Wednesday, June 23

കവിതയിൽ മലയാള ആധുനികതയെ പ്രതിനിധാനം ചെയ്ത ആചാര്യൻ ; പി. എൻ. ഗോപീകൃഷ്ണൻ എഴുതുന്നു

ആറ്റൂർ രവിവർമ്മയുടെ വിയോഗം അപ്രതീക്ഷിതമല്ല. കുറെക്കാലമായി പലതരം രോഗങ്ങളുമായി മല്ലടിച്ചുകൊണ്ട് കഴിയുകയായിരുന്നു അദ്ദേഹം. എങ്കിൽപ്പോലും വളരെ വേദനയുളവാക്കുന്ന വിയോഗമാണു ആറ്റൂരിൻ്റേത്. മലയാളത്തിലെ ആധുനികതയുടെ അപ്പോസ്തലമാർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു. നമ്മെയൊക്കെ കവിതയിലേക്ക് അടുപ്പിച്ച കവിതകൊണ്ടു ശമിപ്പിച്ച ഒരാളായിരുന്നു ആറ്റൂർ

ആറ്റൂർ തുടക്കം കുറിച്ചത് ആധുനികതയിലാണല്ലോ. നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ ആധുനികത എന്നത് ഏകശിലാരൂപമല്ല. അതിനുള്ളിൽ പല ധാരകളും പല പ്രവണതകളും ഉണ്ടായിരുന്നു. അതിൽ ആറ്റൂർ പ്രതിനിധാനം ചെയ്യുന്നത് മലയാള ആധുനികത തന്നെയാണു. സാധാരണയായി വിദേശസ്വാധീനങ്ങളിൽ പെട്ടുണ്ടാകുന്ന ഒരാധുനികതയല്ലായിരുന്നു അത്. മലയാള ഭാഷാചരിത്രത്തിലും മലയാള സാംസ്കാരികചരിത്രത്തിലും നിന്നുകൊണ്ട് മലയാളത്തിൻ്റെ തന്നെ  കവിത രചിക്കുകയായിരുന്നു ആറ്റൂർ. അതുകൊണ്ടുതന്നെ ഈ കവിതകൾക്ക് പ്രധാനമായും രണ്ടോ മൂന്നോ ഘട്ടങ്ങളുണ്ടായിരുന്നു.

ആദ്യഘട്ടം ആധുനികകവിതയുടെ ആരംഭദശയായിരുന്നു. അയ്യപ്പപ്പണിക്കർ, മാധവൻ അയ്യപ്പത്ത്, എൻ എൻ കക്കാട്, തുടങ്ങിയ കവികൾക്കൊപ്പമോ ഒരുപക്ഷേ അതിനു തൊട്ടുമുമ്പോ ആയിരുന്നു ആറ്റൂരിൻ്റെ രംഗപ്രവേശം. ആ ശ്രേണിയിൽ നിന്ന് വന്നയാളാണു ആറ്റൂർ. രണ്ടാം ഘട്ടം എന്നുപറയുമ്പോൾ അത് രാഷ്ട്രീയ ആധുനികതയാണു. അത് സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയവരെയൊക്കെ പ്രതിനിധീകരിച്ച രണ്ടാം ഘട്ടം. പക്ഷെ ആദ്യഘട്ടത്തിൽ അവർ വരുമ്പോൾ നിലവിലിരുന്നത് ചങ്ങമ്പുഴയൊക്കെ പ്രതിനിധാനം ചെയ്ത ഉപരിപ്ളവമായ കാല്പനികതയെ അനുകരിക്കുന്ന പ്രവണതയായിരുന്നു അന്ന് നിലവിലിരുന്നത്.

അങ്ങനെ വളരെ ആഴം കുറഞ്ഞ കാല്പനികതയിൽ അഭിരമിക്കുന്ന കാലത്താണു ഇവർ രംഗത്തുവരുന്നത്. അങ്ങനെയുള്ള കാലഘട്ടത്തിലായിരുന്നു അതുവരെയുണ്ടായിരുന്ന പ്രവണതകൾക്കെതിരെ മലയാളകവിതയിൽ ആധുനികതയുടെ ആദ്യത്തെ വെടിപൊട്ടിച്ചത്. അതിലൊരാളായിരുന്നു ആറ്റൂർ എന്നു പറയാം. അയ്യപ്പപ്പണിക്കരുടെയും മാധവൻ അയ്യപ്പത്തിൻ്റെയും എൻ എൻ കക്കാടിൻ്റെയുമൊക്കെ നിരയിൽ നിന്നുകൊണ്ട് മലയാളത്തിലെ ജീർണകാല്പനികതക്കെതിരെ മലയാള കവിതയെയും ആസ്വാദകരെയും വിവിധതരത്തിൽ ഉദ്ദീപിപ്പിച്ച ഒരാളായിരുന്നു ആറ്റൂർ. ഇതാണു ആറ്റൂരിൻ്റെ ആദ്യഘട്ടം എന്നു പറയാം.

