Wednesday, January 19

ചവിട്ടുനാടകത്തില്‍നിന്നും അഭ്രപാളിയിലെക്കെത്തിയ മോളി കണ്ണമാലി; സി ടി തങ്കച്ചന്‍

ഒരു ദിവസം ഞാനും എന്റെ കൂടെ ജോലി ചെയ്തിരുന്ന വീഡിയോഗ്രാഫറും കൂടിചെല്ലാനത്ത് പോയി ബൈക്കിൽതിരിച്ചു വരികയാണ് പെട്ടെന്ന് ഞങ്ങളുടെ മുന്നിൽ പോയിരുന്ന ബസ് പൊടുന്നനെ നിന്നു. ബൈക്കോടിച്ചിരുന്ന വിഡിയോഗ്രാഫർ നിർത്തിയിട്ടിരുന്ന ബസ്സിനെ ഓവർ ടേക്ക് ചെയ്യുമ്പോൾ അപ്രതീക്ഷിതമായാണ് ആ അപകടം നടന്നത്.
ബസ്സിൽ നിന്നിറങ്ങി മുൻ പിൻ നോക്കാതെ ചാട്ടുളി പോലെ തൊട്ടടുത്ത ചെറിയ കടവ് പള്ളിയിലേക്ക് ഓടിയ ഒരു സ്ത്രീയാണ് മുന്നിൽ.. ബൈക്കോടിച്ചിരുന്ന പയ്യൻ ബ്രേക്ക് ചവിട്ടിയെങ്കിലും അതു സംഭവിക്കുക തന്നെ ചെയ്തു.
വെട്ടിയിട്ട വാഴത്തടി പോലെ അവർ മലർന്നു വീണു. ബൈക്ക് ചെറുതായി ഒന്നു മുട്ടിയതേയുള്ളുവെന്ന് എനിക്കു തോന്നി. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഓടി അവരുടെ അടുത്തുചെന്നു.ബോധമില്ലാതെ കിടക്കുകയാണ് ആ സാധു സ്ത്രീ. ഞാനവരെ റോഡിൽ നിന്ന് പൊക്കിയെടുത്തു. ഒരു കോഴിക്കുഞ്ഞിന്റെ ഘനം പോലുമില്ല…..അതു വഴി വന്ന ഓട്ടോറിക്ഷയിൽ അവരെ കയറ്റി തൊട്ടടുത്ത ആശുപത്രിയിലേക്ക് പായുമ്പോൾ ഭീതിയോടെ ഞാനവരുടെ മുഖത്തേക്കൊന്നു പാളി നോക്കി എവിടയോ കണ്ടു മറന്ന മുഖം’ ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി എനിക്കാളെ മനസ്സിലായി ചവിട്ടുനാടക നടി മോളി കണ്ണമാലി .

