഘട്ടത്തിന്റെ തുടക്കത്തിൽ കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാൻ റെയിൽ‌വേയെ അനുവദിച്ചിരുന്നെങ്കിൽ ഈ ദുരിതം കുറയ്‌ക്കാമായിരുന്നു. ഇങ്ങനെ തെറ്റായതും ദീർഘവീക്ഷണമില്ലാതെയും എടുത്ത തീരുമാനങ്ങൾ മൂലം രാജ്യം നേരിട്ട
ചില സംഭവങ്ങളിലൂടെ ഒന്നു കടന്നു പോകാം. ഛത്തീസ്ഗഢിൽ നിന്നു യാത്ര തുടർന്ന ജാംലോ മദ്‌കാം എന്ന 12 വയസുകാരി തെലങ്കാനയിൽ കുടുംബത്തോടൊപ്പം ഗ്രാമത്തിൽ എത്തുന്നതിനുമുമ്പ് മരണപ്പെട്ടു. . മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ പവർ ലൂം ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന യുപിയിലെ തന്റെ ഗ്രാമമായ ഷിഷ്പൂരിലേക്ക് സൈക്കിൾ പോകുകയായിരുന്നു നാൽപത്തിയെട്ടുകാരനായ തബരക് അൻസാരി. അൻസാരിയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ കൂടെയുണ്ടായിരുന്ന സുഹൃത്തിനു പോലും കഴിഞ്ഞില്ല, അപരിചിതമായ ഒരു ദേശത്ത് അദ്ദേഹത്തെ അടക്കം ചെയ്തു അയാൾ നാട്ടിലേക്ക് യാത്ര തുടരുകയായിരുന്നു. കൃഷ്ണയും പ്രമില സാഹുവും അവരുടെ രണ്ട് കുഞ്ഞുങ്ങളോടൊപ്പം ലഖ്‌നൗവിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് സൈക്കിളിൽ പുറപ്പെട്ടുവെങ്കിലും വഴിയിൽവെച്ച് അവർ ഒരു അപകടത്തിൽ പെട്ടു മരിച്ചു.അതു പോലെ തന്നെ ഗാസിയാബാദിൽ നിന്ന് ബീഹാറിലേക്ക് മോട്ടോർ സൈക്കിളിൽ പോവുകയായിരുന്നു അമ്രീഷും രാജുവും, വാരണാസിക്ക് സമീപം ഇരുവരും അപകടത്തിൽ മരണപ്പെട്ടു. മെയ് 24 ന് ഒരു ഷ്രാമിക് പ്രത്യേക ട്രെയിൻ കാൺപൂരിലെത്തിയപ്പോൾ ഒരു വൃദ്ധയും യുവാവും ഉൾപ്പെടെ മൂന്ന് പേരെ മരിച്ച നിലയിൽ അതിൽ കണ്ടെത്തിയിരുന്നു. മുംബൈയിൽ ജോലി ചെയ്തിരുന്ന യുപിയിൽ നിന്നുള്ള 38 കാരനായ മോഹൻ ലാൽ ശർമയുടെ മരണമാണ് കൂടുതൽ ദാരുണമായത്. മൂന്ന് ദിവസം കഴിഞ്ഞ് ഗോരഖ്പൂരിൽ നിന്ന് മടങ്ങുമ്പോൾ മൃതദേഹം മറ്റൊരു ഷ്രാമിക് സ്പെഷ്യൽ ട്രെയിനിന്റെ ടോയ്‌ലറ്റിൽ കണ്ടെത്തുകയായിരുന്നു.കോവിഡ് -19 നേരിടാൻ ആശുപത്രികൾ ഒരുങ്ങുമ്പോഴും, ദിശാബോധത്തിന്റെ അഭാവം മറ്റ് രോഗങ്ങളുള്ള രോഗികളെ പിന്തിരിപ്പിക്കാൻ കാരണമായി. എട്ട് മാസം ഗർഭിണിയായ നീലം ഗ്രേറ്റർ നോയിഡയിലെ ആശുപത്രിക്ക് പുറത്ത് ആംബുലൻസിൽ കിടന്നു പ്രസവിച്ചു.

