മുംബൈയിൽ നാലു മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ മുങ്ങിപ്പോകുന്ന നഗരമെന്ന അപഖ്യാതിക്ക് ഇനിയും ശമനമില്ല. മഹാരാഷ്ട്രയുടെ മഹാനഗരമായ മുംബെയ്ക്ക് പ്രളയത്തിൽ നിന്നു രക്ഷ നേടാനായി ദീർഘകാല പദ്ധതി ആസൂത്രണം ചെയ്യാൻ മാറി മാറി വന്ന ഭരണകൂടങ്ങൾക്ക് ഇത്രയും കാലമായിട്ടും  കഴിഞ്ഞിട്ടില്ല എന്നതുതന്നെ ഒരു വലിയ ദുരന്തമായി അവശേഷിക്കുന്നു. കടലോരം ചേർന്നുകിടക്കുന്ന മെട്രോ നഗരമായ മുംബൈ ഒരു സ്വാഭാവികനഗരമായതുകൊണ്ട് അവിടെ പ്രകൃതി ദുരന്തങ്ങൾക്ക് ഇനിയും സാധ്യതയുണ്ടെന്ന് പറയാമെന്നല്ലാതെ പ്രളയത്തിൻ്റെ ആഘാതം കുറക്കാൻ ഒരു സർക്കാരും ശ്രമിച്ചതായി വിവരമില്ല. കാലവർഷക്കെടുതി ഉണ്ടാകുമ്പോൾ ദുരന്തനിവാരണസേന രംഗത്തിറങ്ങുകയും സർക്കാർ എന്തെങ്കിലും ആശ്വാസപദ്ധതി പ്രഖ്യാപിക്കുകയുമല്ലാതെ പെട്ടെന്ന് ഉയർന്നുപൊങ്ങുന്ന ജലനിരപ്പിനെ ഒഴുക്കിക്കളയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ആരായുക പോലും ചെയ്യില്ലെന്നാണു മഹാരാഷ്ട്രയിൽ പരിസ്ഥിതി – സാമൂഹ്യസംഘടനകൾ കുറ്റപ്പെടുത്തുന്നത്.

മുംബൈയുടെ ഏറ്റവും വലിയ ശാപം കനാലുകളും ഡ്രെയിനേജ് സംവിധാനങ്ങളും കാര്യക്ഷമമല്ലാത്തതുതന്നെയാണു. ലോകത്തിലെ എണ്ണപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നായ മുംബൈയിലെ നഗരവാസികൾ മൺസൂൺ എത്തുമ്പോൾ ആധിയോടെയാണു മാനത്ത് കണ്ണും നട്ടിരിക്കുന്നത്. 2005 ലും 2017 ലും നിരവധി ജീവനുകളെടുത്ത് പ്രളയം തിമിർത്താടിയ ചരിത്രം നഗരവാസികൾക്കറിയാം. അതിനിടയിൽ അടിക്കടി ചെറിയ പ്രളയങ്ങൾ വന്നുപോയിട്ടുണ്ട്. മൺസൂൺ എത്തുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു നദി മുംബൈക്കാരുടെ പേടി സ്വപ്നമാണ്. മിതി. മൺസൂൺ കാലവർഷത്തിൽ കര കവിഞ്ഞൊഴുകുന്ന മിതി നദി യുടെ സമീപത്തെ മനുഷ്യർക്ക് മഴ എന്നും പേടിപ്പെടുത്തുന്ന സ്വപ്നമാണു. രൂക്ഷമായ ജലദൗർലഭ്യമുള്ള നഗരമാണെങ്കിലും മഴക്കാലമായാൽ മുംബൈ നിവാസികൾക്ക് സമാധാനത്തോടെ ദിനചര്യ തള്ളി നീക്കാൻ കഴിയാറില്ല.