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പരമ്പരാഗത കലാരൂപമാണ് ചവാട്ടു നാടകം പതിനഞ്ചാം നൂറ്റാണ്ടിൽ കൊച്ചിയിലെത്തിയ പോർച്ചുഗീസുകാർ തദ്ദേശീയർക്ക് സമ്മാനിച്ച കലാരുപമാണ് ചവിട്ടുനാടകം…. എന്റെ ചെറുപ്പത്തിൽ തമിഴ് ഭാഷയിലാണ് ചവിട്ടുനാടകം അരങ്ങേറിയിരുന്നത്. പള്ളിപ്പെരുന്നാളിനും, കുരിശുപുരയിലെ. വാർഷികത്തിനുമാണ് ചവിട്ടുനാടകങ്ങൾ അരങ്ങിലെത്തിയിരുന്നത്. കുരിശുയുദ്ധകാലത്തെ ചരിത്രവും ക്രിസ്ത്യൻ രാജാക്കൻമാരും തുർക്കിയുമായുള്ള യുദ്ധവുമാണ് അന്നത്തെ നാടകങ്ങളുടെ ഇതിവൃത്തം. നടൻമാർ തന്നെ പാടി അഭിനയിക്കന്നതാണ് ചവിട്ടുനാടകത്തിന്റെ പ്രത്യേക ത. ക്ലാർനെറ്റും സൈഡ്രമ്മുമാണ് പശ്ചാത്തല സംഗീതത്തിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങൾ. സംഗീതവുമായ് പുലബന്ധമില്ലാത്തവരാണ് നടൻമാർ എങ്കിലും അവർ പാടുന്ന വായ്പ്പാട്ടിലൂടെയാണ് നാടകം കാണികളുമായ് സംവദിക്കുന്നത്. ചിന്നത്തമ്പി അണ്ണാവി എന്ന തമിഴ് നാട്ടുകാരനാണ് കേരളത്തിലെത്തി തീരദേശ ലത്തീൽ ജനതയെ ചവിട്ടുനാടകം പരിശീലിപ്പിച്ചതെന്നാണ് ചരിത്രം. അതാണ് ചവിട്ടുനാടകത്തിന്റെ തമിഴ് പാരമ്പര്യത്തിന്റെ അടിസ്ഥാനം .ഈയടുത്ത കാലം വരെ തമിഴിൽ മാത്രമായിരുന്നു നാടകം അവതരിപ്പിച്ചിരുന്നത്.പിന്നീട് ആലപ്പുഴ കൃപാസനം എന്ന സംഘമാണ് മലയാള ചവിട്ടുനാടകം അവതരിപ്പിച്ച് തമിഴ് പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്ഥമാ നാടകം അവതരിപ്പിച്ചത്.പിന്നീട് നടൻമാർ രംഗത്തെത്തി പാടുന്നതിനു പകരം പശ്ചാത്തല സംഗീതവും പാട്ടും റെക്കോർ ചെയ്ത് അവതരിപ്പിച്ചു കൊണ്ട് ഗോതുരുത്തിലെ തമ്പി ആശാന്റെ നേതൃത്വത്തിലുള്ള സംഘം ചവിട്ടുനാടകത്തെ അടിമുടി പരിഷ്കരിച്ചു. ഒരു നാടകം എന്ന് ചെറുപ്പത്തിൽ രണ്ടു ദിവസങ്ങൾ കൊണ്ടാണ് അവതരിപ്പിച്ചിരുന്നത്. രാത്രി 9 മണിക്ക് ആരംഭിക്കുന്ന നാടകം പുലർച്ചെ അറുമണിയോടെ അവസാനിക്കും .അടുത്ത ദിവസമായിരിക്കും ബാക്കി അവതരണം.എന്നാൽ ഇപ്പോൾ ചവിട്ടുനാടകം രണ്ടര മണിക്കൂറാക്കി ചുരുക്കിയാണ് അവതരിപ്പിക്കുന്നത്. പ്രാചീന കാലത്ത് പുരുഷൻമാരാണ് നാടകത്തിൽ സ്ത്രീ വേഷം കെട്ടിയിരുന്നത്. അപൂർവ്വമായണ് സ്ത്രീകൾ ചവിട്ടുനാടകത്തിൽ വേഷമിട്ടിരുന്നത്. എന്നാൽ ചവിട്ടുനാടകത്തിനു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നടിയായിരുന്നു മോളി കണ്ണമാലി .മോളി അഭിനയിച്ച നാടകങ്ങൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ആ മോളിയാണ് ഞങ്ങളുടെ ബൈക്കിൻ മുന്നിൽ ചാടിയത്. കാട്ടിപ്പറമ്പും മാനാശ്ശേരിയും പിന്നിട്ട് ഒട്ടോ ആശുപത്രിയിലേക്ക് കുതിക്കുകയാണ്..
മുണ്ടംവേലിയിലെ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ അവർ കണ്ണു തുറന്നു.
പതുക്കെഎന്നോടു ചോദിച്ചു.
” ഞാൻ ചത്തില്ലേ “?
ആ ചോദ്യം കേട്ട് ഞാൻ ചിരിച്ചു.
ഞാൻ പറഞ്ഞു.
“മോളി ഇപ്പഴൊന്നും ചാകില്ല”
“അപ്പ തനിക്കെന്ന അറിയാമാ?
” അറിയാം “ഞാൻ പറഞ്ഞു.
“മോളി അഭിനയിച്ച രണ്ടു നാടകം ഞാൻ കണ്ടിട്ടുണ്ട്
ജനോവയും കാറൽസ്മാനും “എന്റെ നാടകവർത്തമാനം കേട്ടതോടെ മോളി തെളിഞ്ഞു….

