Sunday, May 31

‘കൊറോണാകാലത്തെ ഇന്ത്യ’ മോഡിക്ക് നന്ദിപറയാം ; ആർ. സുരേഷ് കുമാർ എഴുതുന്നു.

ആർ.സുരേഷ് കുമാർ

കടുത്ത വിമർശകർക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി രേഖപ്പെടുത്താൻ ചില അവസരങ്ങളെങ്കിലും ലഭിക്കുമെന്ന് ബോധ്യമായി. ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചുകൊണ്ട് വ്യാപരിക്കുന്ന കൊറോണാവൈറസ് ആണ് അത്തരം ഒരവസരം നൽകിയിരിക്കുന്നത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടക്കം കുറിച്ച വൈറസ് വ്യാപനത്തിന്റെ ആഘാതശേഷിയെക്കുറിച്ച് ലോക രാഷ്ട്രങ്ങൾക്ക് ഒരു ധാരണയും ലഭിച്ചിരുന്നില്ല. ആദ്യം പകച്ചുപോയ ചൈന പിന്നീട് സർവവിധ സന്നാഹവുമായി അതിനെ നേരിടുന്നത് ലോകം കണ്ടു.

കൊറോണ വൈറസ് ഡിസീസ് 2019 (കൊവിഡ് 19) എന്ന പേര് ലഭിച്ച രോഗബാധിതരായ ആയിരങ്ങളെ ചികിത്സിക്കുന്നതിന് പ്രത്യേക താൽക്കാലിക ആശുപ്രതികൾ ദിവസങ്ങൾക്കകം സ്ഥാപിച്ചുകൊണ്ട് ചൈന നടത്തിയ നീക്കങ്ങൾ അമ്പരപ്പോടെയാണ് ലോകം വീക്ഷിച്ചത്. രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കിയ അവർ ലോക് ഡൗൺ എന്ന തന്ത്രം കർക്കശമായി നടപ്പിലാക്കി. മരണസംഖ്യ ഉയർന്നു കൊണ്ടിരുന്ന ചൈനയെ യൂറോപ്പിലെയും അമേരിക്കയിലെയും രാജ്യങ്ങൾ പരിഹാസത്തോടെ നോക്കിനിന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ ചൈനയിൽ മരണസംഖ്യയിലെ വർധനവിൽ കുറവ് വന്നുതുടങ്ങി. ഈ സമയത്ത് മറ്റ് രാജ്യങ്ങളിൽ ഈ വൈറസ് പടരാൻ തുടങ്ങിയിരുന്നു. മുൻകരുതലുകളൊന്നും കൈക്കൊള്ളാതിരുന്ന ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, അമേരിക്ക എന്നിവിടങ്ങളിൽ മഹാമാരിയായി നാശം വിതക്കുകയാണിപ്പോൾ കൊവിഡ് 19.

ഇന്ത്യയിലും രോഗബാധിതരെത്തി. ആദ്യമായിരോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിലെ സർക്കാർ ഇതിന്റെ ആഘാതശേഷി മനസ്സിലാക്കിക്കൊണ്ട് ശക്തമായ പ്രതിരോധമാണൊരുക്കിയത്. ചൈനയിലെ വുഹാനിൽ നിന്ന് വന്ന മൂന്ന് വിദ്യാർത്ഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അവരിൽ നിന്ന് ഒരാൾക്ക് പോലും രോഗം പകരാൻ അവസരം നൽകാത്ത അതീവ ശ്രദ്ധയാണ് കേരളത്തിലെ സർക്കാർ നൽകിയത്.

ആകോൺടാക്ട് മേപ്പിംഗിലൂടെ സംശയമുള്ള മുഴുവൻ പേരേയും നിരീക്ഷണത്തിനും ടെസ്റ്റിംഗിനും വിധേയരാക്കി. മൂന്ന് രോഗബാധിതരും സുഖം പ്രാപിക്കുകയും ചെയ്തു. അതിന് ശേഷം വിദേശങ്ങളിൽ നിന്ന് വരുന്നവരിൽ അസുഖം കണ്ടെത്താൻ തുടങ്ങിയതും മറ്റ് സംസ്ഥാനങ്ങളിലും രോഗബാധയുണ്ടായതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഇന്ത്യയിലെ കേന്ദ്രഭരണകൂടം ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധനൽകാൻ തുടങ്ങിയത് അതിന് ശേഷമാണ്.ഇവിടെ നരേന്ദ്രമോഡിയോട് പ്രത്യേകം നന്ദിവേണമെന്ന് പറയാനിടയായ സാഹചര്യം വ്യക്തമാക്കാം.

