Monday, January 24

കൊല്ല്, കൊല്ല്, കൊല്ലെന്ന് ജനക്കൂട്ടത്തോടലറുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ പുതിയ നിയമം കൊണ്ടെന്ത് കാര്യം?

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ജൂലൈ 17ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് ശേഷമാണ് കഴിഞ്ഞ ദിവസം ആല്‍വാറില്‍ അക്രം ഖാന്‍ എന്ന 28കാരനെ പശുവിനെ കടത്തിയെന്നാരോപിച്ച് ഹിന്ദു ഭീകരവാദികള്‍ തല്ലിക്കൊന്നത്. ഇന്ത്യയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഒരു പൗരനും നിയമം കൈയിലെടുക്കാനോ അല്ലെങ്കില്‍ സ്വയം നിയമമാണെന്ന് ധരിക്കാനോ അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഉള്ളില്‍ ഭയം ജനിപ്പിക്കുന്നതിന് ആവശ്യമായ ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാവണമെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ രാജ്യത്തെ തലമുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീം കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ മോദി ഭരണം ആരംഭിക്കുകയും രാജ്യത്തെ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്തതിന് ശേഷമാണ് നേരത്തെ ഒറ്റപ്പെട്ട രീതിയില്‍ മാത്രം നടന്നിരുന്ന ഇത്തരം സംഭവങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയത്. 2017 ജൂണ്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ 97 ശതമാനവും നടന്നിരിക്കുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷമാണ്. ഇതെല്ലാം പശുവിനെ കടത്തുന്നുവെന്ന പേരില്‍ പാവപ്പെട്ട മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും നേരെയാണ്.

ഈ കേസുകളിലൊന്നും തന്നെ കര്‍ക്കശമായ നടപടികള്‍ ഉണ്ടായിട്ടില്ല. മാത്രമല്ല, 2016 ജൂലൈയില്‍ ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഏഴ് ദളിതരെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് പോലീസ് ദൃക്‌സാക്ഷികളായിരുന്നു. അക്രമികളെ തടയാനോ അവരെ അറസ്റ്റ് ചെയ്യാനോ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നതായി എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ആള്‍ക്കൂട്ട അതിക്രമങ്ങളെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉത്തരവാദിത്വപ്പെട്ട അധികാരികളും രംഗത്തെത്തുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആല്‍വാറില്‍ അക്രം ഖാന്റെ കൊലപാതകത്തെ ന്യായീകരിച്ച് സ്ഥലം എംഎല്‍എയും വിവാദപുരുഷനുമായ ഗ്യാന്‍ദേവ് അഹൂജ രംഗത്തെത്തിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ജെഎന്‍യു പ്രശ്‌നം നടക്കുന്ന സമയത്ത് അവിടെ പോയി ക്യാംമ്പസിലെ ഉപയോഗിച്ച കോണ്ടത്തിന്റെയും കള്ളുകുപ്പികളുടെയും കണക്കെടുത്ത ആളാണ് അഹൂജ എന്നതും ശ്രദ്ധേയമാണ്.

ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ആവര്‍ത്തിക്കുന്നതല്ലാതെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. ഭരണനേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നുള്ള ധാര്‍ഷ്ട്യമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. നടപടി സ്വീകരിക്കും എന്ന് ആവര്‍ത്തിക്കുമ്പോഴും ദേശീയ ക്രൈം റിക്കോഡ്‌സ് ബ്യൂറോയില്‍ ആള്‍ക്കൂട്ട കൊലകളുടെ കൃത്യമായ കണക്കുകളില്ല എന്നതും ശ്രദ്ധേയമാണ്. ആള്‍ക്കൂട്ട കൊലകള്‍ക്ക് മാത്രമായി ക്രൈം റിക്കോഡ്‌സ് ബ്യൂറോ കണക്കുകള്‍ സൂക്ഷിക്കാറില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ആഹിര്‍ രാജ്യസഭയെ അറിയിച്ചിരുന്നു.

