Wednesday, January 19

ആള്‍ക്കൂട്ട കുരുതികള്‍ തുടരുന്ന ഭാരതം: പ്രതികരിക്കാതെ സഹിഷ്ണുതാവാദികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍

വാട്സ് ആപ്പ് സന്ദേശമനുസരിച്ച് കര്‍ണ്ണാടകത്തില്‍ ജനക്കൂട്ടാക്രമണത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ശരിയായ അന്വേഷണം വേണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു. ഹൈദരാബാദുകാരനായ 32 കാരന്‍ മുഹമ്മദ് അസം എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്.  വെള്ളിയാഴ്ച കര്‍ണ്ണാടകത്തില്‍ ബിദാര്‍ ജില്ലയിലെ മുര്‍ക്കി ഗ്രാമത്തിലായിരുന്നു സംഭവം.


സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യം

ലോകപരിചയമുള്ള ലളിതസ്വഭാവക്കാരനായ മുഹമ്മദ് അസമിനെ എങ്ങനെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന് ആരോപിച്ച് തല്ലിക്കൊല്ലാനാവുക എന്ന് സഹോദരന്‍ മുഹമ്മദ് അക്രം ചോദിക്കുന്നു. ചിലരുടെ വിദ്വേഷ പ്രചാരണത്തിന്റെ ഇരയാണ് തന്റെ സഹോദരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ അന്വേഷണത്തിന് കേസ് കര്‍ണ്ണാടകയില്‍ നിന്നും തെലുങ്കാന ഗവണ്മെന്‍റ് ഏറ്റെടുക്കണമെന്ന് അക്രം ആവശ്യപ്പെട്ടു.  മേലില്‍ ഇത്തരത്തില്‍ ഒരു നിരപരാധിയും കൊല്ലപ്പെടാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എന്നും, വാട്സ് ആപ്പിലെ വ്യാജപ്രചരണത്തിലൂടെയുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്നുമാണ് അക്രത്തിന്‍റെ ആവശ്യം.

അവധി ദിവസം യാത്ര ചെയ്ത മുഹമ്മദ് അസമും മൂന്നു കൂട്ടുകാരുമാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തെപ്പറ്റി അസമിന്‍റെ സഹോദരന്‍ അക്രം പറയുന്നത് ഇപ്രകാരമാണ്. മുഹമ്മദ് സല്‍ഹാം-ഈദ്-അല്‍-ഖുബൈസി ഖത്തര്‍ പോലീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയാള്‍ അവധി ആഘോഷത്തിനായി മുഹമ്മദ് അസത്തിന്‍റെ വീട്ടിലെത്തിയത്. ഇരുവരും രാവിലെ പതിനൊന്നരയോടെ ആരോടും പറയാതെ പുറത്ത് പോവുകയായിരുന്നു. അവര്‍ എവിടെ പോയി എന്ന് ആര്‍ക്കുമറിയില്ലായിരുന്നു. വൈകുന്നേരം ബിദര്‍ പോലീസിന്‍റെ വിളി വന്നപ്പോഴാണ് ബിദറിലെ സുഹൃത്തിനെ കാണാനാണ് അവര്‍ പോയതെന്ന് ഞങ്ങള്‍ക്ക് അറിവ് കിട്ടിയത്. അളിയന്മാരായ മുഹമ്മദ് സല്‍മാനും നൂര്‍ മുഹമ്മദും കൂടെയുണ്ടായിരുന്നു.

