Thursday, January 20

മൃണാൾ സെൻ ; ചലച്ചിത്രങ്ങളിലൂടെ മാനവികത വീണ്ടെടുത്ത കമ്യൂണിസ്റ്റ്

മാനവികതയുടെ രാഷ്ട്രീയ സമരമുഖത്തിരുന്നു നിശബ്ദമായി കലഹിച്ച മനുഷ്യനായിരുന്നു ഇന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തിനു നഷ്ടമായത്. തികഞ്ഞ രാഷ്ട്രീയവിശ്വാസങ്ങൾ പിന്തുടർന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനായിരുന്നു മൃണാൾദാ. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ മാത്രം നിരീക്ഷിക്കുന്ന ഒരു യാഥാസ്ഥിതിക കമ്യൂണിസ്റ്റു വിശ്വാസിയായിരുന്നു മൃണാൾ സെൻ എന്ന പ്രതിഭ. മനുഷ്യൻ നേരിടുന്ന തീഷ്ണമായ വെല്ലുവിളികളാണ് അദ്ദേഹം അഭ്രപാളിയിലേക്ക് പകർത്താൻ ശ്രമിച്ചത്. ലോകസിനിമയിൽ നവതരംഗം സൃഷ്ടിച്ചുകൊണ്ട് സത്യജിത് റേയും ഋത്വിക് ഘട്ടകും ബംഗാളിൽ നിന്നും  ജൈത്രയാത്ര തുടങ്ങിയപ്പോൾ അവരോടൊപ്പം കൂടിയ ആളാണ് മൃണാൾ സെൻ. പക്ഷേ, ഘട്ടക്കും റേയും സഞ്ചരിച്ച പാതയിൽനിന്നും മാറി തീവ്രമായ ചുവപ്പ് ട്രാക്കിലൂടെ നടന്നുനീങ്ങിയ ഒരു ചലച്ചിത്രകാരനായിരുന്നു മൃണാൾ ദാ. അദ്ദേഹം തെരഞ്ഞെടുത്ത വിഷയങ്ങൾ ഇന്ത്യൻ ജീവിത യാഥാർഥ്യങ്ങളുടേതായിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു മൃണാൾ സെൻ. തീഷ്ണമായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ചിത്രങ്ങളിൽ നിഴലിക്കണമെന്നു അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

അദ്ദേഹം ജനിച്ച (1923 മെയ് 23 ) ഫരീദ് പൂര് ടൗൺ ഇന്ന് ബംഗ്ളാദേശിലാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പുതെന്നെ മൃണാൾ സെന്നിന്റെ കുടുംബം കൽക്കത്തയിലേക്ക് കുടിയേറി. അവിടെനിന്നും വിദ്യാഭ്യാസം നേടുന്നതിനിടയിലാണ് മൃണാൾ തിയേറ്റർ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നത്. കൽക്കത്ത സർവ്വകലാശാലയിൽ ഊർജ്ജതന്ത്രത്തിനു ബിരുദാനന്തര ബിരുദത്തിന് ചേരുമ്പോൾ കമ്യൂണിസ്റ്റു ആശയത്തിൽ ആകൃഷ്ടനാകുകയും അതോടൊപ്പം ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ സന്നദ്ധപ്രവർത്തകനാവുകയും ചെയ്തു. ഈ കാലയളവിലാണ് ബംഗാളിൽ കടുത്ത ക്ഷാമം ഉണ്ടാവുകയും അസ്വസ്ഥതകൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തത്. അത് മൃണാളിലെ പോരാളിയെ ഒന്നുകൂടി പ്രകാശമാനമാക്കുകയാണ്‌ ചെയ്തത്. ഈ കാലഘട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഉള്ളിലെ കലാരൂപങ്ങളിലും വാർപ്പ് മാതൃകയിലുള്ള സോഷ്യലിസ്റ്റു ആശയങ്ങൾ കടന്നുവന്നത്. സിനിമ കാണാനുള്ള അവസരങ്ങളും തുറന്നുകിട്ടിയതു ഈ സർവ്വകലാശാലയിലെ പഠന-കലാപ്രവർത്തന കാലഘട്ടത്തിലായിരുന്നു.

