Monday, January 17

കന്നുകാലിയുടെ ലിംഗനിർണയം നിയമവിധേയമാക്കി; വിദേശ വിത്തുകൾ 75 ശതമാനം വരെ ആവാമെന്നും നിർദ്ദേശം

കന്നുകാലികളുടെ ലിംഗനിർണയം തിരഞ്ഞെടുക്കാനുള്ള കന്നുകാലി പ്രജനന നിയമം നടപ്പിലായി. ഇത് പ്രകാരം കർഷകർക്ക് കന്നുകാലികളിൽ ആൺ ബീജം വേണമെങ്കിൽ ആൺ ബീജവും പെണ്ണാണ് വേണ്ടതെങ്കിൽ പെൺബീജവും ആവശ്യാനുസരണം നൽകണമെന്ന് പുതിയ നയം നിർദേശിക്കുന്നു. പുതിയ തലമുറ വിത്തുകാളകളെ ഉത്പാദിപ്പിക്കാൻ ഭ്രൂണമാറ്റം, ഇൻവിട്രോ ഫെർട്ടിലൈസേഷൻ എന്നിവയും ഉപയോഗപ്പെടുത്തണം. പശുക്കിടാങ്ങളെ മാത്രം ലഭിക്കുന്നതിന് കർഷകർ ആവശ്യപ്പെട്ടാൽ സബ്‌സിഡി നിരക്കിൽ അത് ലഭ്യമാക്കണമെന്നും നയം പറയുന്നു. വിദേശങ്ങളിൽ നിലവിലുള്ള ആധുനിക പ്രജനന സമ്പ്രദായങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം വിത്തുകാളകളെ തിരഞ്ഞെടുക്കാൻ തന്മാത്രാ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നു. കന്നുകാലി നൂതന പ്രജനനപദ്ധതിക്കായി ഗവേഷണപദ്ധതികൾ നടപ്പാക്കാനും നിർദേശമുണ്ട്.

ചെറുകിട ക്ഷീരകർഷകരുടെ കാലിസമ്പത്തിൽ വിദേശപാരമ്പര്യം അമ്പത് ശതമാനമായി നിലനിർത്തണമെന്നു പറയുന്ന പ്രജനനനയം സമ്പന്നകർഷകർക്കും വ്യാവസായികസ്ഥാപനത്തിനും ഡെയറിഫാമുകൾ നടത്തുന്നവർക്കും വിദേശവിത്തുകളുടെ പാരമ്പര്യം 75 ശതമാനംവരെയാകാം എന്നും പറയുന്നു. സംസ്ഥാനത്തെ കന്നുകാലിപ്രജനനപരിപാടികൾക്ക് കേരള കന്നുകാലി വികസന ബോർഡ് ലഭ്യമാക്കുന്ന ബീജം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ജഴ്‌സി, എച്ച്.എഫ്. വിത്തുകാളകൾ എന്നിവയെയും സന്തതിപരിശോധനാ പദ്ധതിയിൽ ഉൾപ്പെടുത്തണം.

നിലവിൽ കൃത്രിമബീജാധാന പദ്ധതിയിലേർപ്പെട്ടിരിക്കുന്ന എല്ലാ സാങ്കേതികവിദഗ്ധരും സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം. മലബാറി ആടുകളെ അതിന്റെ തനിമയിൽത്തന്നെ തിരഞ്ഞെടുക്കുന്ന പദ്ധതി തുടരുന്നതോടൊപ്പം മലബാറി ആടുകളിൽ കൃത്രിമബീജാധാനം നടത്താനുള്ള സംവിധാനം സംസ്ഥാനത്താകമാനം കൊണ്ടുവരണം, അട്ടപ്പാടി കരിയാടുകളുടെ സംരക്ഷണപദ്ധതി വിപുലീകരിക്കണം എന്നീ നിർദ്ദേശങ്ങളും പ്രജനന നിയമത്തിലുണ്ട്. കാലിത്തീറ്റ, തീറ്റപ്പുൽനയം എന്നിവ രൂപവത്കരിക്കാൻ പ്രത്യേക വിദഗ്ധസമിതിയെ ഉണ്ടാക്കും. കാലിത്തീറ്റകളുടെ ഗുണനിലവാരത്തിന് പ്രത്യേക നിയമനിർമാണം വേണമെന്നും സംസ്ഥാനത്തൊട്ടാകെ കന്നുകാലികളുടെ ആരോഗ്യസംരക്ഷണത്തിന് മെഡി ക്ലെയിം ഇൻഷുറൻസ് പദ്ധതി നടപ്പാകാണാമെന്നും നയത്തിൽ പറയുന്നു.

അതെ സമയം വിദേശ വിത്തുകൾ 75 ശതമാനത്തിൽ അധികം ഉപയോഗിക്കുന്നത് നാടൻ ഇനങ്ങളെ പൂർണ്ണമായും ഇല്ലായ്‌മ ചെയ്യുമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്.

Spread the love
Read Also  കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു ആട്ടിൻപാലാണോ പശുവിൻ പാലാണോ നല്ലത്?

Leave a Reply