രണ്ടാം ഘട്ടം എന്നു പറയുമ്പോൾ രാഷ്ട്രീയ ആധുനികതയിൽ ഇടപെട്ടവരൊക്കെയും പത്തോ ഇരുപതോ വയസ്സു വരുന്ന ചെറുപ്പം വരുന്നവരാണെങ്കിൽ പോലും ആ ഭാവുകത്വം പോലും പങ്കിടാനാവാത്തവരായിരുന്നു. അന്നത്തെ പ്രധാനപ്പെട്ട കവിതകളായ ക്യാൻസർ, പിറവി, സംക്രമണം തുടങ്ങിയ കവിതകളൊക്കെ രൂപമെടുക്കുന്നത് ഈ രാഷ്ട്രീയ ആധുനികതയുടെ കാലത്താണു. അന്ന് ഇത്ര പെട്ടെന്നുതന്നെ ഒരു പുതിയ കാലത്തെ കാലത്തെ മനസ്സിലാക്കാനും അതോടൊപ്പം പോകാനും ആറ്റൂരിനു കഴിഞ്ഞു എന്നത് വളരെ പ്രധാനമാണു.

ഒരു സാധാരണ എഴുത്തുകാരനെന്ന് പറഞ്ഞാൽ ഒരു ഘട്ടം കഴിഞ്ഞാൽ പിന്നെ മുന്നോട്ടുപോകുന്നവർ വളരെ കുറവാണു. പി കെ ബാലകൃഷ്ണൻ പറഞ്ഞ പോലെ മലയാളത്തിലെ പല എഴുത്തുകാരുടെയും കാര്യം നോക്കിയാൽ പുതിയ കാലത്തോട് പ്രതിപ്രവർത്തിച്ചു മുന്നോട്ടുപോവുക എന്ന് പറയുന്നത് പലപ്പോഴും അസാധ്യമാണു. സാധാരണയായി ഒരിടത്തുതന്നെ നിൽക്കാനാണു പലരും ശ്രമിക്കുക. ആറ്റൂർ അങ്ങനെയായിരുന്നില്ല. അദ്ദേഹം ആദ്യകവിതയുടെ കാലത്തുനിന്നും സംക്രമണത്തിൻ്റെ കാലമെത്തുമ്പോഴേക്കും വലിയ മാറ്റമാണുണ്ടാകുന്നത്. പി കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കവിതയായ ‘എനിക്ക് കൊതി നിൻ വാലിൻ/ രോമം കൊണ്ടൊരു മോതിരം’ എന്ന് പറയുമ്പോഴും പി കുഞ്ഞിരാമൻ നായരുടെ നിരയിൽ എത്താനാണു അതിൽ കൊതിക്കുന്നത്, വളരെ വിഭിന്നമായ കവിതയാണു എഴുതിയിരുന്നതെങ്കിൽ പോലും.

സംക്രമണമൊക്കെ എഴുതുമ്പോൾ അതുവരെയുള്ള കവിതകളിൽനിന്നും വളരെ ആഴത്തിലുള്ള ഒരു വ്യത്യാസമായിട്ട് അത് മാറുന്നുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയെപ്പറ്റിയുള്ള രാഷ്ട്രീയമായ വിമർശനങ്ങൾ വരുന്നൊരു കാലമായിരുന്നു അത്. അന്ന് രാഷ്ട്രീയമായി ആറ്റൂർ വളരെ മുമ്പന്തിയിൽ തന്നെ നിൽക്കുന്നുണ്ട്. രാഷ്ട്രീയമായി നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ അന്നൊക്കെ ആൺ കവിതയായിരുന്നു വന്നുകൊണ്ടിരുന്നത്. അതിൽ സ്ത്രീകളുടെ പ്രശ്നങ്ങളോ സ്ത്രീപ്രമേയങ്ങളോ അന്ന് വളരെ കുറച്ചുമാത്രമേ ഉണ്ടായിട്ടുള്ളൂ. ആ കാലത്താണു സംക്രമണം പോലുള്ള കവിതകൾ വന്നത്. അത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണു.

Read Also  ഗോഡ്സെയെ പ്രഗ്യാ സിങ് 'ദേശഭക്ത്' എന്ന് വിളിച്ചതിനു ചരിത്രമുണ്ട് ; പി എൻ ഗോപീകൃഷ്ണൻ എഴുതുന്നു

മൂന്നാം ഘട്ടം എന്നുപറയുമ്പോൾ തൊണ്ണൂറുകൾക്കുശേഷം തമിഴ് കവിതകളൊക്കെ തർജ്ജിമ ചെയ്യുന്ന ഒരു കാലമായിരുന്നു. സുന്ദരരാമസ്വാമിയുടെ നോവലുകളൊക്കെ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നത് അക്കാലഘട്ടത്തിലായിരുന്നു. അതുവഴി ഒരു തമിഴ് കാവ്യസംസ്കാരത്തിലേക്ക് കവിതയെ കൂട്ടിക്കൊണ്ടുവരാനായി ആറ്റൂരിനു സാധിച്ചിട്ടുണ്ട്. അത് മുട്ട പോലുള്ള കവിതകളിലുൾപ്പെടെ ഈ മൂന്നാം ഘട്ടത്തിലാണു എഴുതിയത്. ഇതിലെല്ലാം വൈദേശിക സ്വാധീനങ്ങളല്ല ഉണ്ടായത്. മറിച്ച് ആറ്റൂരിൻ്റെആധുനികത മലയാളഭാഷയിലുള്ള ആധുനികത തന്നെയാണു. അതിനുശേഷം പൗരസ്ത്യമായ ഒരു ആധുനികതയ്ക്കുവേണ്ടിയുള്ള അന്വേഷണമായിരുന്നു. അതിനു ആറ്റൂർ പോയ വഴി മറ്റൊന്നായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നുമുള്ള കവിതകൾക്കെല്ലാംതന്നെ ഒരു തമിഴ് അടിത്തറയുണ്ടായിരുന്നു. സംഘകാലത്തിനൊക്കെ പ്രത്യേകം ഒരു ദേശമില്ലായിരുന്നു. ദക്ഷിണേന്ത്യ മുഴുവനുമാണു അതിലുള്ളത്. അത്തരമൊരു ഭാവുകത്വത്തെ കൂട്ടിക്കൊണ്ടുവരികയായിരുന്നു ആറ്റൂർ. മലയാളമെന്നാൽ മലയാളിയുടെ ഭാഷ എന്നതിലുപരി അതിലൊരു വലിയ പരിണാമമുണ്ട്. അത് എഴുത്തച്ഛനിൽ നിന്നല്ല ആരംഭിക്കുന്നത്, അത് സംഘകാലത്തിൽനിന്നാണു തുടങ്ങുന്നത് എന്ന തരത്തിലൊരു വിസ്തൃതി വരുത്താനാണു ആറ്റൂർ മൂന്നാം ഘട്ടത്തിൽ ശ്രമിക്കുന്നത്. 

വിവർത്തകനായ ആറ്റൂർ

ഇനി പറയേണ്ട ഒരു കാര്യം വിവർത്തകനായ ആറ്റൂരിനെക്കുറിച്ചാണു. സുന്ദരരാമസ്വാമി എന്നൊരു തമിഴ് സാഹിത്യകാരനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത് ആറ്റൂരാണു. 1985 – 86 കാലഘട്ടത്തിലാണു ജെ ജെ ചില കുറിപ്പുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തത്. അതുവരെ വിവർത്തനസാഹിത്യത്തിൽ ബംഗാളി, ഹിന്ദി, റഷ്യൻ സാഹിത്യം മാത്രം കേന്ദ്രീകരിച്ചിരുന്ന മലയാളത്തിൽ തൊട്ടടുത്ത് കിടക്കുന്ന തമിഴ് ഭാഷയെ കേന്ദ്രീകരിച്ച് ആരും അതുവരെ പരിഭാഷയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണു ആറ്റൂർ തമിഴ് സാഹിത്യത്തെ മലയാളത്തിലെക്ക് കൂട്ടിക്കൊണ്ടുവരുന്നത്. അയൽക്കാരെ തർജ്ജിമ ചെയ്യുന്നത് വളരെ പ്രയാസകരമായ കാര്യമാണു. ആ ശ്രമകരമായ ദൗത്യമാണു ആറ്റൂർ ഏറ്റെടുത്തത്. സുന്ദരരാമസ്വാമിയുടെ നോവലുകളിലെ തമിഴ് അന്തരീക്ഷം നഷ്ടപ്പെടുത്താതെ തനതായ രീതിയിൽതന്നെ പരിഭാഷപ്പെടുത്താനാണു ആറ്റൂർ ശ്രദ്ധിച്ചത്. 