               ഫുവൻ ഷോം

മൃണാൾ സെന്നിന്റെ തൊഴിൽജീവിതം ആരംഭിച്ചത് മെഡിക്കൽ റെപ്രസെന്റേറ്റിവിലൂടെയായിരുന്നു. ഈ കാലയളവിൽ സിനിമയുമായുള്ള  ബന്ധം അദ്ദേഹത്തിന് വിച്ഛേദിക്കേണ്ടിവന്നു. പക്ഷെ വളരെ വേഗംതന്നെ അദ്ദേഹത്തിന് ഒരു സ്റ്റുഡിയോയിലെ സാങ്കേതിക വിഭാഗത്തിൽ ജോലി നേടാനായി. ഇതിലൂടെയാണ് ചലച്ചിത്രനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചു സ്വപ്നം കാണാൻ കഴിഞ്ഞത്. 1953 ൽ രാത് ഭോർ (പ്രഭാതം ) എന്ന ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതി. 1955 ൽ ചിത്രം പൂർത്തിയായി. ഋത്വിക് ഘട്ടക്കിന്റെ നാഗരിക് പുറത്തെത്തുന്നത് 1952 ലായിരുന്നു. സത്യജിത് റേയുടെ പഥേർ പാഞ്ചാലി വരുന്നത് 1954 ലായിരുന്നു. പക്ഷെ രാത് ഭോർ തികഞ്ഞ പരാജയമായിരുന്നു. അത് അദ്ദേഹത്തെ നിരാശനാക്കി. തുടർന്നാണ് നീൽ ആകാശർ നീച്ചേ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയ്ക്ക് പ്രാദേശികമായ പുരസ്കാരങ്ങൾ ലഭിച്ചു. മൂന്നാമത്തെ ചിത്രമായ ബെയ്‌ഷെ ശ്രാവണ (1960 ) അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായി. രവീന്ദ്രനാഥ് ടാഗോറിന്റെ ശവസംസ്‌കാരം നടന്ന ദിവസം പുഴയുടെ തീരത്ത് നടന്ന ഒരു കുട്ടിയുടെ മരണമാണ് ഈ ചിത്രത്തിന് പ്രചോദനമായത്. 1961 ൽ നിർമ്മിച്ച പുനാശ്ച അദ്ദേഹത്തിന് പുരസ്കാരങ്ങൾ നേടിക്കൊടുത്ത ചിത്രമായിരുന്നു

Read Also  കെ ആർ ഗൗരി കൊടുങ്കാറ്റായ നിലപാടുകളുടെ ഒരു നൂറ്റാണ്ട്

                കൽക്കത്താ 71

അദ്ദേഹത്തിന്റെ ഫുവാൻ ഷോം (1969) എന്ന ചിത്രത്തിലൂടെയായിരുന്നു ദേശീയതലത്തിൽ മൃണാൾ എന്ന പ്രതിഭയെ ചലച്ചിത്രപ്രേമികൾ തിരിച്ചറിഞ്ഞത്. ഇത് ഏറ്റവും മികച്ച ചിത്രം എന്ന നിലയിൽ ദേശീയ അവാർഡ് കരസ്ഥമാക്കി. മനുഷ്യന്റെ ജീവിത ദുരന്തങ്ങൾ വേണ്ടുവോളം കണ്ടുവളർന്ന ബംഗാളിലെ ദൃശ്യങ്ങൾ അദ്ദേഹത്തെ തികഞ്ഞ ഒരു സോഷ്യലിസ്റ്റാക്കി മാറ്റുകയായിരുന്നു. ഉത്പൽദത്തും സുഹാസിനി മുലയും അഭിനയിച്ച ഫുവാൻ ഷോം ആധുനിക ഇന്ത്യൻ സിനിമയിലെ വഴിത്തിരിവായി കണക്കാക്കുന്നു. ഹോളിവുഡ് ചിത്രങ്ങളുടെ ആഖ്യാനശൈലി സ്വാധീനിച്ചതോടെ അദ്ദേഹം കൂടുതൽ റിയലിസ്റ്റിക്കായി ഇന്ത്യൻ ജനതയുടെ ദുരന്തങ്ങൾ അഭ്രപാളിയിലേക്ക് പകർത്താൻ തുടങ്ങി. ചിത്രത്തിലുടനീളം മനുഷ്യൻ നേരിടുന്ന പ്രതിസന്ധികൾക്ക് കമ്യൂണിസം പരിഹാരമാകുമെന്ന് മൃണാൾ സെൻ വിശ്വസിച്ചു. കാർക്കശ്യക്കാരനായ ഫുവാൻ ഷോം എന്ന റെയിൽവേ ജീവനക്കാരന്റെ കഥ പറഞ്ഞതിലൂടെ ഈ ചിത്രം ഇന്ത്യൻ സിനിമയുടെ യുഗപ്പിറവിയ്ക്ക് തുടക്കം കുറിച്ചതായി ചലച്ചിത്രനിരൂപകർ വാഴ്ത്തി.

അദ്ദേഹത്തിന്റെ കോറസ്, ( 1974 ) മൃഗയ, ( 1976 ) അകാലർ സന്ദാനി (1980 ) കൽക്കത്താ 71 എന്നീ ചിത്രങ്ങളും ദേശീയതലത്തിൽ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. മോസ്‌കോ അന്താരാഷ്ര ചലച്ചിത്രോത്സവം, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കാൻസ് ഫിലിം ഫെസ്റ്റിവൽ, മോന്ററീൽ ഫിലിം ഫെസ്റ്റിവൽ, ചിക്കാഗോ ഫിലിം ഫെസ്റ്റിവൽ, വെനീസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി ചലച്ചിത്രവേദികളിൽ മൃണാൾ ചിത്രങ്ങൾ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

iffk യുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിക്കുന്നു 

ഭാരത സർക്കാർ പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ച മൃണാൾ സെന്നിന് നാല് ഇന്ത്യൻ സർവ്വകലാശാലകൾ ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്. 2005 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മൃണാളിനായിരുന്നു. കേരളത്തിലെ അന്താരാഷ്‌ട്ര ചലച്ചിതോത്സവത്തിൽ ആദ്യമായി സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മൃണാൾ സെന്നിനായിരുന്നു. ആകെ 27 ഫീച്ചർ ഫിലിമുകളും 14 ഹൃസ്വചിത്രങ്ങളും 4 ഡോക്കുമെന്ററികളും മൃണാൾ സെന്നിന്റേതായി ഉണ്ട്.

Spread the love

26 Comments

Leave a Reply