Read Also  സംഘപരിവാർ സന്തോഷിക്കാൻ വരട്ടെ; മണ്ഡലകാലത്ത് സ്ത്രീകൾ മല ചവിട്ടും എന്നാണ് കോടതി പറഞ്ഞത്

ഈ സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മ്മാണമല്ല മറിച്ച് നിലവിലുള്ള നിയമങ്ങള്‍ മുഖം നോക്കാതെ നടപ്പാക്കുകയാണ് ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം എന്ന അഭിപ്രായത്തിലേക്ക് മുതിര്‍ന്ന അഭിഭാഷകരെ എത്തിക്കുന്നത്. ആള്‍ക്കൂട്ട കൊലകള്‍ നടത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനും വിചാരണയ്ക്ക് വിധേയരാക്കുന്നതിനും ശിക്ഷിക്കുന്നതിനും കൊലപാതകത്തിനും നിയമവിരുദ്ധ കൂടിച്ചേരലിനും എതിരായുള്ള നിലവിലെ നിയമങ്ങള്‍ തന്നെ ധാരാളമാണെന്ന് ഹാപുര്‍ ആള്‍ക്കൂട്ട കൊലയെ അതിജീവിച്ച സമിയുദ്ദീന് നിയമസഹായം നല്‍കുന്ന മുതിര്‍ അഭിഭാഷക വൃന്ദ ഗ്രാവര്‍ സ്‌ക്രോള്‍.ഇന്നിനോട് പറഞ്ഞു. നിയമങ്ങളുടെ അഭാവമല്ല മറിച്ച് അവ എങ്ങനെ നടപ്പിലാക്കുന്നു എന്നതിലാണ് പ്രശ്‌നത്തിന്റെ വേരുകള്‍ കിടക്കുന്നതെന്നും അവര്‍ പറയുന്നു. ആരാണ് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതെന്നും ആരാണ് ശിക്ഷ ഉറപ്പാക്കുന്നതെന്നും ഇത്തരം കേസുകളില്‍ പ്രധാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷപാതിത്വ പ്രകടനത്തിലൂടെ സ്ഥാപനങ്ങള്‍ തന്നെ പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം വളരെ നിരാശാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ നിലപാട് തന്നെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസും പങ്കുവെക്കുന്നത്. നിലവിലുള്ള ക്രിമനില്‍ നിയമങ്ങളിലെ വകുപ്പുകള്‍ സമഗ്രവും ഫലപ്രദവുമാണെന്നും അവ കൃത്യമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തൊരിടത്തും ആള്‍ക്കൂട്ട കൊലകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമങ്ങളില്ലെന്നും എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടാണെന്നും അദ്ദേഹം വിശദീകരിച്ചു. നിയമങ്ങള്‍ നടപ്പിലാക്കേണ്ട സംവിധാനങ്ങള്‍ തന്നെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാണിക്കുന്നു. നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അധികാരികള്‍ തയ്യാറാവുന്നില്ല. നിയമപാലന സംവിധാനം സര്‍ക്കാരിന്റെ കീഴിലാവുമ്പോള്‍ പുതിയ നിയമങ്ങള്‍ കൊണ്ടുകാര്യമില്ല. മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ക്ക് ഇത്തരം കാര്യങ്ങളുടെ മേല്‍നോട്ടം ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ വിശദീകരിക്കുന്നു.

എന്നാല്‍ ശക്തമായ ഇടപെടലാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നതെന്ന കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും എതിരഭിപ്രായമില്ല. ഇത്തരം കേസുകളില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക കോടതികള്‍ രൂപീകരിക്കുക, നിയമം നിര്‍ദ്ദേശിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകള്‍ അക്രമികള്‍ക്ക് ഉറപ്പാക്കുക, ഇരകള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ വേണ്ടി നഷ്ടപരിഹാര പദ്ധതികള്‍ നടപ്പിലാക്കുക, ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ഉപരിയായ ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ശക്തമായ നിര്‍ദ്ദേശങ്ങളാണ് ജൂലൈ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.

Spread the love

Leave a Reply