Monday, January 17

മോര്‍ച്ചറി വാന്‍ നിഷേധിച്ചു മധ്യപ്രദേശില്‍ പോസ്റ്റുമോര്‍ട്ടത്തിന് അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍

മധ്യപ്രദേശിലെ ടിക്കാംഗഢിലാണ് സംഭവം. മസ്താപൂര്‍ വില്ലേജിലെ താമസക്കാരിയായ കുന്‍വര്‍ഭായ് ബന്‍സ്കറാണ് പാമ്പു കടിയേറ്റ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടു പോകാന്‍ മോര്‍ച്ചറി വാന്‍ ലഭിക്കാന്‍ കുടുംബാംഗങ്ങള്‍ നല്കിയ അപേക്ഷ നിരസിക്കപ്പെട്ടു. മറ്റ് വഴികളില്ലാതെ അവരുടെ മകന്‍ മൃതദേഹം ബൈക്കില്‍ വെച്ചു കെട്ടി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.

വാര്‍ത്ത പ്രചരിച്ചതോടെ കളക്ടര്‍ എസ്.കെ.അഹിര്‍വാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

2016 ആഗസ്റ്റില്‍ ഒറീസയിലെ കാളഹന്ദിയില്‍ ധന മാഞ്ചി എന്ന ആദിവാസി ആംബുലന്‍സ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവുമായി 10 കിലോ മീറ്റര്‍ നടന്ന സംഭവത്തിന് തുല്യമാണിത്. അന്നു മുതല്‍ ഇത്തരം നിരവധി സംഭവങ്ങള്‍ പുറത്തു വരുന്നുമുണ്ട്.

2016 മാര്‍ച്ചില്‍ ഉത്തര്‍ പ്രദേശിലെ ബാരബങ്കിയില്‍ മോര്‍ച്ചറി വാന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ മകനും പെങ്ങളും കൂടി പിതാവിന്‍റെ ശവശരീരം റിക്ഷയില്‍ വലിച്ചുകൊണ്ടുപോയ സംഭവമുണ്ടായി. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആംബുലന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീയുടെ ശരീരം ബന്ധുക്കള്‍ തോളിലേറ്റി പോയതും ആ മാര്‍ച്ചില്‍ തന്നെയായിരുന്നു.

ഒറീസയില്‍ എണ്‍പതു വയസ്സുകാരിയുടെ ശവശരീരം തുണിയില്‍ കെട്ടി കൊണ്ടുപോയത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. ആ ദിവസങ്ങളില്‍ തന്നെയായിരുന്നു ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ വണ്ടി നിഷേധിക്കപ്പെട്ട് ഒരാളുടെ ശവശരീരം കുടുംബാഗങ്ങള്‍ തുണിയില്‍ കെട്ടി കൊണ്ടുപോയത്.

ശവശരീരങ്ങള്‍ക്ക് മാന്യതയും ബഹുമാനവും കൊടുക്കണമെന്ന് ആരോഗ്യവകുപ്പിനോട് എല്ലാ സര്‍ക്കാരുകളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ജാതീയമായും സാമ്പത്തികമായും പാവങ്ങള്‍ക്കുള്ള പരിഗണന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമാനമായി നില നില്ക്കുന്നതിലെ രാഷ്ട്രീയം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

Spread the love