Sunday, January 16

കസ്റ്റഡി മര്‍ദ്ദനമെന്ന് പരാതി: ആള്‍ക്കൂട്ടം സ്റ്റേഷനില്‍ കയറി പോലീസുകാരെ തല്ലി

ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ കസ്റ്റഡിയിലെടുത്ത നാലുപേരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ദളിത് ഗ്രാമീണര്‍ പോലീസ് സ്‌റ്റേഷനില്‍ കയറി എസ്‌ഐയെയും മൂന്ന് പോലീസുകാരെയും തല്ലി. രാപുരു ഗ്രാമത്തിലെ എസ് സി കോളനിയില്‍ താമസിക്കുന്ന 150 ഓളം ആളുകളാണ് പോലീസ് സ്‌റ്റേഷനില്‍ കയറി ആക്രമണം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഒരു സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

സ്‌റ്റേഷന്‍ ആക്രമിച്ച ജനക്കൂട്ടം സബ് ഇന്‍സ്‌പെക്ടര്‍ ബി ലക്ഷ്മണയെ തല്ലുകയായിരുന്നു. ജനക്കൂട്ടത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് സമീപ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും അധിക സേനയെ വിളിച്ചുവരുത്തി. ജോസഫ് എന്ന ആളില്‍ നിന്നും പിച്ചയ്യ, കനകമ്മ, ലക്ഷ്മണമ്മ എന്നിവര്‍ പൈസ കടം വാങ്ങിയിരുന്നുവെന്നും കടം മടക്കിക്കൊടുക്കാത്തതിനാല്‍ ജോസഫ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പോലീസ് മൂന്നാം മുറ പ്രയോഗിച്ചതായി ഗ്രാമീണര്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ പിച്ചയ്യയ്ക്ക് ഗുരുതരമായ ആന്തരിക പരിക്കുകള്‍ ഏറ്റിട്ടുണ്ട്. പിച്ചയ്യയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടയാണ് ആള്‍ക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ചത്.

Spread the love
Read Also  മേൽജാതിക്കാരന്റെ തോട്ടത്തിൽ നിന്നും മാങ്ങ പറിച്ച ദളിതനെ കൊന്ന് കെട്ടി തൂക്കി