സാധാരണയായി തര്‍ജമകളൊക്കെത്തന്നെ മലയാളത്തിലുള്ള തര്‍ജമകള്‍ ആയിരുന്നു. അതെല്ലാം മലയാളത്തിലുള്ള നോവലുകളാക്കാനാണ് പലരും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ആറ്റൂര്‍ ശ്രമിച്ചത് ആ തമിഴ് അന്തരീക്ഷം അങ്ങനെതന്നെ തര്‍ജമയിലും നിലനിര്‍ത്താനാണ്. തമിഴ് നോവലാണെന്നു എല്ലാവര്‍ക്കും വായിച്ചാല്‍ അറിയാം. തര്‍ജമയിലും ഒരു കൃതി എവിടുന്ന് വരുന്നോ ആ അന്തരീക്ഷം അതുപോലെ നില്‍ക്കണമെന്നു ആറ്റൂരിനു ഒരു ശാഠ്യം, നിര്‍ബന്ധമുണ്ടായിരുന്നു. അത് പരിഭാഷയിൽ തന്നെ ഒരു പുതിയ വഴിയാണ് വെട്ടിതുറന്നത്. നമുക്ക് വായിക്കുമ്പോൾ അറിയാം അത് തമിഴ് നോവലാണ്‌ മലയാളം നോവല്‍ അല്ല. മറ്റുള്ളവര്‍ ശ്രമിച്ചത് ദസ്തയെവിസ്കി മലയാളത്തില്‍ വായിക്കുമ്പോള്‍ അത് മലയാളം നോവല്‍ ആണെന്ന് തോന്നിപ്പിക്കാനാണ്. ,  പക്ഷെ ഇതിൽനിന്നൊക്കെ  വ്യത്യസ്തമായാണു ആറ്റൂരിൻ്റെ തർജ്ജമകൾ.

ആറ്റൂര്‍ സുന്ദരരാമ സ്വാമിയുടെ തന്നെ രണ്ടു കവിതകള്‍ തര്‍ജുമ ചെയ്യുന്നു, പിന്നെ ഒരുപാട് തമിഴ് കവിതകള്‍ തര്‍ജമ ചെയ്യുന്നു. അങ്ങനെ അയല്‍ക്കാരെ തര്‍ജ്ജമ ചെയ്യുക എന്നത് മലയാളത്തിലെന്നല്ല ഇന്ത്യയിലും, ഏറ്റവും പ്രയാസമുള്ള കാര്യമാണ്. നമുക്ക് ഒരു ലോകനോവലിനെപ്പറ്റി അറിയാന്‍ എളുപ്പമാണ്. ഇംഗ്ലീഷിലോ സ്പാനിഷിലോ ഒരു പുതിയ നോവല്‍ വന്നാല്‍ അറിയാന്‍ എളുപ്പമാണ്. പക്ഷെ തൊട്ടടുത്ത്‌ തമിഴിലോ കന്നടയിലോ എന്തു സംഭവിക്കുന്നു എന്ന് യാതൊരു പിടിയുമില്ല.

Read Also  പ്രതിപക്ഷം ; രാഹുൽ ശങ്കുണ്ണിയുടെ കഥ

ഈ രീതിയിൽ ആറ്റൂര്‍ വലിയ വര്‍ക്ക്‌ ചെയ്തിട്ട്ടുണ്ട്. നമ്മുടെ തൊട്ടടുത്ത തമിഴുമായുള്ള കൊടുക്കല്‍വാങ്ങല്‍ പ്രക്രിയയില്‍ ആറ്റൂരിന്റെ സംഭാവന വളരെ വലിയതാണ്. അതുവഴി ഒരു പുതിയ ഭാവുകത്വം ആറ്റൂരിലുണ്ടാവുകയും അത് മലയാള കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം ഒരു ഭാഷ വികസിപ്പിക്കുക എന്നത് മറ്റു ഭാഷകളുമായുള്ള പരസ്പര സംവേദനം വഴിയും കൂടി വേണം. ആ തരത്തില്‍ വലിയ കാര്യങ്ങള്‍ ആറ്റൂര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം, എനിക്ക് മനസ്സിലായിട്ടുള്ളത്, ആറ്റൂര്‍ കമ്പരാമായണം തര്‍ജുമ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.  അത് എത്രത്തോളമായിട്ടുണ്ടെന്ന്  അറിയില്ല. .