ഒരുദിവസം കൊണ്ട് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഞായറാഴ്ച മുംബൈയില്‍ പെയ്തിറങ്ങിയത്. തീരപ്രദേശങ്ങളില്‍ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. അടിയന്തര സഹായത്തിനായി നാവിക സേന തീരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ മറാത്തവാഡ, വിദര്‍ഭ മേഖലകളിലും പേമാരി തുടരുകയാണ്

പല സർക്കാരുകളും മുംബൈ പ്രളയങ്ങൾ തടയാനായി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷെ അതൊക്കെ കടലാസുകളിൽ കുടുങ്ങിക്കിടക്കുകയാണു. ഖരമാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഒരു വലിയ വെല്ലുവിളിയായി മുംബൈ നഗരത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. നിലവിലുള്ള കനാലുകളെയോ സ്പിൽ വേ ഓവുചാലുകളെയോ അത് ശക്തമായി ബ്ളോക്ക് ചെയ്തിരിക്കുകയാണു. കഴിഞ്ഞ ദിവസമാണു മുംബൈയിലെ ഒരു കോർപറേറ്റ് സ്ഥാപനത്തോട് റെയിൽവെ ട്രാക്കിനു സമീപപ്രദേശങ്ങളിലെയും പൊതുനിരത്തുവക്കിലും തള്ളിയിരിക്കുന്ന ഖരമാലിന്യം മാറ്റാനായി ബ്രിഹാൻ മുംബൈ മുൻസിപാലിറ്റി അന്ത്യശാസനം നൽകിയത്. സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പക്ഷെ നടപടിയുണ്ടാവില്ലെന്ന് മാത്രം.

വർഷങ്ങൾക്കുമുമ്പുവരെ നഗരപ്രദേശങ്ങളിൽ അങ്ങിങ്ങായുണ്ടായിരുന്ന കണ്ടൽ വനങ്ങൾ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചതുപ്പുകൾ മിക്കവാറും ഫ്ളാറ്റ് ലോബികൾ കയ്യടക്കി വാഴുന്ന ചരിത്രമാണു മുംബൈക്കുള്ളത്. പല ഫ്ളാറ്റ് കുംഭകോണങ്ങളും നാം കണ്ടതാണു. അറബിക്കടലാൽ ചുറ്റപ്പെട്ടുകിടക്കുന്ന ദ്വീപുകളും തടാകങ്ങളും നിറഞ്ഞ മുംബൈ നഗരത്തെ സംരക്ഷിക്കാനായി മാധവ് ഗാഡ്ഗിൽ, വന്ദന ശിവ ഉൾപ്പെടെയുള്ള പ്രമുഖ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയെങ്കിലും അവരുടെ നിർദ്ദേശങ്ങളെല്ലാം പുച്ഛത്തോടെ നിരാകരിക്കുന്ന ഭരണകൂടങ്ങളാണു കാലാകാലങ്ങളായി മുംബൈ വാഴുന്നത്.

Read Also  കാലവർഷം 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ , ഈ വർഷം മഴ ദുർബലമായേക്കും ; 2019  കടുത്ത വരൾച്ചയുടെ വർഷം

മുംബൈ നഗരങ്ങളിൽ എവിടെ നോക്കിയാലും കാണുന്ന കാഴ്ചയാണു മാലിന്യക്കൂമ്പാരങ്ങളുടെ കൂറ്റൻ മലകൾ. നഗരങ്ങളിലങ്ങോളമിങ്ങോളം ഓടിനടക്കുന്ന മാലിന്യശേഖരണ വാഹനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്രയും പ്ളാസ്റ്റിക്ക് കൂമ്പാരങ്ങൾ ഈ നഗരത്തിൻ്റെ ശാപമായി തുടരുകയാണു. അതുകൊണ്ട് ക്രിയാത്മകമായ പരിഹാരമാർഗ്ഗങ്ങൾ ഉണ്ടായില്ലെങ്കിൽ മുംബൈ ഇനിയും തുടർ പ്രളയങ്ങൾക്ക് സാക്ഷ്യം വഹിക്കുക തന്നെ ചെയ്യും

 മഹാരാഷ്ട്രയില്‍ ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ മരണംഇതുവരെ 42 ആയി. മുംബൈയില്‍ മതിലിടിഞ്ഞ് 19 പേരും പുണെയില്‍ ആറുപേരും മരിച്ചു. വെള്ളം കെട്ടിനിന്നാണു മതിലിടിഞ്ഞിരിക്കുന്നത്. നിലവിൽ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. മുംബൈ മലാഡില്‍ ചേരിയിലേക്ക് മതിലിടിഞ്ഞു വീണതാണ് ദുരന്തത്തിനിടയാക്കിയത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. 40ലധികം പേര്‍ക്ക് പരുക്കേറ്റു.

