Thursday, July 2

വീണ്ടും മോദി ഭരണം തുടരുമ്പോൾ പ്രതിപക്ഷത്തിന് വീഴ്ച സംഭവിച്ചതെവിടെ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയ സംഘടന ബിജെപി രണ്ടാം വട്ടവും തുടർച്ചയായി അധികാരത്തിൽ വന്നിരിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയെ ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുകയാണ്. 21 ൽ അധികം പ്രതിപക്ഷ കക്ഷികൾ ബിജെപിയുടെ നയങ്ങൾക്കെതിരെയും ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്നതിനെതിരെയും ഒന്നിച്ചു നിന്നെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് ചിത്രത്തിൽ ഇല്ലാത്ത അവസ്ഥയിലേയ്ക്ക് മാറ്റപ്പെട്ടു. റാഫേൽ ഇടാപ്പാട്‌ സംബന്ധിച്ച ആരോപണങ്ങൾ, നോട്ട് നിരോധനം, ജിഎസ്ടി, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം തുടങ്ങിയവ ഓക്കേ ബിജെപിയ്ക്ക് പ്രതികൂലമായി ഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ പ്രതീക്ഷകളെ എല്ലാം കവച്ചുവെക്കുന്ന ഫലമാണ് പുറത്ത് വന്നത്.

തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ തന്നെ ജനങ്ങൾ ചർച്ച ചെയ്യേണ്ടത് എന്തെന്നുള്ള അജണ്ട നിർണ്ണയിക്കാൻ ബിജെപി നടത്തിയ ശ്രമം ആണ് അവരെ വിജയത്തിലേക്കെത്തിച്ചത് എന്നും പറയാം. അഞ്ചു വർഷത്തെ ഭരണത്തെയോ ഭരണ നേട്ടത്തെയോ ചർച്ച ചെയ്യാതെ പെട്ടെന്ന് പുൽവാമ ആക്രമണം പോലുള്ള സംഭവങ്ങൾ കൃത്യമായി അവതരിപ്പിച്ചുകൊണ്ട് ജനങ്ങളിൽ ദേശസ്നേഹത്തിന്റെ പുതിയ ചർച്ചയ്ക്ക് വഴി വെയ്ക്കുകയും അതിലൂടെ നേട്ടം ഉണ്ടാക്കി എടുക്കുകയുമായിരുന്നു ബിജെപി ചെയ്തത്. മാത്രമല്ല സ്വയം ട്രോള് ആയി നരേന്ദ്ര മോദി മാറുന്നതും ഒരു രാഷ്ട്രീയ നീക്കമായി സംശയിക്കേണ്ടിയിരിക്കുന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി ഒരു നേതൃത്വം ഇല്ലാത്തത് പ്രതിപക്ഷ കക്ഷികളുടെ ഏറ്റവും വലിയ പരാജയമായി വിലയിരുത്തേണ്ടിയിരിക്കുന്നു. പ്രതിപക്ഷ കക്ഷികൾ കൂട്ടത്തോടെ ബിജെപിയ്ക്ക് എതിരെ മത്സരിച്ചത് വോട്ട് വിഘടിക്കാൻ കാരണമായി. സഖ്യ രൂപീകരണത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികൾ പിടിവാശി വെച്ചുപുലർത്തിയതും ബിജെപിയെ സുഗമമായി ജയിപ്പിക്കാൻ കാരണമായി.

രാജ്യത്ത് വൻ വിപ്ലവം സൃഷ്ടിക്കുമെന്ന് പറഞ്ഞു കോൺഗ്രസ് അവതരിപ്പിച്ച ന്യായ് പദ്ധതി ജനങ്ങൾക്കിടയിൽ ചലനം സൃഷ്ടിച്ചില്ല. തങ്ങൾ അധികാരത്തിലെത്തിയാൽ സ്ത്രീ സംവരണം നടപ്പിലാക്കുമെന്നതും തൊഴിൽ അവസരങ്ങൾ നിശ്ചയത്ത സമയത്തിനുള്ളിൽ പൂർത്തികരിക്കുമെന്നതും ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു. രാഹുൽ ഗാന്ധിയുടെ മോദിക്കെതിരെയുള്ള ചൗക്കിദാർ കള്ളനാണെന്ന ക്യാമ്പയിൻ ബിജെപിയ്ക്ക് ഗുണമാവുന്ന തരത്തിലാണ് സംഭവിച്ചിരിക്കുന്നത്. റാഫേൽ അഴിമതി ജനങ്ങൾ ഏറ്റെടുത്തില്ലെന്നതും രാജ്യത്തെ മാധ്യമങ്ങൾ ഉൾപ്പടെ ബിജെപി അനുകൂലമായി നിലകൊണ്ടുവെന്നതും ഒരു പരിധിവരെ പ്രതിപക്ഷ കക്ഷികളുടെ പരാജയം ഉറപ്പിച്ചിട്ടുണ്ട്.

അഴിമതിയും ഏകാധിപത്യവും ക്യാമ്പയിൻ ആയി ഉയർത്തികൊണ്ട് വരാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിച്ചെങ്കിലും മോദി പ്രഭാവത്തിൽ ഇവയെല്ലാം ഇല്ലാതാവുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പരാജയമാണ് ഏറ്റവും വലിയ പരാജയമായി കണക്കാക്കേണ്ടത്. സ്വന്തം മണ്ഡലം പോലും നിലനിർത്താൻ കഴിയാത്ത രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ കക്ഷികൾക്ക് നേതൃത്വം നൽകുന്നതെന്ന വിരോധാഭാസവും ഇവിടെ നിലനിൽക്കുന്നു.

ഹിന്ദുത്വ ഭരണം അടുത്ത അഞ്ച് വർഷം കൂടെ രാജ്യത്ത് തുടരും. ബിജെപി നേതാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ഇനിയൊരു തെരഞ്ഞെടുപ്പ് പോലും രാജ്യത്ത് ഉണ്ടായേക്കില്ല. ചരിത്രത്തിലെ സുവർണ്ണാവസരം നഷ്ടപെടുത്തിയിട്ട് എങ്ങനെ തോറ്റു എന്ന് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല.

Spread the love
Read Also  50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജി തള്ളി

Leave a Reply