Wednesday, January 19

ഇന്ത്യാ പാക് നയതന്ത്രത്തില്‍ മോദിയുടെ ഇരട്ടത്താപ്പ്, ചര്‍ച്ചയാവാം പക്ഷെ നയത്തില്‍ മാറ്റമില്ല

ഒരിക്കല്‍ ഒരു കുടുംബമായിരിക്കുക. പിന്നെ കുടുംബം വിട്ട സഹോദരന്‍ പറമ്പിന്‍റെ കോണില്‍ വീട് വെക്കുക.  അയല്‍ക്കാരായിരുന്ന് പരസ്പരം പോരടിക്കുക. അതിന്‍റെ തുടര്‍ച്ചയായി കടമ്മനിട്ട രാമകൃഷ്ണന്‍ കവിതയില്‍ എഴുതിയിട്ടുള്ളതുപോലെ അതിരിട്ട് തര്‍ക്കങ്ങളുണ്ടാവുക, അതിരിലെ പ്ലാവിന്‍റെ ചോട് മാന്തുക, എരുമയെ കയറൂരി തൈ തീറ്റിക്കുക… തീരുന്നില്ല കോഴി, പട്ടി മുതലായവ പറമ്പില്‍ കയറി എന്ന് പരസ്പരം പോരടിക്കുക ഇതെല്ലാം നമ്മുടെ നാട്ടിന്‍പുറത്തിന്‍റെ പഴയ പരിചിതവഴക്കങ്ങളാണ്. പില്‍ക്കാലത്ത് പി കെ നാണുവിന്‍റെ മുഖമില്ലാത്ത ശബ്ദങ്ങള്‍ എന്ന കഥയില്‍ പറയുമ്പോലെ സഹോദരങ്ങള്‍ പരസ്പരം കാണാത്ത വിധം ഇടയ്ക്ക് വന്മതില്‍ പണിഞ്ഞ്, മതിലിന് ഇരുപുറമിരുന്ന് ഫോണില്‍ സംസാരിക്കുക എന്നിടത്തെത്തിയിടത്താണ് നാമിപ്പോള്‍ നില്കുന്നത്.

ഏതാണ്ട് നാട്ടുമ്പുറ അയല്‍സഹോദരങ്ങളുടെ വഴക്കിന്‍റെ രാജ്യരൂപങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. അതാകട്ടെ വാഗാ അതിര്‍ത്തി വെച്ചും നിയന്ത്രിതരേഖവെച്ചും നാം വിഭജിച്ചതുമാണ്. വിഭജനത്തിന്‍റെ മുറിവുകള്‍ ഇന്ന് നമ്മെ ഭരിക്കുന്ന ഹിന്ദുത്വ അജണ്ടക്കാര്‍ക്കൊഴികെ സുമനസ്സുകള്‍ക്ക് ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്തതുമാണ്. ഹിന്ദുത്വക്കാരെ സംബന്ധിച്ചിടത്തോളം വിഭജനം മതപരമാണ്. അങ്ങനെ ഒരു അജണ്ട അവരുടെ രാഷ്ട്രീയാവശ്യവുമാണ്. അതു കൊണ്ടാണല്ലോ ഇന്ത്യാ പാകിസ്ഥാന്‍ സൗഹൃദം സാധ്യമാകുന്നുവെന്ന് പറഞ്ഞ് പണ്ട് വാജ്പേയി വാഗാ അതിര്‍ത്തി തുറന്ന് ട്രെയിനില്‍ പാകിസ്ഥാനില്‍ പോയി തിരിച്ചെത്തും മുമ്പ് കാര്‍ഗില്‍ യുദ്ധം തുടങ്ങിയതും.

കാര്‍ഗില്‍ യുദ്ധത്തില്‍ നാം ഉല്പാദിപ്പിച്ച അമിത രാഷ്ട്രീയാവേശമായിരുന്നു ദേശീയത. അതാണല്ലോ കാര്‍ഗില്‍ യുദ്ധവും ശവപ്പെട്ടി കുംഭകോണവുമെല്ലാം നടന്നിട്ടും ഇടതുപക്ഷം പോലും അന്ന് കമാന്ന് ഒരക്ഷരം പോലും മിണ്ടാതിരുന്നതും. അതിനെ ചൂഷണം ചെയ്തെടുത്താണ് പില്‍ക്കാലത്ത് അവസരോചിതമായി നാം കാലാകാലം അതിര്‍ത്തിയില്‍ ഭടന്മാരെ കൊല കൊടുത്ത് എല്ലാവരെയും പാകിസ്ഥാന്‍ വിരുദ്ധതയുടെ ദേശീയതാവാദികളും ആക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരുകള്‍ക്ക് അറുതി വരുകയെന്നത് രാജ്യസ്നേഹത്തിനും മുകളില്‍ അയല്‍ബന്ധങ്ങളെക്കൂടി ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമായ കാര്യമാണ്. അതിനുള്ള സാധ്യതകളെ തുറക്കുന്നതായാണ് പാകിസ്ഥാനിലെ സമകാല ഭരണമാറ്റം അത്തരക്കാരെ സന്തോഷിപ്പിക്കുന്നതും. അതിന്‍റെ സാധ്യതകള്‍ തുറക്കാന്‍ ഇമ്രാന്‍ ഖാന്‍ നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രിയായതിനെയും നാം കാണുന്നത്. ഇമ്രാന്‍ ഖാന്‍റെ പ്രധാനമന്ത്രിപദത്തിലേക്കുള്ള സത്യപ്രതിജ്ഞയ്ക്ക് നവജ്യോത് സിംഗ് സിദ്ദുവിനെ ക്ഷണിച്ചതും സിദ്ദു അതില്‍ പങ്കെടുത്തതും നാം രാഷട്രീയേതര ഇന്ത്യക്കാര്‍ക്ക് സന്തോഷകരമായപ്പോള്‍ ബി ജെ പി ഭരണകൂടം അതിനെതിരായ അപലപനങ്ങളുമായി രംഗത്തെത്തെത്തിയതും നാം അനുഭവിച്ചുകഴിഞ്ഞതുമാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്‍കൈ എടുത്ത് തുടങ്ങിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചര്‍ച്ചയ്ക്ക് വിളിയ്ക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

