വിഷ്ണു വിജയൻ(വിദ്യാര്തഥി ,നവമാധ്യങ്ങളിൽ സജ്ജീവം )

മലയാളം കണ്ട എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ മോഹൻലാലിനെ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുമ്പോൾ പലർക്കും എന്താണ് ആശ്ചര്യവും, പരിഹാസവും ഒക്കെ തോന്നുന്നത്….!മുൻപ് പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ് ഈ അവസരത്തിൽ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.

പലതരത്തിലുള്ള വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും പറയട്ടെ മോഹൻലാൽ ഒരു മികച്ച നടൻ തന്നെയായിരുന്നു.

മികച്ച നടനെന്ന് വെറുതെയങ്ങ് പറഞ്ഞു പോകാവുന്ന വ്യക്തി അല്ല ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുൻപ് വരെ പകരം വെക്കാൻ കഴിയാത്ത തരം അഭിനേതാവ്.

മോഹൻലാൽ എത്ര മികച്ച നടനാണെന്ന് തിരിച്ചറിയാൻ 1983 – 93 കാലഘട്ടത്തിൽ അയാൾ ചെയ്ത കഥാപാത്രങ്ങളെ മാത്രം ശ്രദ്ധിച്ചാൽ മതി. 184 ന് അടുത്ത് വരും ആ കാലയളവിൽ മോഹൻലാൽ ചെയ്ത സിനിമകളുടെ എണ്ണം, എല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണെന്ന് മാത്രമല്ല, അത്രമേൽ ആ കഥാപാത്രങ്ങൾ ഉൾക്കൊണ്ട് ചെയ്ത സിനിമകൾ.

കുറഞ്ഞ കാലയളവിൽ ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുക എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്. അവിടെയാണ് ലാൽ എന്ന ‘നടൻ്റെ’ മികവ് തിരിച്ചറിയാൻ കഴിയുന്നത്. ഇന്ത്യൻ സിനിമയിൽ പകരം വെക്കാൻ കഴിയാത്ത നടന വിസ്മയമായി അയാൾ മാറുന്നത്.

എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തിൽ തുടങ്ങി കഴിഞ്ഞ
രണ്ടു പതിറ്റാണ്ടിനുള്ളിൽ മോഹൻലാൽ എന്ന നടനിൽ നിന്നും ഒരു ബ്രാൻഡിംഗ് തലത്തിലേക്ക് അയാൾ മാറി കഴിഞ്ഞു.

ആദ്യം പറഞ്ഞതുപോലെ രണ്ട് പതിറ്റാണ്ട് മുൻപ് വരെ അയാൾ സ്വഭാവികമായും മികച്ച നടനായിരുന്നുവെങ്കിൽ, ഇപ്പോൾ അത് സമൂഹത്തിൽ അടിച്ചേൽപ്പിച്ച് നിലനിർത്തി പോരാനുള്ള തീവ്ര ശ്രമത്തിലാണ് അയാളും, അയാളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടവും. ഇതിൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തുടങ്ങി സ്വന്തം സിനിമ വിജയിപ്പിക്കാനായി നിലനിർത്തി പോരുന്ന ഫാൻസ്‌ അസോസിയേഷൻ വരെ ഉൾപ്പെടും.

ഇന്ത്യയിൽ തന്നെ ഒരുപക്ഷെ ഏറ്റവും ശക്തമായ താരസംഘടന മോഹൻലാലിൻ്റേതായിരിക്കും. അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ വീട് കത്തിക്കുമെന്നൊക്കെ ഭീക്ഷണി മുഴക്കണമെങ്കിൽ എത്രമാത്രം ഭീകരമാണ് ഇതിന്റെ പ്രവർത്തനമെന്ന് തിരിച്ചറിയണം. യാതൊരു യുക്തിബോധവും തലയിൽ ഇല്ലാത്ത ഇതേ ഭക്തരാണ് മോഹൻലാൽ എന്ന ഉത്പന്നം ഇത്ര വിജയകരമായി മാർക്കറ്റിൽ വിറ്റഴിക്കുന്ന ഇടനിലക്കാരും.

ഏതൊരു ഉത്പന്നവും മാർക്കറ്റിൽ വിജയകരമായി വിറ്റഴിക്കുക എന്നത് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യമാണ്, അതെന്തും ആയിക്കോള്ളട്ടെ.

പക്ഷെ ഇനി പറയാനുള്ളത് മോഹൻലാൽ എന്ന നടനെയോ അയാളുടെ ആരാധകരെയോ, അയാളുടെ സിനിമാ വ്യവസായത്തെയോ സംബന്ധിക്കുന്ന കാര്യമല്ല.

കഴിഞ്ഞ നാളുകളിൽ അയാൾ സ്വീകരിച്ചു പോന്നിരുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന ചില അഭിപ്രായങ്ങളാണ്, തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന അഭിപ്രായപ്രകടനങ്ങൾ.

നായർ പ്രമാണിത്വത്തിൻ്റെ വേരുകൾ  കേരള സമൂഹത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിലനിർത്തി പോരാൻ മലയാള സിനിമ കൃത്യമായി തെരഞ്ഞെടുത്ത ബ്രാൻഡ് അംബാസിഡർ കൂടിയാണ് വരിക്കാശ്ശേരി മനയിലെ അഭിനവ തമ്പുരാൻ.