Read Also  ജോർജ്ജ് ജോൺ ഒരു ഓർമ്മക്കുറിപ്പ്

ഞങ്ങൾ ആശുപത്രിയിലെത്തി. ഡോക്ടർ വന്നു പരിശോധിച്ചു. കാലിലിത്തിരി പരിക്കൊണ്ട് വേറെ കുഴപ്പമൊന്നുമില്ല.
സംഭവം അറിഞ്ഞ് മോളിയുടെ മകനെത്തി.. ഇതിനിടെ ആശുപത്രിയിലെ ബില്ല് ഞാൻ അടച്ചിരുന്നു.
മകനോട് ഞാൻ ചോദിച്ചു.
“എന്തു വേണം കേസാക്കണോ? അതോ ഞാൻ ആശുപത്രിയിലെ കാശു കൊടുത്താൽ മതിയോ ”
“ചേട്ടൻ ടിവി യിൽ ന്യൂസ് കൊടുക്കുന്ന ആളല്ലേചേട്ടനെ എനിക്കറിയാം എന്താച്ചാ ചേട്ടൻ ചെയ്താ മതി”
നാളെ പോകാം ആശുപത്രിയിലെ മുഴുവൻ കാശും ഞാൻ കൊടുക്കാം പേരെ ”
” മതി” അവൻ പറഞ്ഞു.
ഞാനെന്റെ ഫോൺ നമ്പർ അവനു കൊടുത്തു.
“എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം”
“ഓ ” അവൻ പറഞ്ഞു.
പിറ്റേന്ന് മോളിയെ ഡിസ്ചാർജ്ജ് ചെയ്തു. ബില്ലടച്ചു. ഒരോട്ടോറിക്ഷയിൽ ഞാനവരെ യാത്രയാക്കി.
അടുത്ത ദിവസം മോളിയുടെ വീടന്വേഷിച്ചു ഞാൻ പുത്തൻതോട്ടിലെത്തി…. വീടെന്ന് പറയാൻ ഒന്നുമില്ല ഒരൊറ്റ മുറിപ്പെര.ഉപ്പുകാറ്റേറ്റ് ചുവരെല്ലാം അടർന്ന് ഇഷ്ടികയെല്ലാം തെളളി നിൽക്കുന്ന ചുവർ . പട്ടികയെല്ലാം ജീർണ്ണിച്ച് ചോർന്നൊലിക്കുന്ന മേൽൽക്കൂര..
അന്ന് കൂലിപ്പണിക്കു പോവുകയാണ്. ആ ചവിട്ടുനാടകനടി.
ചാനലിന്റെ ഓഫീസിൽ നിന്നു കൊണ്ടുവന്ന കുറച്ചു രൂപ ഞാൻ മോളിയുടെ ഇളയ മകനെ ഏൽപ്പിച്ചു. തിരിച്ചു പോന്നു. പോരുമ്പോൾ, കേരള സംഗീത നാടക അക്കാദി അവാർഡു നൽകി ആദരിച്ച മോളി കണ്ണമാലിയുടെ ജീർണ്ണിച്ച് നിലംപൊത്താറായ വീടായിരുന്നു മനസ്സിൽ…

ഒരു ദിവസം എന്റെ സുഹൃത്തും കഥാകാരനുമായ പി.എഫ്. മാത്യൂസ് എന്നെ വിളിച്ചു. തീര ജീവിതത്തെക്കുറിച്ച് ഒരു പുസ്തം എഴുതുന്നു. കുറച്ചു തീരദേശ വാസികളുടെ ജീവിതത്തെഅടുത്തറിയാൻ അവസരമൊരുക്കണമെന്നു പറഞ്ഞു. നമുക്കു ശരിയാക്കാമെന്നു ഞാൻ മത്തായി യോടു പറഞ്ഞു.
അടുത്തയാഴ്ച്ച പി എഫ് മാത്യൂസും സസുഹൃത്ത്  കിരണുമെത്തി. ഞാനവരെ മോളിയുടെ വീട്ടിലേക്ക് കൊണ്ടുപോയി.അങ്ങനെ മോളിയുടെ ജീവിതം തീര ജീവിതത്തിന് ഒരൊപ്പിസ്‌.എന്ന പേരിൽ പി ഫ് മാത്യൂസ് എഴുതിയ പുസ്തകത്തിൽ അടയാളപ്പെടുത്തപ്പെട്ടു.

