Saturday, January 29

അശ്ലീലമെന്നാരോപിച്ചു മുറകാമിയുടെ നോവലിന് ഹോങ്കോങ്ങിൽ വിലക്ക്

വിഖ്യാത ജാപ്പനീസ് സാഹിത്യകാരനായ ഹാരുകി മുറകാമിയുടെ ഏറ്റവും പുതിയ നോവലിന് ഹോങ്കോങ് പുസ്തകമേളയിൽ വിലക്ക് ഏർപ്പെടുത്തി. മുറകാമിയുടെ കില്ലിംഗ് കമന്തത്തോറെ എന്ന നോവലിന്റെ ചൈനീസ് പരിഭാഷയാണ് അസഭ്യമെന്നാരോപിച്ചു പുസ്തകോത്സവത്തിൽ നിന്ന് പിൻവലിച്ചത്. കൃതിയുടെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്ന ഹോങ്കോങ്ങിലെ സെൻസർ കമ്മിറ്റിയായ ഒബ്‌സീൻ ആർട്ടിക്കിൾസ് ട്രിബൂണൽ ആണ് അശ്ലീലനോവലെന്ന് മുദ്രകുത്തി നോവൽ അന്താരാഷ്ട്രപുസ്തകോത്സവത്തിൽനിന്ന് പിൻവലിച്ചത്. `കിഷിന്താൻചോ ഗോരോഷി` എന്ന ടൈറ്റിലിൽ ജാപ്പനീസ് ഭാഷയിൽ പുറത്തിറക്കിയ മുറകാമി കൃതിയ്ക്ക് നാട്ടിൽ വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരുന്നത്

പ്രണയവും യുദ്ധവും ഏകാന്തതയും കലയിലൂടെയുള്ള യാത്രയും സമന്വയിക്കുന്ന ഈ കൃതിയ്ക്ക് നിരൂപകർ വലിയ പ്രാധാന്യമാണ് കല്പിച്ചിരുന്നത്. ട്രൈബൂണലിന്റെ നടപടിയിൽ വ്യാപകപ്രതിഷേധമുയരുകയാണ്. നോവൽ പിൻവലിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുറകാമിയുടെ വായനക്കാരായ സഹൃദയരുടെ ഭീമഹർജികൾ സെൻസർ കമ്മിറ്റിക്ക് സമർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചൈന പബ്ലിഷിങ് എന്ന തായ്‌വാനീസ് പ്രസാധകരാണ് `കില്ലിംഗ് കമ്മന്തത്തോറെ`യുടെ ചൈനീസ് എഡിഷൻ പ്രസിദ്ധീകരിച്ചത്

ഹോങ്കോങ്ങിലെ സെൻസർ അധികൃതർ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോടും ലൈംഗികതയോടും പ്രാചീനമായ മനോഭാവമാണ് പുലർത്തുന്നതെന്നു പ്രസാധകർ കുറ്റപ്പെടുത്തുന്നു. ട്രിബൂണൽ നടപടി ഏകാധിപത്യപരമാണ്. ജെയിംസ് ജോയ്സിന്റെയും ഹെൻറി മില്ലറിന്റെയും കൃതികളിൽ കാണപ്പെടുന്ന അത്രയും ലൈംഗികാതിപ്രസരം ഈ കൃതിയിലില്ലെന്നു പ്രസാധകർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്ഷം ഈ  നോവൽ ജപ്പാനിൽ പ്രസിദ്ധീകരിച്ചപ്പോൾ ആദ്യദിവസംതന്നെ പുസ്തകശാലകൾക്കുമുന്നിൽ തിക്കും തിരക്കുമായിരുന്നു. പലയിടത്തും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു.

Spread the love
Read Also  സംസ്‌കാരം തകര്‍ക്കുന്നു; ഇ​ന്ത്യ​ന്‍ ടി​വി ചാനലുകള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ല്‍ നി​രോ​ധി​ച്ചു