 ആധുനികകവിതയിലെ നവഭാവുകത്വത്തിന്റെ ആചാര്യന്‍

കവിതയായിരുന്നു ആറ്റൂരിന്റെ തട്ടകം. ഏറ്റവും പുതിയ കവിയുടെ കവിത വരെ ശ്രദ്ധിക്കാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.  പുതുമൊഴിവഴികള്‍ എന്നൊരു പുസ്തകം അദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്. ആറ്റൂരിനു അക്കാലത്ത് എന്നെ യാതൊരു പരിചയവുമില്ല. ഞാനാണെങ്കില്‍ വളരെ കുറച്ചു കവിതകളേ അക്കാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അങ്ങനെയിരിക്കെ ആറ്റൂരിന്റെ  ഒരു കത്ത് വരികയാണ് .. `ഒരു പുസ്തകം ഇറക്കുന്നുണ്ട്. നിങ്ങള്‍ ഒരു കവിത തരണം.` ഞാന്‍ ആദ്യമൊന്നു ശങ്കിച്ചു. കാരണം ആറ്റൂര്‍ രവിവര്‍മ എനിക്ക് കത്തയക്കേണ്ട വിധം മുഖ്യധാര മാധ്യമങ്ങളിലൊന്നും എന്‍റെ കവിത വന്നിട്ടില്ല. എന്‍റെ അനുഭവം അതാണ്- ഏറ്റവും പുതിയ ആളുകളോട് സംവേദിക്കാന്‍ അറ്റൂരിനു വളരെ വേഗത്തിൽകഴിഞ്ഞിരുന്നു. നമുക്ക് അറ്റൂരിനോട് തര്‍ക്കിക്കാമായിരുന്നു. കലഹിക്കാമായിരുന്നു, കവിതയെ മുന്‍നിര്‍ത്തിക്കൊണ്ട്. അതിന്‍റെ കാര്യം ഇതാണ്-കവിതയാണ് ആറ്റൂരിന്റെ മുഴുവന്‍ ശ്രദ്ധയും കൊണ്ടുപോയിരുന്ന സംഗതി.

ആറ്റൂർ സ്കൂൾ

ആറ്റൂരിന്റെ കവിതകള്‍ അനുകരിക്കാൻ കഴിയുന്നതല്ല. ആ സ്കൂള്‍ അനുകരിക്കാന്‍ പറ്റിയ ഒന്നല്ല. ആറ്റൂര്‍ വളര്‍ന്നതും പോയതുമായ സാംസ്കാരികപാരമ്പര്യവുമായി എനിക്ക് ബന്ധമില്ല. തൃശ്ശൂരില്‍ ഒരു കടപ്പുറത്താണ് ഞാന്‍ ജനിച്ചിട്ടുള്ളത്. ആറ്റൂര്‍ ഇടനാട്ടിലാണ്. ആ വ്യത്യാസം ഉണ്ട്. മറിച്ചു ആറ്റൂരിന്റെ കവിതകള്‍ എന്നെ സ്വധീനിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ പരോക്ഷ സാധ്യതകളാണ്, പ്രത്യക്ഷ സാദ്ധ്യതകള്‍ തീരെയില്ല. സ്വധീനിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ഗദ്യകവിതകള്‍ ആയിരിക്കും. ആറ്റൂര്‍ ഗദ്യകവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും അങ്ങനെ വൃത്തങ്ങളെ മുഴുവന്‍ പൊട്ടിച്ചു പുറത്തു കടന്ന ഒരാളല്ല. മറിച്ച് ആറ്റൂരിനു കാവ്യശാസ്ത്രം നന്നായി അറിയാമായിരുന്നു. ആ കാവ്യശാസ്ത്രത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടുള്ള ഒരു പുറത്ത് വരലാണ് ആറ്റൂര്‍ നടത്തിയിട്ടുള്ളത്. ഞങ്ങളൊക്കെ ചെയ്തിട്ടുള്ളത്, ഒരു മലയാള കവിത എടുത്തു പഠിച്ചിട്ടല്ല കവിതയില്‍ വരുന്നത്, അത് പില്‍ക്കാലത്തു പഠിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ തുടങ്ങുന്നത് സമകാലീനകവിതയില്‍ നിന്നാണ്. പിന്നെയാണ് പഠിക്കുന്നത്. അതേസമയം ആറ്റൂരില്‍ നിന്ന് പഠിക്കാനുള്ളത്, കവിത എന്ന മാധ്യമത്തോടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധത, എങ്ങനെയാണ് ഒരു കവിതയെ തനിക്കു പറ്റുന്നിടത്തോളം കുറ്റമറ്റതാക്കി തീര്‍ക്കുന്നത് എന്ന പ്രക്രിയ- അത് പരോക്ഷമായി നമ്മെയൊക്കെ  സ്വാധീനിച്ചിട്ടുണ്ട്.

Spread the love

Leave a Reply