Sunday, May 31

മലബാർ മിൽമ പ്രതിസന്ധിയിൽ ; നാളെ പാൽ സംഭരണം നടത്തില്ല

 സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുമേഖലാ സംരഭമായ മലബാർ മിൽമ കടുത്ത പ്രതിസന്ധിയിൽ. കോവിഡ് -19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പാൽ എടുക്കുന്നത് തമിഴ്നാട് നിർത്തിയതോടെ മിൽമ  നാളെ ബുധനാഴ്ച പാൽ എടുക്കില്ലെന്ന് മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.എം വിജയകുമാരൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.  ഏപ്രിൽ 2 മുതൽ പാൽ സംഭരണം ഭാഗികമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും  പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും മിൽമയുടെ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണിയും അറിയിച്ചു.

രണ്ടു ദിവസം മുമ്പ് തന്നെ തമിഴ് നാട് കേരളത്തിൻ്റെ പാൽ വേണ്ടന്ന് അറിയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥ വന്നതോടെയാണ് കേരളത്തിന്റെ പാൽ തമിഴ്നാട്ടിലേക്ക് കയറ്റി അയക്കേണ്ടെന്ന് തമിഴ്നാട് സർക്കാർ  അറിയിച്ചത്. എന്നാൽ സർക്കാർ തലത്തിലോ മറ്റോ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ചർച്ച കൊണ്ട് ഫലമില്ലാതായതോടെയാണ് പാൽ സംഭരണം നിർത്താൻ തീരുമാനിച്ചത്.

മിൽമ സംസ്ഥാനത്തെ മുഴുവൻ ക്ഷീരകർഷകരുടെയും , പാൽ പ്രാദേശിക ഉപഭോഗത്തിന് ശേഷം സംഭരിച്ചിരുന്നു.  ദിവസേന ആറ് ലക്ഷം ലിറ്റർ പാലായിരുന്നു മലബാറിൽ നിന്ന് മാത്രം മിൽമ സംഭരിച്ചിരുന്നത്. മറ്റ് ഉൽപ്പന്നങ്ങൾ നിർമിച്ച ശേഷവും എടുക്കുന്ന പാലിന്റെ പകുതിയോളം മാത്രമേ വിറ്റ് പോയിട്ടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ബാക്കിയാവുന്ന പാൽ ചെറിയൊരളവിൽ തിരുവനന്തപുരം യൂണിറ്റിലേക്ക് കയറ്റി അയച്ച ശേഷം ബാക്കി തമിഴ്നാട്ടിലേക്ക് അയച്ച് പാൽപൊടിയാക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് കാരണം കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നത് കുറക്കേണ്ടിയും വന്നിരുന്നില്ല. ഇതിനാണ് ഇപ്പോൾ തടസ്സമുണ്ടായിരിക്കുന്നത്. ഒരു ലിറ്റർ പാൽ പാൽപൊടിയാക്കാൻ പത്ത് രൂപയോളം അധിക ചിലവാണ് മിൽമയ്ക്ക് വരുന്നുണ്ടായിരുന്നത്. എങ്കിലും നഷ്ടം സഹിച്ച് പൊടിയാക്കിയത് കർഷകരെ സംരക്ഷിക്കാനായിരുന്നു. ഇതിനാണ് ഇപ്പോൾ തടസ്സമുണ്ടായിരിക്കുന്നത്.

മിൽമ പാൽസംഭരണത്തിൽ വലിയ തോതിൽ ക്രമീകരണം വരുത്തുമ്പോൾ പാൽ കർഷകർക്ക് ഈ തീരാവ്യാധിയുടെ കാലത്ത് വലിയ തിരിച്ചടിയാണുണ്ടാവുക. എല്ലാം അടഞ്ഞ് കിടിക്കുന്ന ലോക് ഡൗൺ കാലത്ത് ക്ഷീര കർഷകരുടെ ഏക ആശ്രയവും മിൽമ പാൽ സംഭരണത്തിൽ കുറവ് വരുത്താത്തതായിരുന്നു. കേരളത്തിൽ പാൽപ്പൊടി നിർമാണ കേന്ദ്രങ്ങൾ ഇല്ലാത്തതാണ് ബാക്കിയുള്ള പാൽ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ച് പാൽപൊടിയാക്കേണ്ട അവസ്ഥയായിരുന്നു.

Read Also  6 കോവിഡ് രോഗികൾ കൂടി ; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published.