അതിനു ശേഷമാണ് മോളി അൻവർ റഷീദിന്റെ ഒരു സിനിമയിൽ ഒരു വേലക്കാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.രഞ്ഞ്ജിത്തിന്റെ കേരള കഫേ എന്ന ചലച്ചിത്ര പരമ്പരയിലെ ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി മോളി അഭിനയിക്കുന്നത്. ചവിട്ടുനാടകത്തിൽ മോളിയുടെ അഭിനയം കണ്ടിരുന്ന നാടക സംവിധായകൻ സി. ഗോപനാണ് ബ്രിഡ്ജ് എന്ന സിനിമയിലേക്ക് മോളിയെ ശുപാർശ ചെയ്യുന്നത്. സ്വാഭാവികമായ അഭിനയ മികവുകൊണ്ട് ആദ്യ ചിത്രത്തിൽ തന്നെ മോളി ശ്രദ്ധിക്കപ്പെട്ടു. ചവിട്ടുനാടകമില്ലാത്ത കാലങ്ങളിൽ മോളി കെട്ടിട നിർമ്മാണവുമായ് ബന്ധപ്പെട്ട് കൂലിപ്പണിക്കു പോകുമായിരുന്നു.അങ്ങനെ ഇരിക്കെയാണ് മലയാളത്തിലെ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ബ്രിഡ്ജിലെ മോളിയുടെ അഭിനയം കാണുന്നത്. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നു സത്യൻ അന്തിക്കാട്. തന്റെ സിനിമയിലെ അമ്മായി എന്ന കഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ തേടുന്നതിനിടയിലാണ് സത്യന്റെ ശ്രദ്ധ മോളിയിൽ പതിയുന്നത്. സത്യൻ കണ്ണമാലിയിലേക്ക് ഒരാളെ വിട്ട് ആലപ്പുഴയിലെ സിനിമ ലൊക്കേഷനിലേക്ക് മോളിയെ വിളിപ്പിച്ചു.
മകന്റെയടുത്തു നിന്നും നൂറു രൂപ കടം മേടിച്ചാണ്
സത്യൻ അന്തിക്കാടിന്റെ സെറ്റിൽ മോളിയെത്തുന്നത്.പുതിയ തീരം എന്ന ചിത്രമായിരുന്നു സത്യൻ സംവിധാനം ചെയ്യുന്നത്. ലൊക്കേഷനിലെത്തിയ സത്യൻ മോളിയെ വന്നു പരിചയപ്പെട്ടു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും മോളിയോട് സംസാരിച്ചു. അതൊന്നും അത്ര കാര്യമല്ല എന്ന മട്ടിൽ മോളി സത്യനോട് പറഞ്ഞു. ” നിങ്ങ പറയുന്നതുപോലെ ഞാൻ അഭിനയിക്കാം പക്ഷെ ഒരു കണ്ടിഷനൊണ്ട്. ”
“എന്താണ് മോളിയുടെ കണ്ടിഷൻ”
സത്യൻ ചോദിച്ചു.
“ഞാനെയ് മകന്റെ കയ്യീന്ന് നൂറു രൂപ കടം മേടിച്ചാണ് ഇവിടെ ആലപ്പുഴയിലെത്തിയിരിക്കണത്. അഭിനയം കഴിഞ്ഞു പോകുമ്പ ആ നുറു രൂപേം കണ്ണമാലിയിലേക്കുള്ള ബസ്കൂലായും തരണം അല്ലാതെ അഭിനയം കഴിഞ്ഞു പോക നിങ്ങ എന്ന പറ്റിക്കരുത്.
മോളിയുടെ നിഷ്കളങ്കമായ ഈ സംസാരം കേട്ട് സെറ്റിലുണ്ടായിരുന്നവർ പൊട്ടിച്ചിരിച്ചു. അത് മോളിയെ കൂടുതൽ പ്രകോപിപ്പിച്ചു. “നിങ്ങ ചിരിക്കണ്ട സമ്മതമല്ലങ്കി വേണ്ട എന്റെ വണ്ടിക്കാശു തന്നേക്ക് ഞാൻ പോണേണ്” മോളിയുടെ സംസാരം കേട്ടു നിന്ന സത്യൻ അന്തിക്കാട് മോളിയുടെ കണ്ടീഷൻ അംഗീകരിച്ചു അങ്ങനെയാണ് പുതിയ തീരം എന്ന ചിത്രത്തിൽ മോളി
അഭിനയിക്കുന്നത് .

Read Also  ടി ആറും ഗുന്തര്‍ഗ്രാസും പിന്നെ ഞാനും: പ്രമുഖ കഥാകൃത്ത് ടി രാമചന്ദ്രനെ കുറിച്ച് സിടി തങ്കച്ചന്‍

ഒരു ദിവസംഎന്റെ പ്രിയ സുഹൃത്ത്
സി ഡി തോമസിനോട് ഞാൻ മോളിയെക്കുറിച്ചു പറഞ്ഞു. അവരുടെ വീടിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ചും.
“നമുക്കൊരു ദിവസം അവിടെപ്പോകാം.” സി.ഡി. പറഞ്ഞു
അങ്ങനെ ഞങ്ങളൊരുമിച്ച് മോളിയെ കണ്ടു.
തിരിച്ചു പോരുന്ന വഴി തോമസ് പറഞ്ഞു. “നമുക്ക് ഇവർക്കൊരു വീടുവെച്ചു കൊടുക്കണം. “ഞാനും പറഞ്ഞു
“നമുക്ക് എന്തെങ്കിലും ചെയ്യണം”