നരേന്ദ്രമോഡി അന്തർദേശീയ രംഗത്ത് വളരെ സൗഹൃദം വച്ച് പുലർത്തുന്ന ഒരാളാണ് അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ആരോഗ്യസംവിധാനങ്ങളുടെയും മുതലാളിത്ത ചികിത്സാക്രമങ്ങളുടെയും പരാജയം വിളിച്ചോതുന്ന തരത്തിൽ കൊവിഡ് 19 വ്യാപിക്കുന്നു. ആയിരത്തിലധികം പേർ മരിച്ചുകഴിഞ്ഞു. എന്നിട്ടും രോഗവ്യാപനത്തിന് തടയിടാൻ പൂർണമായ ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യത്തെ പുച്ഛിച്ചുതള്ളുകയാണ് ഇതുവരെ ട്രംപ് ചെയ്തത്. അതുപോലെ മോഡിയുടെ മറ്റൊരു സുഹൃത്താണ് ബ്രസീലിലെ പ്രസിഡന്റായ ബൊൽസനാരോ. വിമർശിക്കുന്നവരെയൊക്കെ വെടിവച്ച് കൊല്ലണമെന്ന വാദമെല്ലാം ഉന്നയിക്കുന്ന തീവ്രവലതുപക്ഷക്കാരനാണ്.

2020ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇന്ത്യ വിശിഷ്ടാതിഥിയായി ക്ഷണിച്ചുകൊണ്ടുവന്നത് ഇതേ വ്യക്തിയെയാണ്. അതിന് ശേഷമാണ് 110 കോടിരൂപ ചെലവഴിച്ച് ഡൊണാൾഡ് ട്രംപിനെ ആനയിച്ചത്‌. വംശീയവാദത്തെ പിന്തുണക്കുന്ന ഡൊണാൾഡ് ട്രംപും ബൊൽസനാരോയുമൊക്കെ മോഡിയുടെ സുഹൃത്തുക്കളാവുന്നത് രാഷ്ട്രീയമായ ഐക്യപ്പെടൽ കൂടിയാണ്.

സ്വന്തം രാജ്യത്ത് കൊവിഡ് രോഗബാധ തടയുന്നതിന് പ്രാദേശികഭരണ സംവിധാനങ്ങൾ യാത്രാവിലക്കേർപ്പെടുത്തിയതിനെയും ഓഫീസുകളും സ്ഥാപനങ്ങളും അടച്ചതിനെയും ബ്രസീൽ പ്രസിഡന്റ് രൂക്ഷമായി വിമർശിക്കുകയുണ്ടായി. എല്ലാപേരോടും അവരവരവുടെ തൊഴിലുകളിൽ ഉടൻ മടങ്ങിയെത്തണമെന്നാഹ്വാനവും നൽകി. മാധ്യമങ്ങൾ അനാവശ്യമായി ഭയപ്പെടുത്തുന്നതാണെന്നും കൊവിഡ് രോഗം അത്രയൊന്നും പ്രാധാന്യമുള്ളതല്ലെന്നുമാണ് ബൊൽസനാരോയുടെ വാദം.

Read Also  ശശി തരൂരിന്റെ പുസ്തകം, ദി ഹിന്ദു വേ പുറത്തിറങ്ങുന്നു

തന്റെ സുഹൃത്തുക്കളായ രണ്ട് ലോകനേതാക്കളുടെ അഭിപ്രായങ്ങൾ നിരാകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ചൈനയുടെ മാതൃക പിന്തുടർന്ന് കൊവിഡ് 19 രോഗത്തെ പിടിച്ചുകെട്ടാൻ മോഡി തയ്യാറായി എന്നതിനാണ് അദ്ദേഹത്തോട് വിമർശകർ പോലും നന്ദിയുള്ളവരാകണമെന്ന് പറയാൻ കാരണം. ഗോമൂത്ര-ചാണക സദ്യ നടത്തി അവകഴിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്ന് പറഞ്ഞ് മോഡിയുടെ രാഷ്ട്രീയം പിന്തുടരുന്നവർ ഇന്ത്യയിലെമ്പാടും അതിനുള്ള മേളകൾ നടത്തിത്തുടങ്ങിയ ശേഷമാണ് ഇങ്ങനെയൊരു നിലപാടിലേക്ക് അദ്ദേഹം വന്നത് എന്നകാര്യം അതിലേറെ പ്രധാനമാണ്. വിശ്വാസവും ആചാരവുമൊക്കെ മൂലധനമാക്കിയുള്ള രാഷ്ട്രീയ സംഘാടനത്തിന് നേതൃത്വം നൽകുന്നവർ ഒരുഘട്ടത്തിൽ ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അണികളോട് പറയുന്നത് വിഷമകരമായ കാര്യമാണ്. സ്വന്തം രാഷ്ട്രീയാടിത്തറയെ പിടിച്ചുകുലുക്കുന്നതുമാണ്.

