Sunday, January 16

രൂപയുടെ മൂല്യശോഷണം: ആടിയുലയുന്ന സമ്പദ്ഘടനയും മോദി സര്‍ക്കാരിന്റെ അനാസ്ഥയും

ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താണനിലയിലേക്ക് വന്നത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഇന്നലെ ഡോളറിന് 69 രൂപ എന്ന നിലയിലേക്ക് ഇന്ത്യന്‍ നാണ്യത്തിന്റെ മൂല്യം ഇടിഞ്ഞിരുന്നു. വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യന്‍ കമ്പോളത്തില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചതാണ് ഇപ്പോള്‍ രൂപയുടെ മൂല്യമിടിയാനുണ്ടായ പ്രധാന കാരങ്ങളിലൊന്ന്. ഏപ്രില്‍ ഒന്നിനും ജൂണ്‍ നാലിനുമിടയില്‍ 6.7 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കമ്പോളത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തിന്റെ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ മൊത്തം വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിബന്ധമായി തീരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കൂടാതെ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള യന്ത്രസാമഗ്രകളുടെ ഇറക്കുമതിയെയും രൂപയുടെ മൂല്യശോഷണം പ്രതികൂലമായി ബാധിക്കും.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ രൂപയുടെ മൂല്യശോഷണമായിരുന്നു ബിജെപി ഉയര്‍ത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലൊന്ന്. അന്ന് രൂപയുടെ മൂല്യം ഡോളറിന് 56നും 62നുമിടയില്‍ തത്തിക്കളിക്കുകയായിരുന്നു. രൂപയുടെ മൂല്യം പിടിച്ചുനിറുത്തുന്നതില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഉയര്‍ത്തിയ പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്.
ഇപ്പോള്‍ രൂപയുടെ മൂല്യശോഷണം സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുന്നത് സമ്പദ്ഘടനയെ ആകെ തന്നെ പിടിച്ചുലയ്ക്കും. ഇന്ധന ഇറക്കുമതി ചിലവ് വര്‍ദ്ധിക്കുന്നത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകും. നോട്ട് നിരോധനം പോലെയുള്ള സര്‍ക്കാരിന്റെ തീരെ അവധാനതയില്ലാത്ത സാമ്പത്തികനയങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന സാധാരണക്കാരെ കൂടുതല്‍ ദുരതത്തിലേക്ക് തള്ളിവിടാന്‍ ഇതിടയാക്കുമെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതോടൊപ്പം സാധാരണക്കാരന്റെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന മറ്റ് ചില ഘടകങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം മൂലം അസംഘടിത മേഖലയില്‍ വലിയ രീതിയില്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ നാല് വര്‍ഷത്തെ മോദി ഭരണക്കാലത്ത് ഏറ്റവും കുറച്ച് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയുടെ ജനസംഖ്യാവര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാര്‍ഷീകമേഖലയാണ് ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ കാര്‍ഷീക മേഖല നേരിടുന്ന പ്രതിസന്ധിയും മുരടിപ്പും തൊഴിലവസരസൃഷ്ടിയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറ്റവും താണ വളര്‍ച്ച നിരക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടായത്. മൊത്തം ആഭ്യന്തര ഉല്‍പാദനം 6.5 ശതമാനം മാത്രമാണ് വളര്‍ന്നത്.
രാജ്യത്തെ വാണീജ്യബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കുന്നതാണ് സമ്പദ്ഘടന നേരിടുന്ന മറ്റൊരു ഭീഷണി. വാണീജ്യബാങ്കുകളുടെ പ്രവര്‍ത്തനരഹിത ആസ്തികള്‍ 2018 മാര്‍ച്ചിലെ 11.6 ശതമാനത്തില്‍ നിന്നും 2019 മാര്‍ച്ചില്‍ 12.2 ശതമാനമായി വര്‍ദ്ധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയാണ് വികസനരംഗത്ത് ഈ പ്രതിസന്ധികള്‍ക്കെല്ലാം കാരണമെന്ന് സ്‌ക്രോള്‍.ഇന്നില്‍ ഷൊഹൈബ് ഡാനിയല്‍ എഴുതുന്നു. സാമ്പത്തിക വികസനം വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന്റെ ശ്രദ്ധ വ്യതിചലിച്ചു. പൂര്‍ണ സമയ ധനമന്ത്രിയും മുഖ്യ സ്റ്റാറ്റീഷ്യനും ഇല്ലാതെയാണ് ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ രാജ്യ പ്രഖ്യാപിച്ച മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യം തന്നെ വിട്ടുപോകാനുള്ള തീരുമാനത്തിലാണ്. സാമ്പത്തികരംഗത്തിന് ഉത്തേജനം നല്‍കാന്‍ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരിന് ഒട്ടും അഭിമാനകരമായ സ്ഥിതിവിശേഷമല്ല നിലനില്‍ക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.
സാമ്പത്തികരംഗം ലക്ഷ്യബോധമില്ലാതെ മുന്നോട്ട് പോകുമ്പോഴും അതിനെ കൂടുതല്‍ പരിക്കേല്‍പ്പിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിറുത്തലാക്കുകയോ ചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ ഇന്ധന വിതരണക്കാരാണ് ഇറാന്‍.
2019ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാമ്പത്തികരംഗത്തെ അതിന്റെ പാട്ടിന് വിട്ടിട്ട് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വേണം അനുമാനിക്കാന്‍. ഇന്ത്യന്‍ സാമ്പത്തികരംഗം വെറും ഭാഗ്യത്തിന്റെ പുറത്തുമാത്രമാണ് പിടിച്ച് നില്‍ക്കുന്നതെന്ന് ജെപി മോര്‍ഗനിലെ ജഹാംഗിര്‍ അസീസ് ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇന്ധനവില കുറഞ്ഞുനിന്ന കാലത്ത് രാജ്യം വലിയ കുഴപ്പമില്ലാതെ നീങ്ങി. എന്നാല്‍ ഇന്ധനവിലയിലുണ്ടാവുന്ന ആഗോളവര്‍ദ്ധന ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കാനാണ് സാധ്യത. അതോടൊപ്പം ഇറാനെതിരെ അമേരിക്ക കര്‍ക്കശ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ആഗോളവിപണയില്‍ ഇന്ധനവില ഇനിയും കുതിച്ചുയരും. ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തോട് കാട്ടുന്ന അനാസ്ഥ കൂടി കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാരെ വന്‍ദുരിതത്തിലേക്ക് തള്ളിവിടുന്ന ഭാവികാലമാണ് മുന്നില്‍ കാണാന്‍ സാധിക്കുന്നത്.

Spread the love
Read Also  കർഷക സമരം ശക്തമാവുന്നു; 22 ട്രെയിനുകൾ റദ്ദാക്കി, 24 എണ്ണം വഴി തിരിച്ചുവിട്ടു

Leave a Reply