Read Also  കൊവിഡ് വൈറസ് വായുവിലൂടെയും പകരും ; മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് വിദഗ്ധർ

 

ലഖ്‌നൗവിലെ 2 സ്വകാര്യ ആശുപത്രികൾ കോവിഡ് സജ്ജീകരണത്തിനൊരുക്കിയപ്പോൾ വാർഡിൽ ഉണ്ടായിരുന്ന രോഗിയായ മൂന്ന് വയസുകാരൻ, കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാൻ വൈകിയിരുന്നു.
മാരകമായ അപകടത്തിൽപ്പെട്ട രാംശങ്കർ എന്ന കർഷകനെ 5 ദിവസത്തിനുള്ളിൽ പത്തോളം ആശുപത്രികളിൽ എത്തിച്ചെങ്കിലും ആശുപത്രികളുടെ അശ്രദ്ധമായ പരിചരണം കാരണം അയാൾ മരണത്തിനു കീഴടങ്ങി. അപ്പോഴേക്കും കുടുംബം ചികിത്സക്കായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ഗുഡ്ഗാവിലെ ചിത്രകാരനായി ജോലി ചെയ്തിരുന്ന ബീഹാറിൽ നിന്നുള്ള 35 കാരനായ ചാബു മണ്ഡൽ പട്ടിണിമൂലം തന്റെ മൊബൈൽ ഫോൺ 2500 രൂപയ്ക്ക് വിറ്റു, ഭാര്യയ്ക്കും മാതാപിതാക്കൾക്കും നാല് കുട്ടികൾക്കും ഭക്ഷണം വാങ്ങി നൽകിയതിനു ശേഷം തൂങ്ങിമരിച്ചു.
ലോക്ക് ഡൗൺ കാലയളവിൽ കോവിഡ് -19 ഒഴികെയുള്ള കാരണങ്ങളാൽ സംഭവിച്ച 884 മരണങ്ങൾ ചില വെബ്‌സൈറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മരണങ്ങൾക്ക് ആരാണ് ഉത്തരവാദികൾ?
നമ്മുടെ പ്രധാനമന്ത്രി ഉൾപ്പെടെ പലരും അവരെ “മഹാ ത്യാഗികൾ ” എന്ന് ഇടയ്ക്കിടയ്ക് വിളിക്കുന്നുണ്ട്.
ഈ പകർച്ചവ്യാധി സമയത്ത് കോടതികളിൽ നിന്ന് നീതി തേടി അലയാതിരിക്കാൻ വേണ്ട നടപടിയെങ്കിലും സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്., പാർശ്വവത്കരിക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കുന്നതിന് സ്ഥാപനവൽക്കരിക്കപ്പെട്ട കോടതി മുറികൾ പലപ്പോഴും അപ്രാപ്യമായി മാറുന്നത് സമീപകാലത്ത് വാർത്തകൾ പോലുമല്ലാതായി മാറുന്നു.
ഗുരുതരമായ മാനുഷിക പ്രതിസന്ധികളോടുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം സ്വയം പുനർനിർമിക്കേണ്ടതുണ്ട്. നയപരമായ പ്രതിസന്ധികൾക്കും തീരുമാനമെടുക്കുന്നതിലുള്ള പരാജയങ്ങൾക്കും അനുസൃതമായി ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങളുടെ പരമ്പര ഇന്ത്യൻ ഭൂമിയിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആരോഗ്യസംരക്ഷണത്തിനായി പൊതുചെലവിൽ വളരെ കുറച്ച് ചിലവഴിക്കുന്ന ഇന്ത്യയിലെ ആരോഗ്യസ്ഥിതിയുടെ മോശം അവസ്ഥ തന്നെയണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് കാരണമെന്നും മറ്റൊരു തരത്തിൽ വീക്ഷിക്കാം.
ഈ മരണങ്ങൾക്ക് ഉത്തരവാദി കോവിഡ് വൈറസല്ല. ഒട്ടും ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരികൾ എടുക്കുന്ന വിവേകമില്ലാത്ത തീരുമാനങ്ങൾ മാത്രമാണ്.

Spread the love