പതിവുപോലെ റയില്‍, വ്യോമ ഗതാഗതം താറുമാറായി. അന്ധേരി, കുര്‍ള, ലോവര്‍ പരേല്‍ എന്നിവടങ്ങളില്‍ വെള്ളം പൊങ്ങി. കുര്‍ളയില്‍നിന്ന് ആയിരത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍ 52 വിമാനങ്ങള്‍ റദ്ദാക്കി, 54 എണ്ണം വഴി തിരിച്ചുവിട്ടു. മഴയെ തുടര്‍ന്ന് മുംബൈയില്‍ പ്രഖ്യാപിച്ച പൊതു അവധി രണ്ടുദിവസത്തേയ്ക്ക് കൂടി നീട്ടിയേക്കും. അത് മാത്രമാണു ഒരു പ്രളയശേഷിപ്പായി സർക്കാർ പതിവായി ചെയ്യാൻ തുനിയുന്നത്, അല്ലാതെ ദീർഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതി ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല

ഗ്രാമവികസനമെന്നപോലെതന്നെ നഗരവികസനമെന്നാൽ റോഡ് പരിഷ്കരണവും മേല്പാലങ്ങളും അണ്ടർപാസുകളും നിർമ്മിക്കലും പാലക്കൈവരിക്കടിയിലെ ഉത്ഘാടകശിലാഫലകങ്ങളുമായി ഇപ്പോഴും അവശേഷിക്കുന്ന ഈ കാലത്ത് ഒരു പേമാരി പെയ്തിറങ്ങിയാൽ അതെങ്ങോട്ട് ഒഴുക്കിവിടുമെന്ന ചിന്ത ഇനിയും മുംബൈ വികസനവിദഗ്ധന്മാർക്ക് ഉണ്ടായിട്ടില്ല. 

2034 വികസനപദ്ധതിയെന്ന പേരിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഡി പി (ഡെവലപ്മെൻ്റ് പ്ളാൻ 2034) ഇതുവരെ അതിൻ്റെ പ്രാരംഭപ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. മുംബൈ എന്ന മഹാനഗരത്തിൽ 120 മീറ്ററിലധികം ഉയരത്തിൽ ഫ്ളാറ്റുകളോ വ്യവസായകെട്ടിടസമുച്ചയങ്ങളോ പണിയാൻ പാടില്ല എന്ന സുപ്രീം കോടതി വിധിക്ക് പുല്ലുവില കല്പിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് എത്താൻ മത്സരിക്കുകയാണു ഫ്ളാറ്റ് ലോബികൾ. പൊതുസ്ഥലങ്ങളെല്ലാം കയ്യേറി നിർമ്മിക്കുന്ന ഫ്ളാറ്റുകൾ നഗരത്തെ വരിഞ്ഞുമുറുക്കുമ്പോൾ തങ്ങൾക്ക് ശ്വസിക്കാൻ തുറസായ ഇടം തരൂ എന്നാണു മുംബൈ നിവാസികൾ ഭരണകൂടത്തോട് വിലപിക്കുന്നത് 

മുംബൈ അധോലോകം എന്ന് സിനിമയിൽ മാത്രം കണ്ടിട്ടുള്ള നമുക്ക് ഈ മഹാനഗരത്തിലെ വികസനത്തെ നിയന്ത്രിക്കുന്നത് ആധുനികവൽക്കരിക്കപ്പെട്ട അധോലോകചക്രവർത്തിമാർ തന്നെയാണെന്ന് ഇന്നും കാണാൻ കഴിയും

..

LEAVE A REPLY

Please enter your comment!
Please enter your name here