അതേപ്പറ്റിയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇതാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ക്ഷണത്ത ഇന്ത്യ സ്വീകരിക്കുന്നു. പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാണ്. അതിന് വിദേശകാര്യ മന്ത്രി തലത്തിലുള്ള ചര്‍ച്ച മതി. ചര്‍ച്ച ന്യൂയോര്‍ക്കില്‍ നടക്കും. അംഗീകാരങ്ങള്‍ ഇത്രയുമാണ്.

ഇങ്ങനെയൊക്കെ അംഗീകരിക്കുമ്പോഴുമ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞ മറ്റൊരു കാര്യമാണ് ഇത്തരമൊരു നയരൂപീകരണത്തിന് വിഘാതമാകുന്നതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മറ്റൊരഭിപ്രായത്തില്‍ വ്യക്തമാകും. അത് പാകിസ്ഥാനുമായുള്ള നയത്തില്‍ മാറ്റമില്ലെന്നുള്ളതാണ്. ഇവിടെയാണ് നാം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പിലും ഗൂഢോദ്ദേശത്തിലും നാം ശ്രദ്ധാലുക്കളാവേണ്ടി വരിക. പ്രതിപക്ഷഭാഗത്ത് നിന്ന് ആലോചിക്കുമ്പോള്‍ നമുക്ക് അതിനെ മറ്റൊരു തരം വ്യാഖ്യാനമായി കാണേണ്ടി വരും. അതായത് ശത്രു മകളുടെ കല്യാണത്തിന് വിളിച്ചതിനാല്‍ ഞാന്‍ പങ്കെടുക്കാം. പക്ഷെ അവിടെ നിന്നും ഞാന്‍ ഊണ് കഴിക്കില്ല എന്ന പഴയ നാട്ടുമ്പുറ നായര്‍ കാരണവരുടെ മനോഭാവം.

ഈ മനോഭാവത്തെ നമുക്ക് മറ്റൊന്നായി വ്യാഖ്യാനിക്കേണ്ടി വരുന്നതില്‍ തെറ്റുണ്ടോയെന്ന് അറിയില്ല. എന്നാലും ആലോചിച്ചു പോകുന്നത് ഇതാണ്. നോട്ടു നിരോധനവും, ഇന്ധന വില വര്‍ദ്ധനവും, രൂപയുടെ മൂല്യമിടിയലും, സമകാല ദളിത്, മുസ്ലീം വിരുദ്ധവികാരവും അതിന്‍റെ ഫലമായി ജനക്കൂട്ടത്തെ ഇളക്കി വിട്ടുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലും സമകാലഭരണത്തെ ഇന്ത്യന്‍ ജനത ഏകദേശം വെറുത്ത മട്ടാണ്. 2019ല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും തങ്ങള്‍ നടത്താനിരിക്കുന്ന പാക് യുദ്ധത്തില്‍ തങ്ങള്‍ ഉല്പാദിപ്പിക്കാനിരിക്കുന്ന ദേശീയവികാരം തകിടം മറിയും. പഴയ കാര്‍ഗില്‍ യുദ്ധത്തില്‍ ബി ജെ പി ഉല്പാദിപ്പിച്ച ഭടന്മാരുടെ മരണവികാരപരമായ ദേശീയത ഉല്പാദിപ്പിക്കാനുമാവില്ല. അതിനാല്‍ തല്കാലം നയത്തില്‍ മാറ്റമില്ലാതെ പ്രത്യക്ഷമായ പാക് വിരോധവും പരോക്ഷമായ മുസ്ലീം വിരോധവും നില നിര്‍ത്തുക തന്നെ വേണം. അതായിരുന്നല്ലോ അവസാന കൈയ്ക്ക് ജനതയെ കൈയ്യിലെടുക്കാനായി തങ്ങള്‍ സൂക്ഷിക്കുന്ന അവസാന ആയുധം. അത് പ്രയോഗിക്കാന്‍ അവസരമില്ലാതെ വന്നാല്‍ എന്താവും കഥ.

Spread the love
Read Also  'പാകിസ്താനിലേക്ക് പോകൂ' എന്ന് പറയുന്ന ഇന്ത്യൻ ഹിന്ദു രാഷ്ട്രീയം അവിടെ നിന്നെത്തിയ ഹിന്ദുക്കളെ കാണുന്ന വിധം

Leave a Reply