Sunday, January 16

മെഡിറ്ററേനിയന്‍ കടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 200 അഭയാര്‍ത്ഥികള്‍ ഒഴുകിപ്പോയി

മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷം ഒഴുകിപ്പോയത് ആയിരത്തിലധികം അഭയാര്‍ത്ഥികള്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് കുട്ടികളടക്കം 200 പേര്‍ ഒഴുകിപ്പോയതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐ.ഒ.എം.) വ്യക്തമാക്കി.

സംഘടന റിപ്പോര്‍ട്ട് പ്രകാരം കള്ളക്കടത്തുകാര്‍ കടത്തിവിട്ട സുരക്ഷിതമല്ലാത്ത ബോട്ട് തകര്‍ന്നാണ് മൂന്ന് കുട്ടികളടക്കം 103 പേര്‍ മരിച്ചത്.

ട്രിപോളി തീരത്ത് ചെറിയ റബ്ബര്‍ ബോട്ട് തകര്‍ന്ന് 100 പേര്‍ മരിച്ചതായി ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് ഞായറാഴ്ച വ്യക്തമാക്കി. 41 പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ രക്ഷ പെട്ടതായി ഐ.ഒ. എം. അവകാശപ്പെടുന്നു. സഹായങ്ങളുമായി ലിബിയയിലേക്കുള്ള തന്‍റെ യാത്രയ്ക്കിടയിലായിരുന്നു സംഭവമെന്ന് ഐ.ഒ.എം. ഡയറക്ടര്‍ വില്യം സ്വിങ് പറഞ്ഞു

അഭയാര്‍ത്ഥികളുടെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അഭയാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന മനുഷ്യ കള്ളക്കടത്ത് വ്യാപാരത്തിനെതിരായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മറ്റൊരു പ്രസ്താവനയില്‍ വില്യം സ്വിങ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ ആയിരം അഭയാര്‍ത്ഥികളെ തീരസേന ലിബിയന്‍ തീരത്തേക്ക് തിരിച്ചയച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഏകദേശം 10,000 പേരെ തീരസേന ലിബിയയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ലിബിയന്‍ തീരത്ത് അടുത്ത കാലത്തായി മരണനിരക്ക് ക്രമാതീതമായി കൂടിയിട്ടുമുണ്ട്.

ഐ.എം.ഒ. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍ 27 വരെ ബോട്ട് തകര്‍ന്ന് 972 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. 2017ല്‍ മൊത്തം 2,172 പേരാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തത്. കടല്‍ വഴി നാല്പത്തയ്യായിരത്തോളം അഭയാര്‍ത്ഥികള്‍ ഈ വര്‍ഷം യൂറോപ്പിലേക്കെത്തിയിട്ടുണ്ട്.

Spread the love