Wednesday, January 19

മിനാമാറ്റ: നാം പഠിക്കാതെ വിട്ട പാഠം, മെര്‍ക്കുറി ലെവല്‍ ഉയരുന്നു

പ്രളയാനന്തരം ആഞ്ഞുപതിക്കുന്ന കൊടുംചൂടില്‍ മെര്‍ക്കുറി ലെവല്‍ ഉയര്‍ന്ന് കേരളത്തിലെ പുഴകളും കിണറുകളും വറ്റി വരളുകയാണ്. കേരളം കടുത്ത കുടിവെള്ളക്ഷാമം നേരിടാന്‍ പോകുന്നതിന്‍റെ സൂചനയാണോ ഇതെന്നാണ് ഇപ്പോള്‍ നാടാകെ പരക്കുന്ന ഒരു സാമൂഹ്യഭീതി. പ്രളയാനന്തരം വന്നു ചേര്‍ന്ന ഈ പ്രതിഭാസത്തെ ശാസ്ത്രീയമായി പഠിക്കാന്‍ ഗവണ്മെന്‍റ് തലത്തില്‍ തീരുമാനമായി.

സംസ്ഥാനത്ത് പ്രളയാനന്തരം നടക്കുന്ന പ്രതിഭാസത്തെ പഠിച്ച് പരിഹാരം നിര്‍ദ്ദേശങ്ങള്‍ നടത്താന്‍ സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗണ്‍സിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്കി.

മെര്‍ക്കുറി ലവല്‍ ഉയരല്‍, പുഴകളിലെ ജലനിരപ്പ് താഴല്‍, കിണറുകള്‍ വറ്റുന്നത്, ഭൂഗര്‍ഭജലത്തിലെ കുറവ്, മണ്ണിരകളുടെ കൂട്ടനാശം മുതലായവയാണ് കേരളത്തില്‍ പലയിടങ്ങളിലായി പെട്ടെന്നുണ്ടായ മാറ്റങ്ങള്‍.

വയനാട്ടില്‍ അടുത്തിടെയുണ്ടായ മണ്ണിരകളുടെ വംശനാശം കര്‍ഷകരെ ആശങ്കാകുലരാക്കുന്നുണ്ട്. പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി മതലായ നദികളെല്ലാം അസാധാരണമായി വരണ്ടു കൊണ്ടിരിക്കുകയാണ്. കിണറുകളില്‍ പലതും വറ്റുന്നതിനോടൊപ്പം ഇടിഞ്ഞ് താഴുകയും ചെയ്യുന്നുണ്ട്. പ്രളയം കേരളത്തിന്‍റെ ഭൂഘടനയെ മാറ്റി മറിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഹൈറേഞ്ചുകളില്‍ മണ്ണിടിച്ചില്‍ മൂലം വലിയ മാറ്റമാണ് വന്നിട്ടുള്ളത്.

ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ജവഹർലാൽനെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള വന ഗവേഷണ കേന്ദ്രം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് എന്നീ സ്ഥാപനങ്ങളെയും ജലാശയങ്ങളിലും കിണറുകളിലും കാണപ്പെടുന്ന ക്രമാതീതമായ ജലനിരപ്പ് താഴുന്ന പ്രതിഭാസം, ഭൂഗർഭ ജലവിതാനത്തിൽ വന്ന വ്യതിയാനം, ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം എന്നിവ പഠിക്കുന്നതിന് സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്മെന്റിനെയും, റോഡുകൾ പാലങ്ങൾ എന്നിവയുമായിബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനു നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിനെയും ചുമതലപ്പെടുത്തി.

ഇതു കൂടാതെ ജൈവവൈവിധ്യമേഖലകളിൽ പരിസ്ഥിതിക്കുണ്ടായ ഘടനാപരമായ മാറ്റങ്ങളും സസ്യ ജന്തു ജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടായ വ്യത്യാസങ്ങളും അതിന്റെ പ്രതിഫലനങ്ങളും പ്രത്യേക പഠനവിഷയമാക്കാനും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനോട് നിർദേശിച്ചു.

പുതിയ വ്യതിയാനങ്ങളില്‍ ഏറെ പ്രധാനപ്പെട്ട വിഷയമാണ് ഏറെ ശാസ്ത്രീയ പ്രാധാന്യം നേടുന്നത്. മെര്‍ക്കുറി ലെവല്‍ ഉയരുന്നതാണത്. ആഗോളതാപനം കടലിലെ മെര്‍ക്കുറി ലവല്‍ ഉയര്‍ത്തുമെന്നും അത് മത്സ്യ സമ്പത്തിനെ മാരകമായി ബാധിക്കുമെന്നും മുമ്പുതന്നെ പഠനങ്ങള്‍ വന്നിട്ടുള്ളതാണ്. സ്വീഡിഷ് ഗവേഷകര്‍ ഇത് മുമ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ യു എന്‍ പരിസ്ഥിതി സമിതി നടത്തിയ മെര്‍ക്കുറിയുടെ ആഗോളലതത്തിലുള്ള നിയന്ത്രണതീരുമാനം ഇത്തരത്തിലെ ആദ്യചുവടു വെയ്പായിരുന്നു. 2013 ജനുവരി 19ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ ആഗോളസന്ധി ചേരല്‍ നടക്കുകയുണ്ടായി. അതേ വര്‍ഷം ഒക്ടോബര്‍ പത്തിന് ജപ്പാനിലെ കുമാമോട്ടോയില്‍ നടന്ന മിനാമാറ്റ കണ്‍വെന്‍ഷനില്‍ 136 രാജ്യങ്ങള്‍ ആഗോളസന്ധിയില്‍ ഒപ്പു വെക്കുകയുമുണ്ടായി.

2013 മുതല്‍ ആഗോളതലത്തില്‍ പഠനം നടക്കുന്ന മെര്‍ക്കുറി ലവല്‍ പാരിസ്ഥിതികാഘാതത്തിനെ പഠിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍ നമുക്ക് പരിസ്ഥിതിയുടെ തിരിച്ചടി കിട്ടേണ്ടി വന്നു എന്നു മാത്രം. ഇനിയെങ്കിലും അത് നേരേ ചൊവ്വേ മുന്നോട്ടു പോകുമെങ്കില്‍, പഠന ഗവേഷണനിര്‍ദ്ദേശങ്ങളെ ഇച്ഛാശക്തിയോടെ നടപ്പിലാക്കാന്‍ ഗവണ്മെന്‍റ് തയ്യാറാകുമെങ്കില്‍ നമുക്ക് നാശമുണ്ടാവില്ലെന്ന് പ്രത്യാശിക്കാം.

Spread the love