അന്ധവിശ്വാസങ്ങൾ പാടില്ലെന്നും ഡോക്ടർമാർ പറയുന്നത് മാത്രമേ വിശ്വസിക്കാവൂ എന്നും അങ്ങനെയൊരു നേതാവ് പറയുന്നുണ്ടെങ്കിൽ അതിനും നന്ദി പറയേണ്ടിവരും. കാരണം അനിതരസാധാരണമായ ഒരുഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. അതിനാൽ ലോക് ഡൗൺ എന്നമാർഗത്തിലൂടെ ചൈന പിടിച്ചുകെട്ടിയ കൊവിഡ് 19 രോഗത്തെ ഇന്ത്യയും അതേ മാർഗത്തിലൂടെ തടയുമ്പോൾ അതുവരെയുള്ള നിലപാടുകൾ തള്ളി ഭരണാധികാരിയുടെ ഉത്തരവാദിത്വത്തിലേക്ക് വന്ന മോഡിയോട് അക്കാര്യത്തിൽ നന്ദി പറയേണ്ടത് തന്നെയാണ്. ട്രംപിന്റെയും ബൊൽസനാരോയുടെയും നയങ്ങളാണ് ഇന്ത്യയിലെ കേന്ദ്രഭരണകൂടം സ്വീകരിച്ചിരുന്നെങ്കിൽ നാം നേരിടേണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാവുമായിരുന്നു.

കൊവിഡ് 19 ഇന്ത്യയിൽ ആദ്യം ബാധിച്ച സംസ്ഥാനമായ കേരളം പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വീകരിച്ച നടപടികൾ ദേശീയ-അന്തർ ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. രണ്ടാംഘട്ടത്തിൽ കേന്ദ്രസർക്കാർ അതേ മാതൃക സ്വീകരിച്ച് രംഗത്ത് വന്നത് വലിയൊരാശ്വാസമാണ് പൊതുജനാരോഗ്യ പ്രവർത്തകർക്ക് നൽകിയത്. കോർപറേറ്റ് മുതലാളിത്തം ആരോഗ്യസംവിധാനങ്ങൾ വ്യക്തികളുടെ സ്വകാര്യമായ വിഷയമാക്കി ഇൻഷുറൻസ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുത്തു.

അമേരിക്കയും ഇറ്റലിയും സ്പെയിനുമൊക്കെ ഇപ്പോൾ ചെന്നുപെട്ടിരിക്കുന്ന അപകടം ഇതാണ്. അമേരിക്കൽ ഒരു കൊവിഡ് 19 ടെസ്റ്റിന് ഒരു ലക്ഷംരൂപ വരെയും ഒരു ഐസൊലേഷൻ റൂമിന് രണ്ടുലക്ഷം രൂപവരെയുമാണ് ചെലവ്. ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തവർ നിരവധിയുണ്ട് അമേരിക്കയിൽ. വികസിതരാജ്യങ്ങളുടെ പൊങ്ങച്ചം പറയാനില്ലാത്ത കേരളത്തിൽ സൗജന്യമായി ലഭിക്കുന്ന പൊതുജനാരോഗ്യപരിരക്ഷയാണ് മുതലാളിത്ത രാജ്യങ്ങൾക്കപരിചിതമായി തീർന്നിരിക്കുന്നത്.

സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ ക്ഷേമരാഷ്ട്ര സങ്കല്പം നിലനിൽക്കുന്ന കേരളത്തിന്റെ മാതൃക ഇന്ന് ഇന്ത്യയിലെ ഭരണകൂടത്തിന് വെല്ലുവിളിയും പിന്തുടരേണ്ട മാതൃകയുമായി കൊറോണക്കാലത്ത് മാറിയിരിക്കുന്നു. ഒരുസോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്രത്തിന്റെ കാഴ്ചപ്പാടുകൾ കൂടി ഉൾച്ചേർത്തിട്ടുള്ള ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. കൊവിഡ് രോഗബാധയെക്കുറിച്ച് ചർച്ചകൾ നടക്കുന്ന കാലയളവിലാണ് സോഷ്യലിസമെന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഒരു ബി.ജെ.പി. എം.പി.രാജ്യസഭയിൽ നോട്ടീസ് നൽകിയത്. സോഷ്യലിസ്റ്റ് ക്ഷേമസങ്കല്പങ്ങളെ ഇല്ലാതാക്കിയാൽ എന്തുസംഭവിക്കുമെന്നാണ് കൊറോണ അമേരിക്കയെയും ഇറ്റലിയെയുമൊക്കെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കൊവിഡ് രോഗം സംബന്ധിച്ച് പ്രധാനമന്ത്രി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനും ഒരുമണിക്കൂർ മുമ്പാണ് കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ചലിപ്പിക്കുന്നതിന് 20000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് കൂടി പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ രോഗബാധ തടയുന്നതിനെക്കുറിച്ച് സംസാരിച്ചത്. അന്നുമുതൽ പ്രധാനമന്ത്രിയുടെ പ്രസംഗവും കേരള മുഖ്യമന്ത്രിയുടെ പാക്കേജും താരതമ്യം ചെയ്തുകൊണ്ട് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തകൾ നൽകാൻ തുടങ്ങി.

Read Also  നിരീക്ഷണമാവശ്യപ്പെട്ടതിനെതിരെ വെല്ലുവിളിയുമായി പ്രവാസി ; നാട്ടുകാർ പ്രതിഷേധത്തിലേക്കു

ജനങ്ങളുടെ ദുരിതം കാണാത്ത കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ കൂടിയതോടെ കേന്ദ്രത്തിനും പാക്കേജ് പ്രഖ്യാപിക്കേണ്ടിവന്നു. പ്രധാനമന്ത്രിയുടെ രണ്ടാമത് അഭിസംബോധനയിൽ 15000 കോടിയുടെ മെഡിക്കൽസഹായം മാത്രമാണ് പറഞ്ഞതെങ്കിലും പിറ്റേന്നാൾ കേന്ദ്രധനമന്ത്രി 170000 കോടിരൂപയുടെ പാക്കേജ് ഇന്ത്യക്ക് മൊത്തമായി പ്രഖ്യാപിച്ചു. അതിനുള്ള പണം വകയിരുത്തുന്നതെവിടെ നിന്ന് എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

ഡോക്ടർമാർമുതൽ ആശാ വർക്കർമാർ വരെയുള്ള ആരോഗ്യപ്രവർത്തകർക്ക് മൂന്ന് മാസത്തേക്ക് 50 ലക്ഷം രൂപവരെയുള്ള ഇൻഷ്വറൻസ് പ്രഖ്യാപിച്ചതും മൂന്ന് മാസത്തേക്ക് ദരിദ്രവിഭാഗക്കാർക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ പ്രഖ്യാപിച്ചതും കാര്യമായ പ്രയോജനം ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി അപകടാവസ്ഥയിലേക്കെത്താനുള്ള സാധ്യതകൾ അപൂർവമായേ ഉണ്ടാവൂ. എല്ലാവർക്കുമുള്ള ഇൻഷ്വറൻസിനു വേണ്ടി അടക്കേണ്ടി വരുന്ന തുകയും അത് ഏത് കമ്പനിക്കാണ് കൊടുക്കുക എന്നതും കാണുമ്പോഴറിയാം ഇതിന് പിന്നിലെ താൽപര്യങ്ങൾ. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നതെന്ന് സമ്മതിക്കുന്നു. അവരുടെ റിസ്കിന് പരിഹാരം നൽകേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിച്ചാലും ഇൻഷ്വറൻസ് കമ്പനികൾക്ക് നൽകേണ്ട പണത്തെക്കാൾ ലാഭമായിരിക്കും.

പിന്നെ സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കേണ്ട വിഭാഗത്തിൽപ്പെടുന്നവരിൽ മൂന്ന് മാസത്തിനുള്ളിൽ ഒരുഗ്യാസ് സിലിണ്ടറെങ്കിലും ഉപയോഗിച്ച് തീർക്കുന്നവർ അപൂർവങ്ങളിൽ അപൂർവമായിരിക്കും. അതിനാൽ വലിയ സാമ്പത്തികച്ചെലവ് ഇക്കാര്യത്തിലുണ്ടാവുകയുമില്ല. ഈ പറഞ്ഞ പരിമിതികൾക്കുള്ളിലും അത്തരം പാക്കേജുകൾ പ്രഖ്യാപിക്കേണ്ടി വരുന്നത് ക്ഷേമരാഷ്ട്ര സങ്കല്പത്തെ ഒഴിവാക്കാൻ കഴിയാത്ത വിധം ഇന്ത്യൻ സാമൂഹികജീവിതം സങ്കീർണമായതിനാലും ദാരിദ്യമെന്നതൊരു യാഥാർത്ഥ്യമായതിനാലും ജനവികാരത്തെ ഭയക്കുന്നതിനാലുമാണ്. എന്നാലും ഇപ്പോൾ അതിന് വഴങ്ങി എന്നതിനും മോഡിയോട് നന്ദി പറയാം.

