Wednesday, January 19

മോദിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ മൂടുപടമണിഞ്ഞ വന്‍ പരാജയം

ഇന്ത്യന്‍ സാമ്പത്തികാവസ്ഥ ഫ്രാന്‍സിനെ മറികടന്ന് ആറാം സ്ഥാനത്തെത്തി എന്നൊക്കെ ലണ്ടന്‍ ഇക്കണോമിക് ആന്‍റ്  ബിസിനസ് റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി കണക്കു വെച്ച് അഹങ്കരിക്കാന്‍ വരട്ടെ. മോദി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു എന്ന്  വീമ്പിളക്കുമ്പോള്‍ യാഥാര്‍ത്ഥ്യം പുറത്തറിയില്ലെന്ന് കരുതിയാല്‍ തെറ്റി. ലോകബാങ്കിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും വിശദീകരണപ്രകാരം 2014 ന് ശേഷം ഇന്ത്യന്‍ ഉല്പാദനരംഗം മെച്ചപ്പെട്ട നില നേടിയിട്ടില്ല, എന്നു മാത്രമല്ല പിന്നോട്ടുമാണ്. അതറിഞ്ഞിട്ടുവേണം 2018 നാം അഞ്ചാമതെത്തുമെന്ന ലണ്ടന്‍ കണ്ടുപിടുത്തത്തില്‍ ആവേശം കൊള്ളാന്‍.

വേള്‍ഡ് ബാങ്ക് കണക്കുപ്രകാരം 1995ല്‍ 18.6 ശതമാനമായിരുന്ന മൊത്തം ആഭ്യന്തര ഉല്പാദനം 15 ശതമാനമായി കുറഞ്ഞുവെന്നതാണ് 2014ന് ശേഷമുള്ള യാഥാര്‍ത്ഥ്യം.

മൊബൈല്‍ ഫോണ്‍ രംഗത്തെ ലോകഭീമന്മാരായ സാംസങ്ങ് ഇന്ത്യയില്‍ നിര്‍മ്മാണമാരംഭിക്കാന്‍ നിക്ഷേപം നടത്തുന്നുവെന്നതാണ് അടുത്ത കാലത്തെ മുന്നേറ്റമായി മോദി ഭരണകൂടം ഉദ്ഘോഷിക്കുന്നത്. സാംസങ് വാര്‍ത്ത നല്ലതാണ്, പക്ഷെ അത് മുഖം രക്ഷിക്കാനുള്ള സമീപകാല നീക്കങ്ങളില്‍ ഒന്നു മാത്രമാണ്.  ‘മെയ്ക് ഇന്‍ ഇന്ത്യ’ മോദി ഭരണകൂടത്തിന്‍റെ കുലീനമായ ആഗ്രഹമാണ്. എന്നാല്‍ ബിസിനസ് അന്തരീക്ഷത്തിന് ചേര്‍ന്ന അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ അത് ഒരു കഠിനമായ വെല്ലുവിളിയാണ് എന്നാണ്  ‘മെയ്ക് ഇന്‍ ഇന്ത്യ’യെപ്പറ്റി ഒട്ടാവയിലെ കാര്‍ലട്ടണ്‍ യൂണിവേഴ്സിറ്റി സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ വിവേക് ജേഹേജിയയുടെ അഭിപ്രായം. സംരഭം മോഹനമായ അന്താരാഷ്ട്ര ബിസിനസ് രംഗത്ത് വിലയേറിയതാണ്. പക്ഷെ അത് സേവനാധിഷ്ടിത സാമ്പത്തികരാജ്യത്തിന് വെല്ലുവിളിയാണെന്നാണ് നിരീക്ഷകാഭിപ്രായം. പ്രധാനമന്ത്രിയുടെയൊ ധനകാര്യമന്ത്രിയുടെയൊ ഓഫീസില്‍ നിന്നും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ചൈനയുടെ ‘മെയിഡ് ഇന്‍ ചൈന’ പദ്ധതിയുമായി താരതമ്യം ചെയ്താല്‍ മോദിയുടെ നയത്തിന്‍റെ തകര്‍ച്ച മനസ്സിലാക്കാം. റോബോട്ടിക്സിന്‍റെയും മോട്ടോര്‍ വാഹനങ്ങളില്‍ പുതിയ ഊര്‍ജ്ജ ഉപയോഗത്തിന്‍റെയും മേഖലയിലെ വ്യവസായങ്ങളില്‍ രാജ്യനിക്ഷേപവും സബ്സിഡിയും ഉള്‍പ്പെടുത്തിയുള്ളതാണ് ചൈനയുടെ ‘മെയ്ഡ് ഇന്‍ ചൈന’. എന്നാല്‍ രാജ്യനിക്ഷേപത്തെപ്പറ്റി ചിന്തിക്കാത്ത നിക്ഷേപ പ്രോത്സാഹന കൗശലമാണ് മോദിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’.

പ്രതിരോധത്തിലുള്‍പ്പെടെ പല മേഖലയിലും വിദേശനിക്ഷേപത്തിന് സാധ്യതകള്‍ തുറന്നതാണ് 2014ല്‍ വരുത്തിയ പരിഷ്കാരം. അനൗദ്യോഗികകണക്കുകള്‍ പ്രകാരം നിക്ഷേപങ്ങള്‍ താഴേക്കാണ്. ഇന്ത്യന്‍ സാമ്പത്തിക നിരീക്ഷണകേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതികളിലെ നിക്ഷേപം 6.62 ലക്ഷം കോടിയാണ്. 2015 സാമ്പത്തികവര്‍ഷം ഇത് 9.66 ലക്ഷം കോടിയായിരുന്നു.

റിസര്‍വ്വ് ബാങ്ക് രേഖകള്‍ പ്രകാരം കോര്‍പ്പറേറ്റ് മൂലധനച്ചിലവ് മോദി അധികാരമേറ്റ ശേഷം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് പോയി. മോദിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ പ്രാവര്‍ത്തികമായില്ല. 2012 വരെ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ മോദി ഭരണത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപമാണ് വരുന്നത്. ഗിയറുകള്‍ കൊണ്ട് രൂപീകൃതമായ സിംഹം ‘മെയ്ക് ഇന്‍ ഇന്ത്യ’യെ എങ്ങോട്ടാവും വ്യവസായികമായി നയിക്കുകയെന്ന് ഭാവിയില്‍ കണ്ടറിയേണ്ടിയിരിക്കുന്നു. 1995ലെ അലീഷ ചിനായിയുടെ ‘മെയിഡ് ഇന്‍ ഇന്ത്യ’ എന്ന ഇന്‍ഡി പോപ്പ് പാട്ടും പാടി നമുക്ക് മുന്നേറാം.

Spread the love
Read Also  ചരിത്രത്തില്‍ സംഭവിക്കുന്ന തമാശകള്‍; ഡൊണാള്‍ഡ് ട്രംപിനെ ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു