Sunday, September 20

മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ

മലയാളത്തിലെ ആധുനികതയുടെ അപരാഹ്നത്തിൽ ഏതാനും ശ്രദ്ധേയമായ കഥകൾ എഴുതിയിട്ട് മൂകതയിലേക്കു പോയ എൻ.എസ്.മാധവൻ ‘ഹിഗ്വിറ്റ’ എന്ന കഥയിലൂടെ തിരിച്ചു വന്നപ്പോൾ ഇവിടെ ഉത്തരാധുനികതയായി. ‘ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്ക് മലയാള ചെറുകഥയെ നിറയൊഴിച്ച റെഡ് സോണായിരുന്നു ഹിഗ്വിറ്റ’ എന്ന് പി.കെ.രാജശേഖരൻ എൻ.എസ്.മാധവന്റെ കഥകൾ സമ്പൂർണ്ണത്തിന്റെ അവതാരികയിൽ എഴുതിയിട്ടുണ്ട്.

ഹിഗ്വിറ്റ പല പല രീതിയിൽ നിരൂപണത്തിന് വിധേയമായിട്ടുണ്ട്. പ്ലസ് ടു മലയാളം പാoപുസ്തകത്തിൽ ഈ കഥ പഠിക്കാൻ ഇട്ടതോടെ കേരളത്തിലെ സകല ഹയർസെക്കണ്ടറി മലയാളം അധ്യാപകരും ഹിഗ്വിറ്റയെ പലതരത്തിൽ വായിച്ചെടുത്തു. അങ്ങനെ ചെയ്യാനുതകും വിധമുള്ള കഥാ ഘടനയുള്ളതുകൊണ്ടാണ് ഹിഗ്വിറ്റ ഉത്തരാധുനികമായത്.

കോർട്ടിൽ നിന്ന് വെളിയിലേക്കു തെറിച്ചു പോയ പന്ത് റോഡിലൂടെ പോയ ചരക്കു ലോറിയിൽ വീണ് മറുനാട്ടിലേക്കു പോയതുപോലെ കഥയിൽ നിന്ന് കാതങ്ങളകന്ന വ്യാഖ്യാനങ്ങളുണ്ടായി. ലൂസിയെ പീഡിപ്പിക്കുന്ന ജബ്ബാറിന്റെ പേരിനെ ചൊല്ലി വിവാദത്തോളം എത്തുന്ന നിരൂപണങ്ങളുണ്ടായി. മാധവനെ സംഘി എന്നു വിളിച്ചോ? ഇല്ലെന്നു തോന്നുന്നു. എം.എൻ. വിജയന്റെ അനുയായികൾ എന്ന് അറിയപ്പെടുന്ന ഒരു സംഘത്തിലെ ഒന്നു രണ്ടു പേർ ഹിഗ്വിറ്റയെയും മാധവനെയും കണക്കറ്റ് വിമർശിക്കുകയുണ്ടായി.

എന്നാൽ ഇപ്പോൾ പൗരത്വ ഭേദഗതി ബിൽ പാസായതോടെ കേരളത്തിൽ രൂക്ഷമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭരണപക്ഷവും മുഖ്യ പ്രതിപക്ഷകക്ഷിയും ഒന്നിച്ച് ഗാന്ധിയൻ സമരമാർഗ്ഗമായ നിരാഹാരം അനുഷ്ഠിക്കാൻ തീരുമാനിച്ചിരിക്കുന്നു. ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളും വിവിധ മതസംഘടനകളും പല തരം പ്രതിഷേധങ്ങൾ നടത്തുന്നു.

സാമാന്യനായൊരു വൈരി വരും നേരം വാമൻമാർ തങ്ങളിൽ ന്യായമായും ചേർന്നിരിക്കുന്നു. മഹാഭാരത വ്യാഖ്യാതവും സുപ്രസിദ്ധ പ്രഭാഷകനും ഇടതു ചിന്തകനും കലാനിരൂപകനും ആയ സുനിൽ പി. ഇളയിടം ഫാസിസത്തിന്റെ തേർ ചക്രങ്ങളുടെ ഒച്ച തിരിച്ചറിഞ്ഞിട്ട് എല്ലാ ഫാസിസ്റ്റ് വിരുദ്ധരും ഝടിതി ഐക്യപ്പെട്ട് പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നു. മുന്നേ തന്നെ അവാർഡുകൾ തിരികെക്കൊടുത്ത് ആവനാഴി ശൂന്യമാക്കിയ മറ്റ് സാംസ്കാരിക നായകരും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഉണർന്നു വരുന്നു.
സോഷ്യൽ മീഡിയകളിലും കത്തുന്ന പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ഇത്തരുണത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോർവേഡ് ചെയ്യപ്പെട്ട ഒന്ന് എൻ. എസ്. മാധവന്റെ ‘മുംബയ്’ എന്ന കഥയിലെ ചില വരികളാണ്. തിരുത്ത് എന്ന കഥാസമാഹരത്തിലാണ് മുംബയ് എന്ന കഥ ഉൾപ്പെട്ടിരിക്കുന്നത്. ഉത്തരാധുനിക ചെറുകഥകളുടെ ഒരു സവിശേഷത അവയിൽ പലതും രാഷ്ട്രീയകഥകളാണെന്നതാണ്. സാഹിത്യത്തിലെ രാഷ്ട്രീയത്തെക്കുറിച്ച്, സൂക്ഷ്മ രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട് പഠനങ്ങൾ ഉത്തരാധുനിക കാലത്ത് നടന്നിട്ടുണ്ട്. പലതും സൈദ്ധാന്തികമായ ആഴമുള്ള പഠനങ്ങളാണ്. ഗഹനമായ വായനയും വിചാരവും ആവശ്യപ്പെടുന്നവ.

