Thursday, January 20

ഇന്ത്യ എങ്ങോട്ട്? ഒമ്പത് സംസ്ഥാനങ്ങളിലായി ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 27 പേരെ

അപരിചിതര്‍, സന്ധ്യയ്ക്ക് ശേഷം സഞ്ചരിക്കുന്നവര്‍, പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെ പോകുന്നവര്‍, വഴി ചോദിക്കുന്നവര്‍ ഇവരൊക്കെ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന അവസ്ഥയിലാണ് ഇന്ത്യ ഇപ്പോള്‍. കൈയിലിരിക്കുന്ന മിഠായി വഴിയില്‍ കാണുന്ന ഒരു കുഞ്ഞിന് കൊടുത്താല്‍ പോലും നിങ്ങള്‍ കൊല്ലപ്പെടാമെന്നാണ് അസഹിഷ്ണതയുടെ മോദി ഭാരതം തെളിയിക്കുന്നത്. അസാം മുതല്‍ തമിഴ്‌നാട് വരെയുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 27 പേരെയാണ്.
ഗുരുതരമായ ഈ വിഷയത്തെ കുറിച്ച് പ്രതിപക്ഷം.ഇന്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ സര്‍വെയിലൂടെയും പുറത്തുവരുന്നത്. പെട്ടെന്നുണ്ടാവുന്ന ഒരു വൈകാരിക പ്രശ്‌നത്തിന്റെ പേരിലല്ല ആള്‍ക്കൂട്ടങ്ങള്‍ സംഘടിക്കുന്നതെന്നും സഹജീവികളെ തല്ലിക്കൊല്ലുന്നതെന്നും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ക്രൂരകൃത്യങ്ങള്‍ അവലോകനം ചെയ്താല്‍ മനസിലാവും. കൃത്യമായ ഒരു ക്രമം മനുഷ്യരെ തല്ലിക്കൊല്ലുന്നതില്‍ പാലിക്കപ്പെടുന്നുണ്ട് എന്നത് ഭീതിജനകമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്നതാണ് പുതിയ പ്രചാരണ രീതിയെന്ന് മാത്രം.


അക്രമികളായ ആള്‍ക്കൂട്ടത്തിന്റെ ജാതി, സംഘടിക്കപ്പെടുന്ന രീതി, പ്രതികളുടെ സ്വഭാവം, സംഭവങ്ങളില്‍ പോലീസും നിയമസംവിധാനവും പ്രതികരിക്കുന്ന രീതി എന്നിവയിലെല്ലാം അത്ഭുതകരമായ സാദൃശ്യം ഓരോ സംഭവങ്ങളിലും വായിച്ചെടുക്കാന്‍ പറ്റും. പോലീസ് സ്‌റ്റേഷനുകളുമായുള്ള അടുപ്പമോ അകലമോ കൊലകള്‍ക്ക് വിഘാതമാകുന്നില്ല എന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണത്തില്‍ പുറത്തുവരുന്ന പ്രധാന വസ്തുത. ഈ 27 കൊലപാതകങ്ങളും നടന്നത് അതാത് പോലീസ് സ്‌റ്റേഷനുകളുടെ രണ്ട് മുതല്‍ 20 വരെ കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് എന്നതും ശ്രദ്ധേയമാണ്. പത്ത് മിനിട്ടുകൊണ്ട് എത്താവുന്ന ഈ സ്ഥലങ്ങളിലൊന്നും പോലീസ് യഥാസമയം എത്തുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ മനുഷ്യന്മാരെ കൊല്ലുന്നത് തടയുകയോ ചെയ്തിട്ടില്ല.
ഇങ്ങനെ ആള്‍ക്കൂട്ടം മനുഷ്യരെ തല്ലിക്കൊല്ലുന്ന സ്ഥലത്തൊന്നും അതിന് മുമ്പ് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതുമായി ബന്ധപ്പെട്ട ഒരു സംഭവവും നടന്നിട്ടില്ല എന്നതും ഗൗരവമായി കാണണം. കുട്ടികളെ ത്ട്ടിക്കൊണ്ട് പോകുന്നത് പോയിട്ട് അത്തരത്തിലുള്ള ഒരു പരാതി പോലും ഒരു പോലീസ് സ്‌റ്റേഷനിലും രേഖപ്പെടുത്തിയിട്ടുമില്ല. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിക്കുന്നതിന് വേണ്ടി അവിടുത്തെ സവര്‍ണര്‍ കെട്ടിച്ചമച്ച ഒരു കേസ് ഒഴിച്ചാല്‍. ആ കേസിലെ ആരോപണം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തിരുന്നു.
വസ്തുതകളെ അല്ലെങ്കില്‍ സത്യത്തെ കവച്ചുവെക്കുന്ന രീതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക എന്ന തന്ത്രമാണ് എല്ലായിടത്തും പ്രവാര്‍ത്തികമാക്കുന്നത്. ഈ മാസം ഒന്നാം തിയതി മഹാരാഷ്ട്രയിലെ ധൂലെയില്‍ അഞ്ചുപേരെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ മാത്രമാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രതികരിച്ചത്. പക്ഷെ ക്രമസമാധാന പാലനം പ്രാദേശിക പോലീസിന്റെ കൈകളിലാണെന്നും സാമുഹ മാധ്യമങ്ങില്‍ പ്രചരിക്കുന്ന വിഷങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നുമുള്ള ഒരു അഴകൊഴമ്പന്‍ നിലപാടാണ് അപ്പോഴും പുറത്തുവന്നത്. ഇന്ത്യയില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്ന സവര്‍ണ മനോഭവത്തിന്റെ ബാക്കിപത്രമാണ് സംഭവങ്ങളിലെല്ലാം നിഴലിക്കുന്നതും പോലീസ് നടപടികളിലൂടെ വ്യക്തമാവുന്നതും. ജാര്‍ഖണ്ഡില്‍ ഇരയെ പോലീസ് ജീപ്പില്‍ നിന്നും വലിച്ചിറക്കിയാണ് തല്ലിക്കൊന്നതെങ്കില്‍ ത്രിപുരയില്‍ അത് പോലീസ് സ്‌റ്റേഷന്‍ തന്നെ തകര്‍ത്തുകൊണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളില്‍ അഞ്ച് പേര്‍ ഒഴികെയുള്ളവര്‍ പത്താം ക്ലാസ് പോലും ജയിച്ചിട്ടില്ല എന്നതും കൂട്ടിവായിക്കണം. ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതെങ്കിലും പശ്ചിമ ബംഗാളും കര്‍ണാടകവും തെലുങ്കാനയും വ്യത്യസ്തമാകുന്നില്ല എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. അസഹിഷ്ണുതയുടെ ഭാരതം ഗൗരി ലങ്കേഷില്‍ അവസാനിക്കുന്നില്ലെന്നും പിച്ച പാത്രം എടുക്കുന്ന സാധാരണ മനുഷ്യരിലേക്ക് അത് പകരകയാണെന്നും കൂടി ഇന്ത്യന്‍ ജനത മനസിലാക്കേണ്ടിയിരിക്കുന്നു.

Spread the love
Read Also  വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ വാട്സ് ആപ്പിന്‍റെ വന്‍ ഗവേഷണപദ്ധതി

Leave a Reply