Monday, January 17

ബാലാവകാശ കമ്മീഷൻ ഇടപെട്ടു; ജനപ്രിയ ഗെയിം പബ്‌ജിയ്ക്ക് നിരോധനം

ജനപ്രിയ മൾട്ടി പ്ലെയർ ഗെയിം ആയ പബ്‌ജിയ്ക്ക് നിരോധനമേർപ്പെടുത്തി ഗുജറാത്ത് സർക്കാർ. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. പബ്ജി ഗെയിമിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു.

കുട്ടികള്‍ക്കിടയില്‍ ഗെയിമിനോട് ആസക്തി വര്‍ധിക്കുന്നതിനാലും അത് പഠനങ്ങളെ വിപരീതമായി ബാധിക്കുന്നതിനാലും ഈ നിരോധനം അനിവാര്യമാണന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യായം. പ്രൈമറി സ്‌കൂളുകളില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് നിർദ്ദേശം നൽകി.

പബ്ജിയുടെ ഏത് പതിപ്പാണ് നിരോധിച്ചതെന്ന് വ്യക്തമല്ല. നിരോധനം പബ്ജിയുടെ മൊബൈല്‍ പതിപ്പിന് മാത്രമായിരിക്കാനാണ് സാധ്യത. ഗെയിമിന്റെ പിസി, കണ്‍സോള്‍ പതിപ്പുകള്‍ പ്രചാരത്തിലുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ കുട്ടികളുടെ പരീക്ഷാഫലം മോശമായതിന് മുഖ്യകാരണം പബ്ജി ഗെയിമാണെന്ന് കാണിച്ച് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ഥി സംഘടന ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുകയും ചെയ്യുകയുണ്ടായി. പബ്ജി മയക്കു മരുന്നുകള്‍ക്ക് തുല്യമാണെന്നായിരുന്നു അസോസിയേഷന്റെ ആരോപണം.

Spread the love
Read Also  ഗെയിമിംഗ് ആസക്തി മാനസികത്തകരാര്‍: ലോകാരോഗ്യസംഘടന

Leave a Reply