കൂടത്തായി കൊലപാതകസംബന്ധമായ വിവരങ്ങൾ നേരത്തെ ലഭിച്ചതാണെന്ന ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു

തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സര്‍ക്കാരിന്‍റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയുടെ ഭാഗമായാണു ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരേണ്ടതുമാണ്. ഈ കേസ് സംബന്ധിച്ച വസ്തുകളും തെളിവുകളും പൊലീസിന്റെ കയ്യില്‍ എത്തിയിട്ട് മാസങ്ങളായി എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഈ കേസില്‍ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനും പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണ്. കേസില്‍ അറസ്റ്റ് സംബന്ധിച്ച സമയം തെരഞ്ഞെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ആഭ്യന്തരമന്ത്രിയുടേയും പൊലീസ് മേധാവിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് കൂടത്തായികേസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരാനാണ് രാഷ്ട്രീയ തീരുമാനം.

മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നത് കൊണ്ടാണ്. ആചാരവിധിപ്രകാരം ശബരിമലയില്‍ പോയിട്ടുണ്ടെന്നും ആചാരങ്ങള്‍ മാറ്റിമറിക്കുന്നതില്‍ യോജിപ്പില്ലെന്നുമാണ് ശങ്കര്‍റൈ പറഞ്ഞത്. ക്ഷേത്ര ദര്‍ശനം നടത്തി സഹപ്രവര്‍ത്തകര്‍ക്ക് പ്രസാദം വിതരണം ചെയ്ത ശേഷമാണ് സി പി എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി ജെ പി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് ശങ്കര്‍ റൈയാണ്.

ജനങ്ങള്‍ക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങളല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് തെറ്റ്തിരുത്തേണ്ടത്. ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്രതവണ മാപ്പിരന്നാലും മതിയാവില്ല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കോൺഗ്രസ്സിൽ സ്ഥാനാർഥിപ്പോരു രൂക്ഷം ; വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ വേണ്ടെന്ന് നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here