മാധവന്റെ പല കഥകളും നേരെ രാഷ്ട്രീയം പറയുന്നു. ദേശീയ രാഷ്ട്രീയം പറയുന്നു. മുംബയ് ആ ഗണത്തിൽ പെട്ട കഥയാണ്.അസീസ് എന്ന മലയാളി യുവാവ് ഐ.ഐ.ടി പoനത്തിനു ശേഷം മുംബയിൽ ജോലിചെയ്യുകയാണ്. സെയിൽസ് എഞ്ചിനീയറായി. പാസ്പോർട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് അസീസിന് ഒരു റേഷൻ കാർഡ് വേണം. റേഷൻ കാർഡിന് അപേക്ഷിക്കുന്ന അസീസ് ഇന്ത്യൻ പൗരനല്ലാതായി മാറുന്നതെങ്ങനെയെന്ന ക്രൂര രാഷ്ട്രീയമാണ് ഈ കഥ പറയുന്നത്. ഭയപ്പെടുത്തുന്ന കഥ. ആ കഥയിൽ പറയുന്നത് സംഭവിക്കുന്നുവല്ലോ എന്ന വിറയലിലാണ് എൻ.എസ്.മാധവൻ എന്ന പ്രതിഭാശാലിയായ കഥാകൃത്ത് വർഷങ്ങൾക്കു മുമ്പെഴുതിയ കഥയിലെ ഭാഗങ്ങൾ ആയിരങ്ങൾ ഇപ്പോൾ ഷെയർ ചെയ്യുന്നത്.

Read Also  'കേൾക്കാം പുളിമരക്കൊമ്പിൽ നിന്നും കാക്ക കരഞ്ഞിടും താര നാദം' ;  സജയ് കെ.വി.യുടെ നിരൂപണ രീതിയെക്കുറിച്ച്

മലയാളത്തിൽ എല്ലാക്കാലത്തും രാഷ്ട്രീയ കഥകൾ എഴുതപ്പെട്ടിട്ടുണ്ട്. യു.പി.ജയരാജും എം.സുകുമാരനും ഉൾപ്പടെയുള്ളവർ വിവിധ സങ്കേതങ്ങളിലൂടെ രാഷ്ട്രീയകഥകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ എൻ.എസ്. മാധവന്റെ കഥകൾ അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു. ഭരണമാറ്റം ഉണ്ടായി, കാറിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കർ, പ്രമീളാഗോഖലെയുടെ ജ്ഞാനേശ്വരി വായന തുടങ്ങി കഥയിൽ നിരന്തരം വരുന്ന സൂചനകളിലൂടെ വർഗ്ഗീയ അധികാരത്തിന്റെ ഭീകരത അടയാളപ്പെടുത്തിയിരിക്കുന്നു. ആപ്പീസിന്റെ പുറത്തെ ആൾക്കൂട്ടം അസീസിൽ സൃഷ്ടിക്കുന്ന ഭീതി വളർന്ന് ഇന്ത്യയാകെ വ്യാപിക്കുകയാണോ?

‘വീട്ടിൽ തിരിച്ചെത്തുമ്പോൾ കെട്ടിടത്തിനു മുമ്പിൽ രണ്ടു പോലീസുകാർ കാവൽ നിൽക്കുന്നത് അസീസ് കണ്ടു. അയാൾ മുറിയിൽ കയറി വാതിലടച്ചു. കർട്ടൻ വലിച്ച് ജനൽ തുറക്കുവാൻ തുടങ്ങിയപ്പോൾ അതിനപ്പുറം ,വിടർത്തിയ മയിൽപ്പീലികൾ പോലെ സ്നേഹമില്ലാത്ത കണ്ണുകൾ നിറഞ്ഞ, മനുഷ്യമുഖങ്ങൾ അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കും എന്ന് അയാൾക്കു തോന്നി. പേടി സഹിക്കാതെ അസീസ് കട്ടിലിന്റെ അടിയിൽ നുഴഞ്ഞു കയറി, നിലത്തു മുഖം അമർത്തി, ചാപിള്ളയെപ്പോലെ അനങ്ങാതെ കിടന്നു. ‘
അതിരുവിട്ട ഒരു വ്യാഖ്യാനം ചമച്ച് അവസാനിപ്പിക്കട്ടെ. പുഞ്ചിരി പൊഴിയ്ക്കുന്ന ഗാന്ധിജിയുടെ സ്നേഹക്കണ്ണുകൾ നിറഞ്ഞ, കാലുഷ്യമില്ലാത്ത ഒരു ഇന്ത്യയെ എന്നെങ്കിലും സൃഷ്ടിക്കാനാകുമോ?

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

1 Comment

Leave a Reply