പൊതുമേഖലയിലുള്ള സകല സംവിധാനങ്ങളെയും സ്വകാര്യകോർപ്പറേറ്റുകൾക്ക് തീറെഴുതുവാൻ തയ്യാറാവുന്ന ഭരണകൂടം കൊറോണപോലുള്ള പ്രതിസന്ധികളിൽ മുതലാളിത്തം നിലയില്ലാക്കയത്തിൽ മുങ്ങുന്നത് കാണേണ്ടതുണ്ട്. 135 കോടിയോളം ജനങ്ങളിൽ മുപ്പത് ശതമാനത്തോളം പട്ടിണിക്കാരാണെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നവരാണ് ഇന്ത്യയിലിപ്പോഴും. പാക്കേജില്ലാത്ത സാധാരണകാലത്തെയവസ്ഥയാണിത്. തൊഴിൽ നഷ്ടസാഹചര്യങ്ങളിൽ വീട്ടിൽ കഴിയേണ്ടിവരുന്നവർ കൂടി പട്ടിണിയിലാവുമെന്നതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച കേന്ദ്രപാക്കേജ് എത്രത്തോളം പര്യാപ്തമാകുമെന്നത് കണ്ടറിയണം. ചേരികളെ മതിൽ കെട്ടിമറച്ചാൽ ഇന്ത്യ കോർപ്പറേറ്റ് മുതലാളിത്തത്തിന് പാകമായ രാഷ്ട്രമാകില്ല.

വിമാനത്താവളങ്ങളും തുറമുഖങ്ങളും റെയിൽവെയും പെട്രോളിയം കമ്പനികളും ഒടുവിൽ വൻലാഭത്തിലുള്ള എൽ.ഐ.സി.യുമൊക്കെ കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കാൻ വ്യഗ്രതകൊള്ളുന്ന ദേശ സ്നേഹികളുടെ കണ്ണ് തുറക്കാൻ കൊറോണയുടെ വ്യവസ്ഥിതിദുരന്തം കാരണമാകട്ടെയെന്നത് വലിയൊരു അതിമോഹമാണ്. അങ്ങനെ മോഡിയോടും കൂട്ടരോടും വീണ്ടും നന്ദിപറയാൻ അവസരങ്ങൾ ലഭിക്കട്ടെയെന്നും പ്രതീക്ഷിക്കുന്നു. കൊറോണ കാലത്ത് സ്പെയിൻ അടിയന്തിരമായി പലമേഖലകളിലും ദേശസാൽക്കരണം പ്രഖ്യാപിച്ചത് എന്തിനാണെന്ന് മോഡിഭരണകൂടം ഉൾക്കൊള്ളുകയും വേണം.

വാൽക്കഷ്ണം: കമ്മ്യൂണിറ്റി കിച്ചൺ എന്ന വിശപ്പ് രഹിതസങ്കല്പവും അത് പ്രയോഗവൽക്കരിക്കുന്നതും കേരളത്തിന് പുറത്ത് ഏറ്റെടുക്കാൻ കഴിയണമെങ്കിൽ വലിയഅത്ഭുതങ്ങൾ സംഭവിക്കേണ്ടിവരും. ചില പാക്കേജുകൾക്കപ്പുറം സാമൂഹിക പ്രക്രിയകളിലേക്ക് കടക്കാൻ പ്രത്യേകമായ രാഷ്ട്രീയ- പൗരത്വവിദ്യാഭ്യാസത്തിന്റെ ആവശ്യകതയുണ്ട്. അത് മനസ്സിലാകാത്തതാണ് കേരളത്തെപ്പോലെയൊക്കെ ചെയ്യാൻ ശ്രമിച്ചാലും കേരളത്തെപ്പോലെയാകാൻ മറ്റുള്ളവർക്കാകാത്തത്.

Leave a Reply

Your email address will not be published.