പിന്നീട് ഞങ്ങൾ പരിചയപ്പെട്ട ഒരു നെതർലന്റ്കാരിയെക്കൊണ്ട് മോളിക്കൊരു വീടു വെച്ചു നൽകാൻ സി.ഡി.തോമസ് അശ്രാന്ത പരിശ്രമം നടത്തിയെങ്കിലും നടന്നില്ല. ആയിടക്കാണ് പ്രൊഫസർ കെ.വി.തോമസ് കേന്ദ്ര മന്ത്രിയാവുന്നത്… മാഷ് നാട്ടിലുണ്ടാകുന്ന ചില ദിവസങ്ങളിൽ എന്നെയും സി.ഡി.യേയും മാഷ് വിളിക്കും.
ഞങ്ങൾ മാഷുമൊത്ത് രാഷ്ട്രീയവും മറ്റ് ആനുകാലിക സംഭവങ്ങളും സംസാരിക്കും…. ഒരു ദിവസം മോളിയുടെ വീടിന്റെ കാര്യം മാഷിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം എന്നു ഞങ്ങൾ തീരുമാനിച്ചു.അതു നടന്നു. ഞാനും സിഡിയും കൂടി മാഷിന്റെ മുന്നിൽ വിഷയം അവതരിപ്പിച്ചു. ഞങ്ങളെ അൽഭുതപ്പെടുത്തിക്കൊണ്ടു മാഷുപറഞ്ഞു
“നാളെ നമുക്ക് മോളിയുടെ വീട്ടിൽ പോകാം ആരോടും പറയണ്ട..
നമുക്ക് മോളിക്കൊരു വീടുവെച്ചു കൊടുക്കാം നാളെ നിങ്ങൾ രണ്ടു പേരും രാവിലെ എത്തണം.”
പിറ്റേന്ന് ഞങ്ങൾ കേന്ദ്ര മന്ത്രിയുമായ് മോളിയുടെ വീട്ടിലെത്തി അവർക്ക് ഒരു വീട് നിർമ്മിച്ചു നൽകാമെന്ന് മാഷ് വാക്കു പറഞ്ഞു. അടുത്ത ദിവസം രാവിലെ ഡൽഹിക്ക് പോകുമ്പോൾ പ്ലാനും എസ്റ്റിമേറ്റും നൽകണമെന്ന് മാഷുപറഞ്ഞു. ഒരു ദിവസം കൊണ്ട് പ്ലാൻ വരച്ച് 8 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തെയ്യാറാക്കണം അത് നടക്കില്ലെന്ന് ഞാൻ തോമയോട് പറഞ്ഞു.
നടത്തുമെന്ന് തോമ എന്നോട് പറഞ്ഞു. അതാണ് സി.ഡി.തോമസ് .നമുക്ക് അസാദ്ധ്യമെന്നു തോന്നുന്നത്.സാധിച്ചെടുക്കുന്ന മനുഷ്യൻ.തോമായുടെ സുഹൃത്തായ എഞ്ചിനീയർ ജിജിയെ വിളിച്ചു. ഒരു ദിവസം കൊണ്ട് പ്ലാനും എസ്റ്റിമേറ്റും ആവശ്യപ്പെട്ടു.ജിജി ഉറക്കമൊഴിച്ചിരുന്ന് എല്ലാം തെയ്യാറാക്കി.

രാവിലെ പ്ലാനും എസ്റ്റിമേറ്റും മാഷിനു കൊടുത്തു. അങ്ങനെയാണ് മോളിക്ക് പ്രൊഫസർ കെ.വി.തോമസ് ഒരു വീട് വെച്ചു നൽകിയത്.
മുഖ്യമന്ത്രി വീടിന്റെ താക്കോൽ മോളിക്കു കൈമാറി. അതൊക്കെ ചരിത്രം… പക്ഷെ ഈ വീട് യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ ചാടിക്കടന്ന കടമ്പകൾ ഒട്ടനവധിയാണ് അതേ കൂറിച്ച് പിന്നീടു പറയാം….

 

സ്റ്റെല്ല രാജയും ‘അമ്മ അറിയാന്‍’ കാലത്തെ കഞ്ഞിവെപ്പും: സിടി തങ്കച്ചന്‍…

ഉമ്പായി, കൊച്ചിയുടെ പാട്ടുകാരന്‍… 

ചിന്ത രവിയും സഞ്ചാരസാഹിത്യവും സമാന്തരസിനിമയും… 

 

Spread the love