ഹൈദരാബാദിലേക്ക് തിരികെയുള്ള യാത്രയില്‍ ബല്‍കുത് തണ്ടയിലുള്ള ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അതുവഴി വന്ന സ്കൂള്‍ കുട്ടികളെ കണ്ടപ്പോള്‍ ഇറാന്‍കാരനായ സല്‍ഹം അവര്‍ക്ക് ഇറാനില്‍ നിന്നും കൊണ്ടു വന്ന ചോക്ലേറ്റ് നല്കി. ഇത് കണ്ട ഗ്രാമവാസികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന നിലയില്‍ അവരെ ചോദ്യം ചെയ്യാന്‍ തുടങ്ങി. സംഭവം നിയന്ത്രണാതീതമാകുന്നതു കണ്ട അസമും കൂട്ടരും പെട്ടെന്ന് കാറില്‍ കയറി അവിടെ നിന്നും രക്ഷ പെട്ടു. ജനം അവരുടെ ചിത്രം വാട്സ് ആപ്പിലൂടെ പുറത്തു വിട്ടു. അടുത്ത ഗ്രാമമായ മുര്‍ക്കിയില്‍ സംഘടിതരായ ജനം അവരെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. മുഹമ്മദ് അസം സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂട്ടുകാരനായ മുഹമ്മദ് സല്‍ഹാം-ഈദ്-അല്‍-ഖുബൈസി എന്ന ഇറാന്‍കാരനെയും മുഹമ്മദ് സല്‍മാനെയും ഗുരുതരപരിക്കുകളോടെ ഹൈദരാബാദിലെ ആശുപത്രിയിലാക്കി. പരിക്കേറ്റ മറ്റൊരു കൂട്ടുകാരനായ നൂര്‍ മുഹമ്മദ് ബിദറിലെ തന്നെ ആശുപത്രിയില്‍ ചികിത്സയിലാണ്. അസമിന്‍റെ ശവസംസ്കാരം ശനിയാഴ്ച നടന്നു.

അവിടെ വെറും രണ്ടു പോലീസുകാരാണുണ്ടായിരുന്നതെന്നും ഇരു നൂറോളം വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നുമാണ് ഇതേപ്പറ്റി അസമിന്‍റെ ഭാര്യ സൈബുന്നിസ പറഞ്ഞത്. അവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ എന്ന പേരില്‍ വ്യാജ വാട്സ് ആപ്പ് സന്ദേശമനുസരിച്ച് ജനക്കൂട്ട ആക്രമണത്തില്‍ കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 27 പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം മഹാരാഷ്ട്രയില്‍ ദൂലെയിലെ റെയ്ന്‍പാഡയില്‍ അഞ്ച് നാടോടി ആദിവാസികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


ദൂലെയില്‍ കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കളായ ആദിവാസികള്‍

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന സംശയത്തില്‍, ഭിക്ഷാടനക്കാരെ ഈ പ്രദേശത്ത് നിരോധിച്ചിരിക്കുന്നുവെന്നും അത്തരക്കാരെ കണ്ടാല്‍ കൈകാര്യം ചെയ്യുന്നതായിരിക്കുമെന്നും കേരളത്തിന്‍റെ കവലകളിലും കുറെ നാള്‍ മുമ്പ് പോസ്റ്ററുകള്‍ കണ്ടിരുന്നു. അതിന്‍റെ പേരില്‍ കൊലകളൊന്നും നടന്നില്ലെങ്കിലും അടുത്ത കാലത്തായി നമ്മുടെ രാഷ്ട്രീയം ഉല്പാദിപ്പിച്ചിട്ടുള്ള ആള്‍ക്കൂട്ട നിയമത്തിന്‍റെ സൂചനകള്‍ ആ പോസ്റ്ററുകളില്‍ ഉണ്ടായിരുന്നു. അത്തരം ഭീഷണികള്‍ക്കെതിരെ പോലീസ് ഒരു നടപടിയും എടുത്തതായി കേരളത്തില്‍ പോലും അറിവ് ലഭിച്ചില്ല. തങ്ങളുടെ അധീനസ്ഥലങ്ങളില്‍ അപരിചിതരെ കണ്ടാല്‍ ചോദ്യം ചെയ്യാനും കൈയ്യേറ്റം ചെയ്യാനും ആള്‍ക്കൂട്ടങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന മൗനാനുവാദം ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. അതതു പ്രദേശത്തെ രാഷ്ട്രീയ അധികാരത്തിന്റെ കൈയ്യൂക്കാണ് ഇന്ത്യയില്‍ എമ്പാടും ഇത്തരത്തില്‍ അപരിചിത സ്ഥലങ്ങളില്‍ സഞ്ചരിക്കേണ്ടിവരുന്ന നിരപരാധികളുടെ മരണത്തിന് ഇടയാക്കുന്ന ആക്രമണങ്ങള്‍. കൈയൂക്കിന്റെ സംഘടിത നിയമലംഘനങ്ങളെ തടയാന്‍ അതത് സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്ര സര്‍ക്കാരോ തയ്യാറാകുന്നില്ല എന്ന ഭീതിതമായ അവസ്ഥയാണ് നിലവില്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വരെ നടക്കുന്ന ഇത്തരം നരഹത്യകള്‍ക്ക് ഔദ്ധ്യോഗിക പ്രതികരണങ്ങള്‍ ഒന്നുമുണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്.

Spread the love