Read Also  തെക്കൻ സംസ്ഥാനങ്ങൾ ബി ജെ പിയെ കൈവിടും ; രഘുനന്ദനൻ എഴുതുന്നു

ചാനൽ അഭിമുഖങ്ങളിൽ ആവർത്തിച്ചു വരുന്ന അമൃതാനന്ദയിലും, ഓഷോയിലും ഒക്കെ ഉൾച്ചേർന്ന മോഹൻലാലിന്റെ ആത്മീയത തുളുമ്പുന്ന ദാർശനിക ഡയലോഗുകളുടെ ആകെത്തുകയാണ് ഒടുവിൽ അതിനോട് തന്നെ ചേർന്ന് നിൽക്കുന്ന രാഷ്ട്രീയത്തെ ഗ്ലോറിഫൈ ചെയ്യുന്ന തലത്തിൽ മോഹൻലാലിനെ കൊണ്ടെത്തിക്കുന്നത്, അതുകൊണ്ട് തന്നെ അയാളെ സംബന്ധിച്ച് അത് അത്രയ്ക്ക് ശ്രമകരമായ കാര്യമൊന്നുമല്ല.

അയാളുടെ ചിന്താഗതിയോടും, സ്വീകരിച്ചു പോരുന്ന നിലപാടുകളോടും അടുത്ത് നിൽക്കുന്ന രാഷ്ട്രീയ സംഹിതയൊട് സ്വഭാവികമായും ചേർന്ന് നിൽക്കുന്നു അത്രമാത്രം. ജെ.എൻ.യു, നോട്ട് നിരോധനം തുടങ്ങി പല വിഷയങ്ങളിലും അയാൾ സ്വീകരിച്ച നിലപാടുകൾ മാത്രം ശ്രദ്ധിച്ചാൽ മതി.

നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച നടത്തി മൂന്ന് ആഴ്ചകൾക്ക് ശേഷവും ഒരു പ്രത്യേക പോസിറ്റീവ് എനർജി തന്നിൽ നിലനിൽക്കുന്നു എന്നാണ് ഏറ്റവുമൊടുവിൽ മോഹൻലാൽ തൻ്റെ ബ്ലോഗിലൂടെ പറഞ്ഞത്.

മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മോഹൻലാലിനു ലഭിച്ച പോസിറ്റീവ് എനർജി എന്താണെന്നറിയില്ല, എന്നാൽ ഇതേ എനർജിയുടെ തത്ഫലമായി കഴിഞ്ഞ 
നാലര വർഷമായി ഇന്ത്യൻ ജനാധിപത്യം അന്ത്യശ്വാസം വലിക്കുകയാണ്. മതേതരത്വത്തിൻ്റെ കാര്യം എടുത്തു പറയേണ്ടതില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും ആയിരിക്കെ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഓരോ തവണയും ജനതയുടെ മേൽ അധീശത്വപരമായ സമീപനം കൈകൊള്ളുമ്പോൾ അവിടങ്ങളിലെ ജനങ്ങളുടെ നിലവിളികളോട് മൗനം പാലിച്ചു പോന്നിരുന്ന, സംഘപരിവാർ ഭരണകാലത്ത് രാജ്യത്ത് നടന്ന ഫാസിസ്റ്റ് നയങ്ങളിൽ എല്ലാം മറുപടി പറയാതെ മറുവശത്ത് സെൽഫി എടുത്ത് നടക്കുന്ന മോദിയെ കുറിച്ച് മോഹൻലാൽ തൻ്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് അയാൾ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ Patient Listener ആണ് നരേന്ദ്രമോദി എന്നാണ്.

ഏറ്റവുമൊടുവിൽ ഫ്ലൈറ്റിൽ തൻ്റെ ഒപ്പം യാത്ര ചെയ്തിരുന്ന യുവാവിൻ്റെ ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്. ലാലേട്ടൻ ഒരു ബി ജെ പി അനുഭാവി ആണോ ? എന്ന ചോദ്യത്തോട്

അദ്ദേഹം നൽകിയ മറുപടി ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം ആയാലെന്തു ആയില്ലെങ്കില്ലെന്ത്, എന്നാണ്.

ഇങ്ങനെയൊക്കെ നിരന്തരം അഭിപ്രായങ്ങൾ പറയുന്ന, കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ തന്നെ കേരള സർക്കാർ പത്മഭൂഷണ് ശുപാർശ ചെയ്തിരുന്ന ഒരാൾക്ക് ഇപ്പോൾ തിരഞ്ഞെടുക്കപ്പെടുമ്പോൾ അതിലും ഒരു പോസിറ്റീവ് എനർജിയുടെ ഫലം ഫീൽ ചെയ്യുന്നതിൽ ആരെങ്കിലും ചിരിച്ചാൽ, ഒന്നു ട്രോളിയാൽ തെറ്റുപറയാനാകില്ല.

കാരണം മോഹൻലാൽ ഉൾപ്പെടുന്ന ഈ സമൂഹത്തിൽ വലിയ വിഭാഗത്തിന് രാഷ്ട്രീയ പ്രബുദ്ധത അൽപം കൂടുതലായി പോയി…

കുറഞ്ഞു വരുന്നത് മനുഷ്യരുടെ എണ്ണമാണ് ..

ഈ ഭാരത രത്നം സംഗീതത്തിന്റെ സുന്ദരമായ ഓർമ്മപ്പെടുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here