Wednesday, January 19

ആഷസ് ക്രിക്കറ്റ് പരമ്പരക്കിടയിൽ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന വെളിപ്പെടുത്തലുമായി മോയിന്‍ അലി

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിൻ അലി ക്രിക്കറ്റ് കളിക്കിടെ വംശീയ അധിക്ഷേപത്തിനിരയായി എന്ന് വെളിപ്പെടുത്തൽ. 2015-ലെ ആഷസ് പരമ്പരയ്ക്കിടിയല്‍ ആണ് സംഭവം. കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടയിലായിരുന്നു സംഭവമെന്നും ആസ്ട്രേലിയൻ ക്രിക്കറ് താരമാണ് തന്നെ വംശീയ അധിക്ഷേപത്തിനിരയാക്കിയത് എന്നും ബ്രിട്ടീഷ് മാധ്യമമായ ‘ദി ടൈംസ്’ പരമ്പരയായി പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ മോയിൻ അലി വെളിപ്പെടുത്തുന്നു.

ആ താരം അങ്ങനെ വിളിച്ചതോടെ കളിയിലുള്ള ശ്രദ്ധ മുഴുവന്‍ നഷ്ടപ്പെട്ടു. ഇത്രയും വിവേചനം ഞാന്‍ അതുവരെ നേരിട്ടിട്ടില്ലായിരുന്നു. എന്നെ വംശീയമായി നിന്ദിച്ചതുപോലെ തോന്നി. അന്നത്തെപ്പോലെ അത്രയും ദേഷ്യത്തോടെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞാന്‍ നിന്നിട്ടില്ല. മോയിന്‍ അലി ആത്മകഥയില്‍ പറയുന്നു.

“ഒരു ഓസ്‌ട്രേലിയന്‍ താരം എന്റെ അരികില്‍ വന്നിട്ടു ‘ ഒസാമാ, അതൊന്ന് എടുക്കൂ’ എന്ന് പറഞ്ഞു. എനിക്ക് ഭയങ്കര ദേഷ്യമാണ് തോന്നിയത്. ഗ്രൗണ്ടില്‍ ഞാന്‍ അതിന് മുമ്പ് അങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല. അയാള്‍ എന്നെ അങ്ങനെ വിളിച്ച കാര്യം ഞാന്‍ സഹതാരങ്ങളോട് പറഞ്ഞു. ഇക്കാര്യം പിന്നീട് കോച്ച് ട്രെവര്‍ ബെയ്‌ലിസ്‌ ഓസ്‌ട്രേലിയയുടെ കോച്ചായ ഡാരെന്‍ ലേമാന്റെ ശ്രദ്ധയില്‍ പെടുത്തുകയും ആ താരത്തോട് എന്നെ അങ്ങനെ വിളിച്ചോ എന്ന് ലേമാന്‍ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അയാള്‍ അത് നിഷേധിക്കുകയാണ് ചെയ്തത്. ‘പാര്‍ട്ട്‌ ടൈമര്‍ (part-timer), അതെടുക്കൂ’ എന്നാണ് താന്‍ പറഞ്ഞതെന്നും അയാള്‍ ലേമാനെ ധരിപ്പിച്ചു. എന്നാൽ പാര്‍ട്ട് ടൈമര്‍ എന്ന വാക്കും ഒസാമ എന്ന വാക്കും തമ്മില്‍ എന്തുമാത്രം വ്യത്യാസമുണ്ട്. ഇങ്ങനെയുള്ള വാക്ക് ഞാന്‍ എങ്ങനെ തെറ്റായി കേള്‍ക്കും. ഇക്കാര്യത്തില്‍ എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഉറപ്പാണ്.

എന്റെ വ്യക്തിഗത മികവിന്റെ അടിസ്ഥാനത്തില്‍ ആദ്യ ടെസ്റ്റ് എന്നെ സംബന്ധിച്ച് മികച്ചതായികുന്നു. ഞാന്‍ മികച്ച ഫോമിലാണ് കളിച്ചത്. പക്ഷേ ഈ സംഭവത്തോടെ എന്റെ ശ്രദ്ധ മുഴുവന്‍ നഷ്ടപ്പെട്ടു.” മോയിൻ അലി പറയുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം കാര്‍ഡിഫുകാരുടെ പ്രതികരണം കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി. ആ ഓസ്‌ട്രേലിയന്‍ താരം അവരില്‍ ആരേയും പ്രതിനിധീകരിക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചിറഞ്ഞു. മോയിന്‍ അലി പറയുന്നു.

Spread the love
Read Also  രണ്ടാംകിട പൗരത്വം വഴി അദൃശ്യരാക്കപ്പെടുന്ന ജനത: ഇറാനിൽ നിന്നും ഒരു കാഴ്ച്ച