Wednesday, January 19

വംശീയ സന്താനോല്‍പാദന വര്‍ദ്ധനയിലേക്ക് നീളുന്ന ബിജെപി ചിന്തകള്‍

സുനില്‍

ചില കാര്യങ്ങളില്‍ ബി.ജെ.പി. എം.പിമാര്‍ വിദഗ്ധരായിക്കൊണ്ടിരിക്കുന്നു. ജാതിമതങ്ങള്‍ തിരിച്ചുള്ള കണക്കുകളും ജനസംഖ്യയിലെ അനുപാതവ്യത്യാസവും കൃത്യമായി അവര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങളെ ജനാധിപത്യരീതിയില്‍ സാമൂഹികവികസനത്തിന് പര്യാപ്തമാക്കാനല്ല ഈ കണക്കുകള്‍ അവര്‍ ഉപയോഗിക്കുന്നത്. എന്നു മാത്രമല്ല അവരില്‍ ചിലരുടെ നാവില്‍ നിന്നും വീഴുന്നത് ദേശദ്രാഹവിചാരങ്ങളാണെന്നതാണ് പ്രത്യേകത.

ഹരി ഓം പാണ്ഡെ

അത്തരം ചിന്തയില്ലാത്ത വാക്കുകളെ തുപ്പുന്നതില്‍ പ്രധാനിയാണ് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള ബി.ജെ.പി. എം.പി. ഹരി ഓം പാണ്ഡെ. ആള്‍ക്കൂട്ടക്കൊല, ഭീകരവാദം, ബലാത്സംഗം, ലൈംഗികപീഢനം മുതലായ അക്രമങ്ങള്‍ രാജ്യത്ത് കൂടുന്നതിന് കാരണം മുസ്ലീം ജനസംഖ്യാവര്‍ധനവാണെന്നാണ് വിദ്വാന്‍റെ സമകാല വിവരദോഷം. സൂക്ഷ്മമായി പരിശോധിച്ചാല്‍ സ്വാതന്ത്ര്യാനന്തരം മുസ്ലീം ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി എന്നതാണ് എം.പി.യുടെ ഗവേഷണഫലം.

അവിടെയും നില്കുന്നില്ല, മുസ്ലീം ജംനസംഖ്യാവര്‍ദ്ധനവ് നിയന്ത്രിക്കണമെന്ന് മൂപ്പരുടെ വക സര്‍ക്കാരിനുള്ള കുടുംബാസൂത്രണ പരിഹാര നിര്‍ദ്ദേശവുമുണ്ട്. അതിനായി പാര്‍ലമെന്‍റില്‍ ബില്ല് കൊണ്ടു വരണമെന്നാണ് മൂപ്പരുടെ കുടുംബാസൂത്രണവാദം. അങ്ങനെ ചെയ്തില്ലെങ്കില്‍ രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തികവളര്‍ച്ചയുടെ മുരടിപ്പിലേക്കും പോകുമെന്നാണ് എം.പി.യുടെ വാദം.

സുരേന്ദ്ര നാരായണ്‍ സിംഗ്

ഉത്തര്‍പ്രദേശിലെതന്നെ റൊഹാനിയ മണ്ഡലത്തിലെ ബി.ജെ.പി. എം.എല്‍.എ. സുരേന്ദ്ര നാരായണ്‍ സിംഗിന്‍റെ വ്യാഴാഴ്ചയിലെ ആഹ്വാനം ഇതിനകം തന്നെ തമാശയായിക്കഴിഞ്ഞിട്ടുണ്ട്. ഹിന്ദു സമുദായോദ്ധാരണത്തിന് വേണ്ടി ഓരോ ഹിന്ദുവും മിനിമം അഞ്ച് കുട്ടികളെയെങ്കിലും ഉണ്ടാക്കണമെന്നായിരുന്നു എം.എല്‍.എ.യുടെ അഭിപ്രായം.

എം.എല്‍.എ.യും എം.പി.യുമൊക്കെ സമാനകാലങ്ങളില്‍ ഇത്തരം ചിന്തകള്‍ കൊണ്ടു വരുന്നതില്‍ ചില കൂട്ടായ നീക്കങ്ങള്‍ കാണേണ്ടിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്ന ഹിന്ദു പുരുഷന് ധൃതരാഷ്ട്രപുരസ്കാരവും ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്ന ഹിന്ദു സ്ത്രീക്ക് ഗാന്ധാരിസമ്മാനും പ്രഖ്യാപിക്കുന്ന കാലം വിദൂരമാവില്ല

Spread the love